സ്വന്തം ലേഖകന്‍: ഫുട്ബാള്‍ രാജാവ് പെലെ കൊല്‍ക്കത്തയില്‍ അവതരിച്ചു, ഗംഭീര വരവേല്‍പ്പ്. 38 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫുട്ബോള്‍ ഇതിഹാസം ഇന്ത്യന്‍ ഫുട്ബാളിന്റെ മെക്കയായ കൊല്‍ക്കത്തയിലെത്തുന്നത്. മൂന്ന് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ഇന്നലെ രാവിലെയാണ് പെലെ കൊല്‍ക്കത്തയിലെത്തിയത്.
പെലെയുടെ വരവ് കാത്ത് നൂറുകണക്കിന് പേരാണ് കൊല്‍ക്കത്ത വിമാനത്താവളത്തിന് പുറത്തു കാത്തുനിന്നത്. ബ്ലാക്ക് സ്യൂട്ട് ധരിച്ച് പുറത്തെത്തിയ 74 കാരനായ പെലെ തന്നെ കാത്തുനിന്ന ജനക്കൂട്ടത്തിന്റെ സ്നേഹത്തിന് നന്ദി പറഞ്ഞാണ് കാറില്‍ കയറിയത്. പശ്ചിമബംഗാള്‍ കായിക മന്ത്രി ഫിര്‍ഹാദ് ഹക്കിം വിമാത്താവളത്തില്‍ പെലെയെ സ്വീകരിച്ചു.
മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ സൂപ്പര്‍ താരം ചുനിഗോസ്വാമിയും ദീപേന്ദര്‍ ബിശ്വാസും ചേര്‍ന്നാണ് പെലെയെ ഹോട്ടലില്‍ സ്വീകരിച്ചത്. ഇന്നലെ പൂര്‍ണമായി വിശ്രമിച്ച പെലെയ്ക്ക് ഇനിയുള്ള ദിവസങ്ങളില്‍ നിരവധി പരിപാടികളിലാണ് പങ്കെടുക്കാനുള്ളത്. ഇന്നുരാവിലെ ഹോട്ടലില്‍ മാദ്ധ്യമപ്രതിനിധികളുമായി സംസാരിക്കുന്ന ഇതിഹാസതാരം തുടര്‍ന്ന് എന്‍.എസ്.എച്ച്.എം നോളജ് ക്യാമ്പസിലെ വിദ്യാര്‍ത്ഥികളുമായും സംവാദം നടത്തും.
വൈകിട്ട് 1977 ല്‍ താന്‍ ബ്രസീലിലെ കോസ്മോസ് ക്ളബിനൊപ്പം മോഹന്‍ ബഗാനെതിരെ കളിച്ച ഈഡന് ഗാര്ഡന്സിലെത്തും. ഈഡന് ഗാര്‍ഡന്‍സ് സന്ദര്‍ശിച്ചശേഷം അടുത്തുള്ള നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും ലജന്‍ഡ്സ് നൈറ്റില്‍ പങ്കെടുക്കും. 1977 ല്‍ കോസ്മോസിനെതിരെ കളിച്ച മോഹന്‍ ബഗാന് ടീമിലെ താരങ്ങളെ ഈ ചടങ്ങില്‍ പെലെ ആദരിക്കും. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്ടന് സൗരവ് ഗാംഗുലിയുമായി ഈ ചടങ്ങില്‍വച്ച് പെലെ കൂഴിക്കാഴ്ച നടത്തും.
ഓസ്കാര്‍ അവാര്‍ഡ് ജേതാവായ സംഗീതജ്ഞന് എ.ആര്. റഹ്മാനും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയും ചടങ്ങില്‍ പെലെയ്ക്കൊപ്പം പങ്കെടുക്കും. സ്പാനിഷ് ടെന്നിസ് താരം റാഫേല്‍ നദാല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചടങ്ങില്‍ പങ്കാളിയാകും. കൊല്‍ക്കത്തയിലെ വിഖ്യാത ഉത്സവമായ ദുര്‍ഗാപൂജയുടെ പന്തലിന്റെ ഉദ്ഘാടന കര്‍മ്മവും പെലെ നിര്‍വഹിക്കും.
നാളെ സാള്‍ട്ട് ലേക്കിലെ യുവഭാരതി ക്രീഡാംഗണില്‍ കേരള ബ്ളാസ്റ്റേഴ്സും അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയും തമ്മില്‍ നടക്കുന്ന ഐ.എസ്.എല്‍ ഫുട്ബാള്‍ മത്സരം കാണാന്‍ പെലെ എത്തുന്നുണ്ട്. കേരള ബ്ളാസ്റ്റേഴ്സ് ഉടമയായ സച്ചിന് ടെന്‍ഡുല്‍ക്കറും അത്ലറ്റിക്കോ ഉടമ സൗരവ് ഗാംഗുലിയും പെലെയ്ക്കൊപ്പമിരുന്ന് കളികാണുമെന്നാണ് സൂചന. ഡല്‍ഹിയില്‍ 16 ന് നടക്കുന്ന സുബ്രതോ കപ്പിന്റെ ഫൈനലിന് സാക്ഷ്യം വഹിച്ച ശേഷമാണ് പെലെ ബ്രസീലിലേക്ക് മടങ്ങുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല