സ്വന്തം ലേഖകന്‍: സുപ്രീം കോടതി മലക്കം മറിഞ്ഞു, ആധാര്‍ കാര്‍ഡ് ആറു മേഖലകളില്‍ നിര്‍ബന്ധമാക്കാന്‍ ഉത്തരവ്. ആധാര്‍ കാര്‍ഡിന്റെ കാര്യത്തില്‍ വീണ്ടും നിലപാട് മാറ്റിയ സുപ്രീം കോടതി ആറ് പ്രധാന മേഖലകളിലേക്കു കൂടി വ്യാപിപ്പിക്കാന്‍ ഉത്തരവിട്ടു. ആധാര്‍ കാര്‍ഡ് സംബന്ധമായ വാദത്തില്‍ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവാണിത്.
ഇതോടെ വിധവാ പെന്‍ഷനും, വാര്‍ദ്ധക്യ പെന്‍ഷനും, വികാലാംഗ പെന്‍ഷനും ഇനി ആധാര്‍ നിര്‍ബന്ധമാകും. പ്രധാനമന്ത്രിയുടെ ജന്‍ധന്‍ യോജന പദ്ധതിക്കും ഇനി ആധാര്‍ വേണം. കൂടാതെ തൊഴിലുറപ്പ് പദ്ധതി, ഇപിഎഫ് എന്നിവയ്ക്കും ആധാര്‍ നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ആധാര്‍ സ്വകാര്യതയുടെ ലംഘനമാണെന്ന വാദം ഏഴംഗ ഭരണഘടനാ ബഞ്ചിന് വിട്ടു. സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത് സുപ്രീംകോടതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി കഴിഞ്ഞ ദിവസമാണ് അറിയിച്ചത്.
പൊതുവിതരണ സമ്പ്രദായം, മണ്ണെണ്ണ, പാചകവാതകം എന്നീ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ രേഖ സര്‍ക്കാരിന് ഉപയോഗിക്കാമെന്ന് ഓഗസ്ത് പതിനൊന്നിന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇവ ലഭിക്കാന്‍ ആധാര്‍കാര്‍ഡ് നിര്‍ബന്ധമാണെന്ന നിബന്ധന വെക്കാന്‍ കഴിയില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല