സ്വന്തം ലേഖകന്‍: കേന്ദ്രം സമ്മതിച്ചാല്‍ ഒരാഴ്ചക്കകം കോഴിക്കോട് സര്‍വീസ് തുടങ്ങുമെന്ന് ഫ്ലൈ ദുബായ്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതാണ് സര്‍വീസ് തുടങ്ങാന്‍ ഒരേയൊരു തടസം. ഈ വിഷയത്തില്‍ മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നു ഫ്ലൈദുബായ് സിഇഒ ഗെയ്ത് അല്‍ ഗെയ്തുമായുള്ള കൂടിക്കാഴ്ചക്കുശേഷം ഗ്രേറ്റ് മലബാര്‍ ഇനിഷ്യേറ്റീവ് ചെയര്മാന് ഡോ. ആസാദ് മൂപ്പന്, റീജന്‍സി ഗ്രൂപ്പ് ചെയര്മാന് ഷംസുദ്ദീന് ബിന്‍ മുഹിയുദ്ദീന് എന്നിവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ സര്‍വീസ് തുടങ്ങാന്‍ സാധിക്കുമെന്ന് ഇന്ത്യയുടെ ചുമതലയുള്ള ഫ്ളൈദുബായ് വൈസ് പ്രസിഡന്റ് സുധീര്‍ ശ്രീധരന് പറഞ്ഞതായും അവര്‍ വ്യക്തമാക്കി.
കോഴിക്കോട് വിമാനത്താവള റണ്‍വേയില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാകുംവരെ ചെറിയ വിമാനങ്ങള്‍ ഉപയോഗിച്ചു സര്‍വീസ് നടത്താന്‍ ഫ്ലൈദുബായ്ക്കു കഴിയും. നിലവില്‍ യാത്രക്കാര്‍ക്ക് അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ക്ക് അത് ആശ്വാശമാകും. അറ്റകുറ്റപ്പണിക്കായി റണ്‍വേ അടച്ചതോടെ കോഴിക്കോട് യാത്ര മലബാര്‍ മേഖലയിലെ യാത്രക്കാര്‍ക്ക് ദുരിതമാകുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല