സ്വന്തം ലേഖകന്‍: സൗദി തൊഴില്‍ നിയമത്തിന്റെ പുതിയ പതിപ്പ് ഒക്ടോബര്‍ 14 ന് നിലവില്‍ വരും, തൊഴില്‍ മേഖലയിലെ നിയമ ലംഘനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ വ്യവസ്ഥകള്‍. സൗദിയില്‍ ജോലി ചെയ്യുന്ന വിവിധ മതസ്ഥരും സംസ്കാരക്കാരുമായ വിദേശികളെയും സ്ത്രീപുരുഷ തൊഴിലാളികളെയും പരിഗണിച്ചാണ് പരിഷ്കരണമെന്ന് മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
2015 മാര്‍ച്ച് 23ന് സൗദി മന്ത്രിസഭ അംഗീകരിച്ച പരിഷ്കരണമനുസരിച്ച് നിലവിലെ തൊഴില്‍നിയമത്തിലെ 38 അനുഛേദങ്ങളില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര തൊഴില്‍ നിയമത്തോട് യോജിക്കുന്ന തരത്തില്‍ തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കുന്ന രീതിയിലാണ് പരിഷ്കരണം.
തൊഴില്‍ മേഖലയിലെ നിയമലംഘനങ്ങള്‍ക്ക് ഒരു പരിധിവരെ അറുതിവരുത്താന്‍ പുതിയ തൊഴില്‍ നിയമത്തിന് സാധിക്കുമെന്നതിനാല്‍ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കൂടിയായിരിക്കും ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമം. രാഷ്ട്രത്തിന്റെ പൊതുതാല്പര്യങ്ങള് സംരക്ഷിക്കുന്നതിനൊപ്പം വ്യക്തികളുടെയും തൊഴില്‍ സ്ഥാപനങ്ങളുടെയും അവകാശങ്ങളും ഇതിലൂടെ സംരക്ഷിക്കപ്പെടും.
സൗദി ലക്ഷ്യമാക്കുന്ന ഊര്‍ജിത സ്വദേശിവത്കരണത്തിന് ആക്കം കൂട്ടാനും പുതിയ തൊഴില്‍ നിയമത്തിലെ പരിഷ്കരിച്ച അനുഛേദങ്ങള്‍ സഹായിക്കും. സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുന്നതും ലംഘിക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കാതെ തടഞ്ഞുവെക്കുന്നതും ഉള്‍പ്പെടെയുള്ള നടപടികള്‍ പുതിയ നിയമത്തില്‍ പെടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല