സ്വന്തം ലേഖകന്‍: സൗദിയില്‍ വീട്ടുടമ ഇന്ത്യന്‍ വീട്ടുജോലിക്കാരിയുടെ കൈ വെട്ടി, ശിക്ഷ ഉടമയുടെ പീഡനത്തിനെതിരെ പരാതി നല്‍കിയതിന്. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലാണ് സംഭവം. തമിഴ്നാട്ടിലെ വെല്ലൂര്‍ സ്വദേശിയായ കസ്തൂരിയാണ് വീട്ടുടമസ്ഥന്റെ അതിക്രമത്തിന് ഇരയായത്.
വീട്ടുടമസ്ഥന്റെ പീഡനത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ക്രൂരത. കസ്തൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരന്തരമായ പീഡനത്തെ തുടര്‍ന്നാണ് വീട്ടുടമസ്ഥനെതിരെ പരാതിയുമായി കസ്തൂരി പൊലീസിനെ സമീപിച്ചത്. ഇതിന്റെ പ്രതികാരമായാണ് കൈകള്‍ വെട്ടിയരിഞ്ഞതെന്നാണ് സൂചന.
വീട്ടുടമസ്ഥന്റെ പീഡനം അസഹ്യമായതിനെ തുടര്‍ന്ന് കസ്തൂരി നേരത്തെ ആത്മഹത്യാശ്രമം നടത്തിയതായും സൂചനയുണ്ട്. കസ്തൂരിയുടെ കുടുംബം സഹായത്തിനായി സൗദിയിലെ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെട്ട് വരുകയാണ്. ഗദ്ദാമയെന്ന പേരില്‍ അറിയപ്പെടുന്ന സൗദിയിലെ വീട്ടു ജോലിക്കാരില്‍ നല്ലൊരു പങ്കും ഇന്ത്യക്കാരും മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. ഇവര്‍ക്ക് നേരെ വീട്ടുടമസ്ഥര്‍ നടത്തുന്ന പീഡനം പതിവാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല