സ്വന്തം ലേഖകന്‍: മിനായില്‍ ഹജ് കര്‍മ്മത്തിനിടെ കഴിഞ്ഞ മാസമുണ്ടായ അപകടത്തില്‍ 1,453 പേര് കൊല്ലപ്പെട്ടതായി സ്ഥിരീകരണം, 101 പേര് ഇന്ത്യക്കാര്‍. മിനായിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണമാണ് 1,453 ആയതായി ഏറ്റവുമൊടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഹജ് കര്‍മത്തിനിടെയുണ്ടായ ഏറ്റവും വലിയ അപകടമാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 1990 ലുണ്ടായ അപകടത്തില്‍ 1,426 ആളുകള്‍ മരിച്ചതായിരുന്നു ഇതിനു മുന്‍പത്തെ ഏറ്റവും വലിയ അപകടം.
സെപ്റ്റംബര്‍ 24 നടന്ന അപകടത്തില്‍ മരിച്ചവരുടെ എണ്ണം അതതു രാജ്യങ്ങള്‍ അറിയിച്ച കണക്കു പ്രകാരം തയാറാക്കിയ റിപ്പോര്‍ട്ടിലാണ് പുതിയ മരണസംഖ്യ. ഇതില്‍ 101 പേര് ഇന്ത്യക്കാരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാന് 465, ഈജിപ്ത് 148, ഇന്തോനീഷ്യ 120, ഇന്ത്യ 101, നൈജീരിയ 99, പാക്കിസ്ഥാന് 93, മാലി 70, ബംഗ്ലാദേശ് 63, സെഗള്‍ 54, ബെനിന്‍ 51, കാമറൂണ്‍ 42, എത്യോപ്യാ 31, സുഡാന് 30, മോണോകോ 27, അല്‍ജീരിയ 25, ഘാന 12, ചാഡ് 11, കെനിയ 8, തുര്‍ക്കി 3. എന്നിങ്ങനെയാണ് മരിച്ച തീര്‍ഥാടകരുടെ എണ്ണം. സ്വകാര്യ ഏജന്‍സികള്‍ വഴി ഹജിനെത്തിയ നൂറുകണക്കിന് ആളുകളെ കുറിച്ച് ഇപ്പോഴും വിവരം ലഭിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല