സ്വന്തം ലേഖകന്‍: ഗള്‍ഫിലുള്ള ഭര്‍ത്താവ് വാട്‌സ് ആപ്പിലൂടെ തലാഖ് ചൊല്ലിയെന്ന പരാതിയുമായി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വനിതാ കമീഷനെ സമീപിച്ചു. ദുബായില്‍ ജോലി ചെയ്യുന്ന വൈക്കം സ്വദേശിയായ യുവാവാണ് വാട്‌സ് ആപ്പിലൂടെ മൂന്ന് തവണ തലാഖ് ചൊല്ലിയത്. ചേര്‍ത്തല സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് പരാതിക്കാരി.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ അടുത്ത സിറ്റിംഗില്‍ ഹാജരാകാന്‍ വരന്റ മാതാപിതാക്കള്‍ക്ക് കമീഷന്‍ നിര്‍ദേശം നല്‍കി.
നാലുമാസം മുമ്പാണ് ഇവര്‍ വിവാഹിതരായത്. വിവാഹം കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളില്‍ ദുബൈയിലേയ്ക്ക് പോയ വരന്‍ പിന്നീട് യുവതിയുടെ വാട്‌സ് ആപ്പിലൂടെ തലാഖ് ചൊല്ലുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു.
യുവതിയെ ഇഷ്ടമല്ലെന്ന് വ്യക്തമാക്കി തലാഖ് ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ എഴുതിയ ശേഷം മൊഴി ചൊല്ലിയതായി അറിയിക്കുകയായിരുന്നു. വിവാഹ സമയത്ത് നല്‍കിയ 10 ലക്ഷം രൂപയും 80 പവന്‍ സ്വര്‍ണ്ണാഭരണവും വരന്‍ കൊണ്ടുപോയെന്ന് പരാതിയില്‍ പറയുന്നു.
ഈ രീതിയില്‍ മൊഴി ചൊല്ലുന്നത് ശരീ അത്ത് നിയമത്തിന് എതിരാണെന്ന് വനിതാ കമ്മീഷന്‍ അംഗം പ്രമീളാ ദേവി പറഞ്ഞു. അടുത്ത സിറ്റിംഗില്‍ വരന്റെ വീട്ടുകാരെ എത്തിക്കാന്‍ ചേര്‍ത്തല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും വരനെ ബന്ധപ്പെടാന്‍ നോര്‍ക്കയ്ക്കും കമീഷന്‍ നിര്‍ദേശം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല