സ്വന്തം ലേഖകന്‍: പത്താം ക്ലാസ് വിദ്യാര്‍ഥിയായ വിഷ്ണുവിന് ഇനി സ്‌കൂളിലേക്ക് സ്വന്തം കാലില്‍ നടന്നു പോകാം, തുണയായത് മാതൃഭൂമി വാര്‍ത്തയും ലയണ്‍സ് ക്ലബും. പാലക്കാട് ലയണ്‍സ് ക്ലബ്ബും എം.എ. പ്ലൈ ഫൗണ്ടേഷനും ചേര്‍ന്നാണ് വിഷ്ണുവിന് പുതിയ കൃത്രിമക്കാല്‍ നല്‍കാന്‍ മുന്നോട്ടു വന്നത്.
ഇപ്പോള്‍ ഒടിഞ്ഞ കൃത്രിമക്കാല്‍ കെട്ടിവച്ചാണ് വിഷ്ണുവിന്റെ നടത്തം. സൗകര്യപ്രദമായ, ഒരു ലക്ഷംരൂപ ചെലവു വരുന്ന ജര്‍മന്‍ നിര്‍മിത കൃത്രിമക്കാലാണ് എം.എ. പ്ലൈ ഫൗണ്ടേഷന്‍ വാഗ്ദാനം ചെയ്തത്. നിലവില്‍ ഉപയോഗിക്കുന്ന ‘ഹിപ് നീ അപ്പന്‍ഡേജ്’ എന്ന കൃത്രിമക്കാലും ഇടതുകാലിനുവേണ്ടി പ്രത്യേകമായ ഷൂസും നല്‍കുമെന്ന് പാലക്കാട് ലയണ്‍സ് ക്ലബ്ബും അറിയിച്ചു. ഇതിനുവേണ്ട 18,000 രൂപ പാലക്കാട് ലയണ്‍സ് ക്ലബ്ബ് നല്‍കും. കൃത്രിമക്കാല്‍ നിര്‍മിക്കാന്‍ പാലക്കാട് നഗരത്തിലെ സ്വകാര്യകമ്പനിയെ വിഷ്ണു സമീപിച്ചിട്ടുണ്ട്.
ജന്മനാ ഒരു കാലും ഒരു കാല്പാദവുമില്ല കൊടുവായൂര്‍ ജി.എച്ച്.എസ്.എസ്സില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയായ വിഷ്ണുവിന്. ശാരീരിക പരിമിതികളുമായുള്ള വിഷ്ണുവിന്റെ പോരാട്ടത്തെക്കുറിച്ച് വെള്ളിയാഴ്ച മാതൃഭൂമിയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് ലയണ്‍സ് ക്ലബ്ബും എം.എ. പ്ലൈ ഫൗണ്ടേഷനും സഹായഹസ്തം നീട്ടിയത്.
ആശാരിപ്പണിക്കാരനായ കൊടുവായൂര്‍ കല്ലങ്കാട് പയ്യപ്പുള്ളിയിലെ ബാലന്റേയും ശ്രീമതിയുടേയും മകനാണ് വിഷ്ണു. .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല