സ്വന്തം ലേഖകന്‍: ശിവസേനയെ പേടിക്കണ്ട, പാക് ഗായകന് ഗുലാം അലിക്ക് ഡല്‍ഹിയില്‍ പാടാന്‍ അരവിന്ദ് കേജ്രിവാളിന്റെ ക്ഷണം. നേരത്തെ ശിവസേനയുടെ എതിര്‍പ്പുമൂലം ഗുലാം അലിയുടെ മുംബൈയിലെ കച്ചേരി റദ്ദാക്കിയിരുന്നു.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ക്ഷണം ഗുലാം അലി സ്വീകരിച്ചു. ഡിസംബറില്‍ ഗുലാം അലി ഡല്‍ഹിയില്‍ കച്ചേരി നടത്തുമെന്നാണ് സൂചന.
വെള്ളിയാഴ്ച രാവിലെ കെജ്രിവാള് ഫോണില്‍ ഗുലാം അലിയുമായി സംസാരിച്ചു. ”സ്നേഹത്തോടെ ആളുകള്‍ എവിടേക്കു ക്ഷണിച്ചാലും എത്തും” എന്ന് അലി പറഞ്ഞെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
കെജ്രിവാളിന്റെ ക്ഷണം സ്വീകരിച്ചെന്നും ഡിസംബറില്‍ ഡല്‍ഹിയിലെത്തുമെന്നും അലി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ.യോടു പറഞ്ഞു. പാക്കിസ്ഥാനുമായി ഇന്ത്യയ്ക്ക് സാംസ്കാരിക സഹകരണമില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ശിവസേനയുടെ നടപടി. ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് ഗുലാം അലിയുടെ മുംബൈയിലെ സംഗീത പരിപാടി റദ്ദാക്കി.
ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെയും പരിപാടിയുടെ സംഘാടകരും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സംഗീത പരിപാടി റദ്ദാക്കാന്‍ തീരുമാനിച്ചത്. നേരത്തെ പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന് സംഘാടകര്‍ക്കും ശിവസേന മുന്നറിയിപ്പ് നല്‍കിയിരുന്നു. മുംബൈയിലെ പ്രസിദ്ധമായ ഷണ്മുഖാനന്ദ ഓഡിറ്റോറിയത്തിലാണ് ഗുലാം അലിയുടെ ഗസല്‍ നടത്താന്‍ നിശ്ചയിച്ചിരുന്നത്. നിരവധി ഇന്ത്യന്‍ സിനിമകളില്‍ പാടിയിട്ടുള്ള ഗുലാം അലിക്ക് ഇന്ത്യയില്‍ ധാരാളം ആരാധകരുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല