സ്വന്തം ലേഖകന്‍: അടി, തിരിച്ചടി, തമിഴ് നടികര്‍ സംഘം തെരഞ്ഞെടുപ്പില്‍ സിനിമയെ വെല്ലുന്ന രംഗങ്ങള്‍, ഒടുവില്‍ നടന്‍ വിശാലിന്റെ മുന്നണിക്ക് ജയം. വിശാല്‍ പാനലില്‍ മല്‍സരിച്ച നാസര്‍, ശരത്കുമാറിനെ തോല്‍പിച്ചു പുതിയ പ്രസിഡന്റായി. ജനറല്‍ സെക്രട്ടറി പദത്തിലേക്കുള്ള മല്‍സരത്തില്‍ രാധാ രവിയെ വിശാലും പരാജയപ്പെടുത്തി. രണ്ടു വൈസ് പ്രസിഡന്റുമാര്‍, ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലേക്കും 24 അംഗ നിര്‍വാഹക സമിതിയിലേക്കുളള വോട്ടെണ്ണല്‍ രാത്രി വൈകിയും തുടര്‍ന്നതിനാല്‍ ഫലപ്രഖ്യാപനം ഏറെ വൈകി.
വിശാലിനു നേരെ ഒരു സംഘം കയ്യേറ്റത്തിന് ശ്രമം നടത്തിയതിനെ തുടര്‍ന്ന് സിനിമയെ വെല്ലുന്ന രംഗങ്ങളാണ് അരങ്ങേറിയത്. അരമണിക്കൂറോളം തുടര്‍ന്ന സംഘര്‍ഷാവസ്ഥ കാരണം വോട്ടെടുപ്പ് കുറെ നേരം മുടങ്ങുകയും ചെയ്തു. പൊലീസും ഇരുവിഭാഗങ്ങളുടെയും നേതാക്കളും ചേര്‍ന്നാണു സ്ഥിതി ശാന്തമാക്കിയത്.
1445 വോട്ടാണ് വിശാല്‍ നേടിയത്. രാധാ രവിക്ക് 1138 വോട്ടുകളും. 1493 വോട്ടുകള്‍ നേടി കാര്‍ത്തി ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടു. മൂന്നു വര്‍ഷം കൂടുമ്പോഴാണ് തിരഞ്ഞെടുപ്പ്. ഫലം അംഗീകരിക്കുന്നുവെന്നും പരാജയമായി കണക്കാക്കുന്നില്ല, ഇത് ജനാധിപത്യ പ്രക്രീയയുടെ വിജയമാണ്. പുതിയ സംഘത്തിന് എല്ലാവിധ സഹകരണവും വാഗ്ദാനം ചെയ്യുന്നതായി ശരത്കുമാര്‍ അറിയിച്ചു.
മദ്രാസ് ഹൈക്കോടതി നിയോഗിച്ച ജസ്റ്റിസ് ഇ. പത്മനാഭന്റെ ചുമതലയിലായിരുന്നു തിരഞ്ഞെടുപ്പ്. നടികര്‍ സംഘത്തിന്റെ ഉടമസ്ഥതയിലുളള സ്ഥലത്തു വാണിജ്യ സമുച്ചയം നിര്‍മിക്കാന്‍ ശരത്കുമാറിന്റെ നേതൃത്വത്തിലുളള ഭരണ സമിതി സ്വകാര്യ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണു താരങ്ങള്‍ക്കിടയില്‍ ഭിന്നതയ്ക്കു കാരണമായത്.
കമല്‍ഹാസന്‍, ഖുശ്ബു, ആര്യ, സന്താനം, ശിവകുമാര്‍, രോഹിണി, സൂര്യ തുടങ്ങിയവര്‍ വിശാല്‍ വിഭാഗത്തെ അനുകൂലിക്കുമ്പോള്‍ ഉര്‍വശി, പൂര്‍ണിമ ഭാഗ്യരാജ്, ചേരന്‍, ടി. രാജേന്ദര്‍ തുടങ്ങിയവര്‍ ശരത്കുമാര്‍ വിഭാഗത്തിനു വേണ്ടി രംഗത്തെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല