സ്വന്തം ലേഖകന്‍: അഫ്ഗാനിസ്താനിലെ ഖുണ്ടൂസ് ആശുപത്രി ആക്രമണത്തില്‍ സാധാരണക്കാര്‍ മരിച്ച സംഭവം, ഒബാമ മാപ്പു പറഞ്ഞു. താലിബാന്‍ തീവ്രവാദികളെ ലക്ഷ്യമിട്ട് നടത്തിയ ആശുപത്രി ആക്രമണത്തില്‍ 19 ആശുപത്രി ജീവനക്കാരും നിരവധി രോഗികളും മരിച്ചിരുന്നു. സന്നദ്ധ സംഘടനയായ മെഡിസിന്‍ സാന്‍ ഫ്രോണ്ടിയേഴ്‌സിന്റെ (എം.എസ്.എഫ്.) മേധാവി ജോവാന്‍ ലിയുവിനെ വൈറ്റ്ഹൗസിലേക്ക് വിളിച്ച് വരുത്തിയാണ് ഒബാമ ഖേദം പ്രകടിപ്പിച്ചത്.
യു.എസ്. സൈന്യം നടത്തിയ ബോംബാക്രമണത്തെക്കുറിച്ച് അന്താരാഷ്ട അന്വേഷണം വേണമെന്ന് എം.എസ്.എഫ് ആവശ്യപ്പെട്ടിരുന്നു. ആസ്പത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ അബദ്ധമെന്ന് അഫ്ഗാനിസ്താനിലെ യു.എസ്. കമാന്‍ഡര്‍ ജനറല്‍ ജോണ്‍ കാംപ്‌ബെലും വിശേഷിപ്പിച്ചിരുന്നു. സംഭവത്തെ ഐക്യരാഷ്ട്രസഭയും അപലപിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് താലിബാന്‍ ഖുണ്ടൂസ് നഗരം കീഴടക്കിയത്. നഗരം മോചിപ്പിക്കാനുള്ള സൈനിക നടപടിയില്‍ നൂറിലധികം താലിബാന്‍കാരെ വധിച്ചതായും നഗരത്തിന്റെ നിയന്ത്രണം തിരികെപ്പിടിച്ചതായും അഫ്ഗാന്‍ സൈനികവക്താവ് പറഞ്ഞു. താലിബാന്‍ ആശുപത്രി ആക്രമിച്ച് കീഴടക്കി മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ശനിയാഴ്ച സൈന്യം ആശുപത്രിയില്‍ ബോംബിട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല