1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2015

സ്വന്തം ലേഖകന്‍: ഡിഎന്‍എയുടെ റിപ്പയര്‍ രഹസ്യം കണ്ടുപിടിച്ച ശാസ്ത്രജ്ഞര്‍ക്ക് രസതന്ത്ര നോബേല്‍, കണ്ടുപിടുത്തം അര്‍ബുദ ചികിത്സയില്‍ സഹായകരമാകും. ഡിഎന്‍എയുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ കോശങ്ങള്‍ക്കുള്ള കഴിവിനെക്കുറിച്ച് ഗവേഷണം നടത്തിയ ടോമാസ് ലിന്‍ഡാല്‍ (സ്വീഡന്‍), പോള്‍ മോദ്രിച്ച് (യുഎസ്), അസീസ് സന്‍സാര്‍ (തുര്‍ക്കി വംശജന്‍, യുഎസ്) എന്നിവരാണു സമ്മാനം പങ്കിട്ടത്.

രോഗങ്ങള്‍ക്കും വാര്‍ധക്യത്തിനും കാരണമാകുന്ന ഡിഎന്‍എ വ്യതിയാനങ്ങള്‍ ശരീരം സ്വയം പരിഹരിക്കുന്നതിന്റെ രഹസ്യം കണ്ടെത്തിയ മൂന്നുപേരും ചികില്‍സാരംഗത്ത് വിസ്മയകരമായ മുന്നേറ്റമാണു നടത്തിയതെന്നു നൊബേല്‍ സമ്മാന സമിതി നിരീക്ഷിച്ചു. സമ്മാനത്തുക എണ്‍പതു ലക്ഷം സ്വീഡിഷ് ക്രോണര്‍ (ഏകദേശം 6.27 കോടി രൂപ) മൂന്നുപേരും പങ്കിട്ടെടുക്കും.

അര്‍ബുദംമൂലമുണ്ടാകുന്ന അനിയന്ത്രിത കോശവിഭജനങ്ങള്‍ തടയാന്‍ സഹായിക്കുന്ന പുതിയ മരുന്നു വികസിപ്പിക്കാന്‍ ഗവേഷകര്‍ക്കു കഴിഞ്ഞു.
പാരമ്പര്യ ഗുണങ്ങളുടെ സന്ദേശവാഹകരാണ് ശരീരകോശത്തിലുള്ള ഡി ഓക്‌സി റൈബോ ന്യൂക്ലിക് ആസിഡ് എന്ന ഡിഎന്‍എ. അര്‍ബുദത്തിനും പാരമ്പര്യരോഗങ്ങള്‍ക്കും വാര്‍ധക്യത്തിനും കാരണമാകുന്ന കോശമാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ തന്മാത്രാഘടകങ്ങളായ ‘മോളിക്യുലാര്‍ റിപ്പയര്‍ കിറ്റ്’ എന്നു വിളിക്കാവുന്ന ഒരുതരം പ്രോട്ടീനുകളാണ് ഡിഎന്‍എ തകരാറുകള്‍ പരിഹരിക്കുക.

ഈ ജീവകോശ പ്രക്രിയ എപ്രകാരമാണെന്നാണു മൂന്നുപേരും ചേര്‍ന്നു കണ്ടെത്തിയത്. ഈ അറ്റകുറ്റപ്പണിയിലെ വീഴ്ചകള്‍ മൗലിക കോശങ്ങള്‍ നശിക്കാനോ പ്രവര്‍ത്തനദോഷം വരുത്താനോ ഇടയാക്കും. ഇതാണ് അര്‍ബുദം അടക്കമുള്ള പല രോഗങ്ങള്‍ക്കും കാരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.