സ്വന്തം ലേഖകന്‍: കുവൈത്ത് വിസക്കായുള്ള ആരോഗ്യ പരിശോധന ഉദ്യോഗാര്‍ഥികളെ വലക്കുന്നു, കൊച്ചിയിലെ ഖദാമത്ത് ഓഫീസില്‍ തിക്കും തിരക്കും പ്രതിഷേധവും. ആരോഗ്യ പരിശോധനാകേന്ദ്രമായ ഖദാമത്തിന്റെ കൊച്ചിയിലെ ഓഫിസ് അമിത ഫീസ് ഈടാക്കിയെന്ന പരാതിയെത്തുടര്‍ന്നു പൂട്ടികയും ആഴ്ചകള്‍ക്കു ശേഷം വീണ്ടും തുറക്കുകയും ചെയ്തപ്പോഴാണ് തിരക്കും പ്രതിഷേധവുമുണ്ടായത്.
ദക്ഷിണേന്ത്യയില്‍ ഖദാമത്തിന്റെ ഏക പരിശോധനാകേന്ദ്രമാണു കൊച്ചിയിലേത്. അതിനാല്‍ വൈദ്യ പരിശോധനയ്ക്കായി ഞായറാഴ്ച എത്തി ഹോട്ടലുകളില്‍ മുറിയെടുത്തു താമസിക്കുകയാണ് ഇതര സംസ്ഥാനക്കാരായ ഉദ്യോഗാര്‍ഥികള്‍. തിരുപ്പതിയില്‍ നിന്നു മാത്രം 150 പേരടങ്ങുന്ന സംഘമാണ് എത്തിയത്.
ഇന്നലെ പുലര്‍ച്ചെ രണ്ടു മുതല്‍ ഖദാമത്ത് ഓഫിസിനു മുന്പില് ഉദ്യോഗാര്‍ഥികളുടെ നീണ്ട നിരയുണ്ടായിരുന്നു. ടോക്കണ്‍ നല്‍കിയശേഷമാണു ഗേറ്റിനകത്തേക്കു പ്രവേശനം നല്‍കിയത്. എന്നാല്‍, ടോക്കണ്‍ ലഭിച്ചെങ്കിലും പലരോടും മറ്റൊരു ദിവസം വരാന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതാണു പ്രതിഷേധത്തിനു വഴിവച്ചത്. ചിലര്‍ വൈകിട്ടുവരെ കാത്തുനിന്നെങ്കിലും ടോക്കണ്‍ ലഭിച്ചതുമില്ല.
ഒടുവില്‍ പൊലീസ് ഇടപെട്ടാണ് ക്ഷുഭിതരായ ഉദ്യോഗാര്‍ഥികളെ ശാന്തരാക്കിയത്. 12,000 രൂപയാണു ഖദാമത്ത് ഫീസായി വാങ്ങുന്നത്. ഇതിനെതിരെ പല കോണുകളില്‍നിന്നു പ്രതിഷേധമുയര്‍ന്നതോടെ ഖദാമത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ ഫീസ് കുറക്കാതെയാണ് ഖദാമത്ത് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല