1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2011

ഒരു ഹോട്ടലില്‍ പോയാല്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യണം. ഭക്ഷണം കഴിച്ചശേഷം വെയ്റ്റര്‍ ബില്ലുമായി വരുന്നത് നോക്കി ഇരിക്കണം. ബില്ല് കൊടുത്തശേഷം ബാക്കി കിട്ടാനുള്ളതിനായി നോക്കിയിരിക്കണം. പിന്നെ താല്‍പര്യമുണ്ടെങ്കില്‍ ടിപ്പും കൊടുത്ത് ഇറങ്ങാം. ഇതാണ് സാധാരണ നിലയില്‍ നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതൊക്കെ മാറ്റിമറിക്കുകയാണ് ലണ്ടനിലെങ്ങും ശാഖകളുള്ള പിസ എക്സ്പ്രസ് എന്ന ഭക്ഷണശാല.

1965 ല്‍ പീറ്റര്‍ ബോയ്സോട്ട് തുടങ്ങിയ ഈ പിസ എക്സപ്രസിന് ഇപ്പോള്‍ ലണ്ടനിലെങ്ങും മുന്നൂറോളം ശാഖകളുണ്ട്. ഇവിടെ പോയി ഭക്ഷണം കഴിക്കുന്നവരുടെ കൈയ്യില്‍ സ്മാര്‍ട്ട് ഫോണ്‍ ഉണ്ടെങ്കില്‍ ബില്ലടയ്ക്കാന്‍ വെയ്റ്ററെ നോക്കി ഇരിക്കേണ്ട കാര്യമില്ല. ലോകത്തിലാദ്യമായിട്ടാണ് ഒരു ഹോട്ടല്‍ സ്ഥാപനം മൊബൈല്‍ ഫോണ്‍ വഴി ബില്ലടയ്ക്കാനുള്ള സാധ്യത ഒരുക്കിതരുന്നത്. നിങ്ങളുടെ ഓര്‍ഡര്‍ എടുക്കുന്ന സമയത്തുതന്നെ വെയ്റ്റര്‍ നിങ്ങള്‍ക്കൊരു കോഡ് നമ്പര്‍ തരും. അതുപോയഗിച്ചാണ് നിങ്ങള്‍ക്ക് ബില്ലടയ്ക്കാന്‍ സാധിക്കുന്നത്. ബില്‍ തുക എത്രയായെന്ന് വെച്ചാല്‍ അത് ഫോണിലൂടെ അടയ്ക്കാന്‍ സാധിക്കുന്നതാണ്.

നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഡിസ്കൗണ്ട് വൗച്ചറോ മറ്റോ ഉപയോഗിക്കണമെങ്കില്‍ അതിന്റെ കോഡ് നമ്പറും കൊടുക്കാവുന്നതാണ്. കൂടാതെ വെയ്റ്റര്‍ക്ക് ടിപ്പ് കൊടുക്കണമെങ്കില്‍ അതും ബില്‍ അടയ്ക്കുന്നതിനോടൊപ്പം കൊടുക്കാവുന്നതാണ്. മൊബൈല്‍ ഫോണ്‍ ആരെയെങ്കിലുമൊക്കെ വിളിച്ച് വര്‍ത്തമാനം പറയാനുള്ള ഒന്നെന്ന മട്ടില്‍നിന്നും ഒരാളുടെ വ്യക്തിപരമായ എല്ലാ കാര്യങ്ങളും നിര്‍വഹിക്കുന്ന ഒന്നെന്ന മട്ടിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് പിസ എക്സ്പ്രസ് ഏര്‍പ്പെടുത്തിയിരിക്കുന്ന മൊബൈല്‍ ബില്‍ സംവിധാനം.

ഇപ്പോള്‍തന്നെ ഏതാണ്ട് ഒരു മില്യണ്‍ ബ്രിട്ടീഷ് പൗരന്മാര്‍ സ്മാര്‍ട്ട് ഫോണ്‍ വഴി ബില്ലടയ്ക്കാനുള്ള സംവിധാനത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ബാങ്ക് വഴിയാണ് ഇതിന്റെ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്. ഓരോ ബില്‍ അടച്ചുകഴിയുമ്പോഴും നിങ്ങള്‍ക്ക് ബാലന്‍സ് അറിയാനുള്ള സാധ്യതയുണ്ട്. ഇതൊക്കെയാണെങ്കിലും‍ സ്മാര്‍ട്ട് ഫോണ്‍ വഴിയുള്ള ഈ ഓര്‍ഡര്‍ എത്രത്തോളം സുരക്ഷിതമാണെന്ന ചോദ്യവും ഉയര്‍ന്നുവരുന്നുണ്ട്. നിങ്ങളുടെ അക്കൗണ്ട് വിവരങ്ങളും മറ്റും ഒരാള്‍ക്ക് ചോര്‍ത്തിയെടുക്കാന്‍ എളുപ്പവഴിയല്ലേ ഈ സ്മാര്‍ട്ട്ഫോണ്‍ എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.