സ്വന്തം ലേഖകന്‍: വിശുദ്ധ കൊച്ചുത്രേസ്യയുടെ മാതാപിതാക്കളേയും വിശുദ്ധരായി പ്രഖ്യാപിച്ചു, കത്തോലിക്കാ ചരിത്രത്തില്‍ ആദ്യത്തെ സംഭവം.
കുടുംബത്തെക്കുറിച്ചുള്ള റോമന്‍ സിനഡില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ കര്‍ദിനാള്‍മാരുടെയും മെത്രാന്മാരുടെയും സാന്നിധ്യത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ കൊച്ചുത്രേസ്യയുടെ മാതാപിതാക്കളായ ലൂയി മാര്‍ട്ടിനേയും മേരി സെലി മാര്‍ട്ടിന്‍ ഗ്വെരിനേയും വിശുദ്ധരായി പ്രഖ്യാപിച്ചത്.
ദമ്പതികളെ ഒരേ ചടങ്ങില്‍ വിശുദ്ധരായി പ്രഖ്യാപിക്കുന്നത് കത്തോലിക്കാ സഭാ ചരിത്രത്തില്‍ ഇതാദ്യമാണ്. ആധ്യാത്മിക മൂല്യങ്ങള്‍ പകര്‍ന്നു നല്‍കി മക്കളെ വളര്‍ത്തുന്നതില്‍ മാതാപിതാക്കള്‍ക്കു വലിയ കടമയുണ്ടെന്ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ തിങ്ങിനിറഞ്ഞ 65,000 ല്‍ അധികം പേരോടായി മാര്‍പാപ്പ പറഞ്ഞു.
വടക്കന്‍ ഇറ്റലിയില്‍ പാവങ്ങള്‍ക്കായി ജീവിച്ചു മരിച്ച വൈദികനായ വിന്‍സെന്‍സോ ഗ്രോസി, ഇരുപതാം നൂറ്റാണ്ടില്‍ സ്‌പെയിനില്‍ കന്യാസ്ത്രീയായി സേവനമനുഷ്ഠിച്ച മാരാ ഇസബെല്‍ സാല്‍വത്ത് റൊമേറോ എന്നിവരെയും മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു.
ചെറുപുഷ്പം എന്ന പേരിലാണ് വിശുദ്ധ കൊച്ചുത്രേസ്യ അറിയപ്പെടുന്നത്. 15 മത്തെ വയസ്സില്‍ രണ്ടു സഹോദരിമാര്‍ക്കൊപ്പം ഫ്രാന്‍സിലെ കര്‍മലീത്താ സന്യാസിനി സഭാംഗമായി ചേര്‍ന്നു. വളരെ കുറച്ചുകാലമേ സന്യാസിനിയായി ജീവിക്കാന്‍ സാധിച്ചുള്ളൂ.ഇരുപത്തിനാലാം വയസ്സില്‍ ക്ഷയരോഗം ബാധിച്ച് മരിച്ചു. ‘ഒരു ആത്മാവിന്റെ കഥ’ എന്ന കൊച്ചുത്രേസ്യയുടെ ആത്മകഥ ആദ്ധ്യാത്മികസാഹിത്യത്തിലെ ആധുനിക ക്ലാസ്സിക് എന്നാണ് അറിയപ്പെടുന്നത്.
ലൂയി മാര്‍ട്ടിന്റെയും മേരി സെലി മാര്‍ട്ടിന്റെയും അഞ്ചുമക്കളില്‍ ഏറ്റവും ഇളയവളായിരുന്നു കൊച്ചുത്രേസ്യ. മാര്‍ട്ടിന്‍ ദമ്പതികള്‍ക്ക് ഒന്‍പതു മക്കള്‍ പിറന്നിരുന്നെങ്കിലും രണ്ട് ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളും ശൈശവത്തിലേ മരിച്ചു. ജീവിച്ചിരുന്ന അഞ്ചു പെണ്‍കുട്ടികളും കന്യാസ്ത്രീമാരായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല