ടോ ജോസ് തടിയമ്പാട്: മകളുടെ കണ്ണീരില്‍ മുക്കിയെഴുതിയ കവിത ചൊല്ലിക്കൊണ്ട് ലിവര്‍പൂള്‍ അനില്‍ പോത്തന് വിടനല്‍കി, സാക്ഷ്യം വഹിക്കാന്‍ യുകെയുടെ നാനാഭാഗങ്ങളില്‍ നിന്നും വന്‍ ജനാവലി. ലണ്ടനില്‍നിന്നുമെത്തിയ അനിലിന്റെ സഹപാഠിയായിരുന്ന ഫ്രാഞ്ചി സങ്കടം സഹിക്കാനാകാതെ പൊട്ടിക്കരയുന്നതിനും വിടവാങ്ങല്‍ ചടങ്ങ് സാക്ഷ്യം വഹിച്ചു.
ലിവര്‍പൂളില്‍ അന്തരിച്ച തിരുവല്ല സ്വദേശി അനില്‍ പോത്തന് അന്തിമോപചാരം അര്‍പ്പിക്കാന്‍ UK യുടെ വിവിധ ഭാഗങ്ങളില്‍നിന്നും വലിയ ജനാവലി ശനിയാഴ്ച ലിവര്‍പൂള്‍ ഓള്‍ സെയ്ന്റ് സ്‌റോണി ക്രോഫ്റ്റ് പാരിഷ് ചര്‍ച്ചില്‍ തടിച്ചു കൂടി. കൂടെ പഠിച്ച ലണ്ടനില്‍ താമസിക്കുന്ന ഫ്രാഞ്ചിക്ക് തന്റെ സ്‌കൂളിലെ കളികൂട്ടുകാരന്റെ ദേഹവിയോഗം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അദ്ദേഹത്തിന്റെ കരച്ചില്‍ കണ്ടു നിന്നവരുടെ കണ്ണുകളെ ഈറന്‍ അണിയിച്ചു.
ശനിയാഴ്ച രണ്ടു മണിക്ക് ഫ്യുണറല്‍ ഡയറക്റ്റ്ന്റെ വാഹനം മൃതശരീരം വഹിച്ചു കൊണ്ട് പള്ളി അങ്കണത്തില്‍ വന്നുനിന്നു. അവിടെ നിന്നും ലിവര്‍പൂള്‍ ഓര്‍ത്തോഡക്‌സ് സഭ വികാരി ഫാദര്‍ ജോണ്‍ വര്ഗീസിന്റെ നേതൃത്വത്തില്‍ വിലാപയാത്രയായി മൃതദേഹം പള്ളിയില്‍ പ്രവേശിച്ചു. അന്ത്യഉപചാര കര്‍മ്മങ്ങള്‍ ആരംഭിച്ചു.
ഓര്‍ത്തോഡക്‌സ് സഭ അംഗങ്ങള്‍ക്ക് വേണ്ടി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ബിജു സ്‌കറിയ എല്ലാവരെയും സ്വാഗതം ചെയ്തു. പിന്നിട് നടന്ന പള്ളിയിലെ ശുശ്രുഷകള്‍ക്ക് ഫാദര്‍ ജോണ്‍ വര്‍ഗിസ് മുഖൃകാര്‍മികത്വം വഹിച്ചു.
ആദരാഞ്ജലികള്‍ അര്‍പ്പിച്ചു സംസാരിച്ച ലിവര്‍പൂള്‍ കാത്തോലിക് സമൂഹത്തിന്റെ വികാരി ഫാദര്‍ ജിനോ അരികാട്ട്, മരണം എന്നത് സ്വര്‍ഗകവാടം തുറക്കുന്നതിനു വേണ്ടി ഉള്ള ഒരു താക്കോല്‍ മാത്രമാണ് അതുകൊണ്ട് ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ മരണത്തില്‍ ദുഖിക്കരുത് എന്നു ഉല്‍ബോധിപ്പിച്ചു.
പിന്നിട് സംസാരിച്ച സെയിന്റ് മേരിസ് യകോബായ സിറിയന്‍ സഭയുടെ വികാരി ഫാദര്‍ പീറ്റര്‍ കുര്യാക്കോസ് അദേഹത്തിന്റെ പ്രസംഗത്തില്‍ കൂടി അനിലിന്റെ കുടുംബത്തെ സ്വന്തനപ്പെടുത്താന്‍ ശ്രമിച്ചു. തുടര്‍ന്ന് സംസാരിച്ച മാര്‍ത്തോമ പള്ളി വികാരി ഫാദര്‍ അലക്‌സ്ണ്ടാര്‍ തരകന്‍, മരണം എന്നത് ഉറക്കത്തിനു തുല്യമാണ്, ഉണരുന്നത് ദൈവ സന്നിധിയില്‍ ആയിരിക്കും എന്നു പറഞ്ഞു. അതിനു ഉദാഹരണം ആയി അദ്ദേഹം പറഞ്ഞതു ഒരു ഇറങ്ങി കിടക്കുന്ന കുട്ടിയെ അതിന്റെ പിതാവ് എടുത്തു മറ്റൊരിടത്ത് കിടത്തിയാല്‍ അത് എഴുന്നേല്‍ക്കുമ്പോള്‍ കിടന്ന സ്ഥലത്തെ പറ്റി യാതൊരു വിവരവും കുട്ടിക്കു കാണില്ല എന്നാണ്. അതു പോലെ ഒരു ഉറക്കം മാത്രം ആണ് മരണം. പിതാവ് എടുത്തുകൊണ്ടു പോയി സുരക്ഷിത സ്ഥലത്ത് എത്തിക്കുകയാണു ചെയ്തിരിക്കുന്നത് എന്നു അദ്ദേഹം പറഞ്ഞു.
ലിവര്‍പൂളിലെ മലയാളി അസോസിയേഷനുകള്‍ ആയ LIMA, LIMCA, ACAL എന്നിവക്ക് വേണ്ടി അവരുടെ പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ റീത്ത് സമര്‍പ്പിച്ചു. UUKMA, ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്നിവയും റീത്ത് സമര്‍പ്പിച്ചു
വളരെ സങ്കടം നിറഞ്ഞ ഘട്ടത്തില്‍ കൂടി അനിലിന്റെ കുടുംബം കടന്നു പോയപ്പോള്‍ സമാശ്വസിപ്പിച്ച സഭാധികാരികള്‍ക്കും ഫസര്‍ക്കലിയില്‍ ഉള്ള കുടുംബങ്ങള്‍ക്കും, അതോടൊപ്പം മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനു വേണ്ടി എല്ലാ സഹായവും ചെയ്തു കൊടുത്ത മാത്യു അലക്‌സ്ണ്ടാര്‍ എന്നിവര്‍ക്കും അനിലിന്റെ കുടുംബത്തെ പ്രതിനിധീകരിച്ചു സംസാരിച്ച ക്രിസ് തോമസ് നന്ദി പറഞ്ഞു.
പള്ളിയിലെ പരിപാടികള്‍ വളരെ മനോഹരമായിട്ടാണ് ക്രമീകരിച്ചിരുന്നത്. അന്ത്യഉപചാര ചടങ്ങില്‍ പങ്കെടുത്ത എല്ലവര്‍ക്കും ജോര്‍ജ് വര്‍ഗിസ് നന്ദി പ്രകാശിപ്പിച്ചു.
മൃതദേഹം ഞായറാഴ്ച നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ചൊവ്വാഴ്ച അനിലിന്റെ ജന്മദേശമായ കവിയൂരിലെ സ്ലിബ പള്ളിയില്‍ രാവിലെ 11.30 നു സംസ്‌കരിക്കും
കഴിഞ്ഞ മൂന്നാം തിയതി ശനിയാഴ്ചയാണ് അനില്‍ മരിച്ചത്. രോഗബാധിതനായി എയിന്‍ട്രി ഹോസ്പിറ്റലില്‍ പത്തു ദിവസം കഴിഞ്ഞതിനു ശേഷമാണു അദേഹം ഈ ലോകത്തോട് വിടപറഞ്ഞത്.
പരേതന്റെ ഭാര്യ സുഷ നഴ്‌സിങ്ങ് ഹോമില്‍ ജോലി നോക്കുകയാണ്. ഇവര്‍ക്ക് ഏഴും പതിമൂന്നും വയസുള്ള രണ്ട് പെണ്‍മക്കളാണ് ഉള്ളത്. പിതാവിന്റെ മരണം കൊണ്ട് വേദനിക്കുന്ന ഈ കുടുംബത്തിന് എല്ലാ പിന്തുണയും ലിവര്‍പൂള്‍ മലയാളി സമൂഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല