1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 21, 2015

സ്വന്തം ലേഖകന്‍: ഹരിയാനയില്‍ ജാതിപ്പക മൂത്ത് ദലിത് കുടുംബത്തെ ജീവനോടെ പെട്രോളൊഴിച്ചു കത്തിച്ചു, രണ്ടു പിഞ്ചു കുഞ്ഞുങ്ങള്‍ വെന്തു മരിച്ചു. രണ്ടര വയസുള്ള വൈഭവ്, പതിന്നൊന്നു മാസം പ്രായമുള്ള ദിവ്യ എന്നിവരാണു മരിച്ചത്. കുട്ടികളുടെ അമ്മ രേഖ, പിതാവ് ജിതേന്ദര്‍ എന്നിവര്‍ക്കു ഗുരുതരമായി പൊള്ളലേറ്റു.

ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലെ സുന്‍പേഡ് ഗ്രാമത്തിലാണ് രാജ്യത്തെ നടുക്കിയ സംഭവം. പതിനൊന്നു പേര്‍ക്ക് എതിരെ കേസെടുത്തതായും രണ്ടു പേരെ അറസ്റ്റു ചെയ്തതായും പൊലീസ് പറഞ്ഞു. പെട്രോള്‍ ഒഴിക്കുമ്പോള്‍ ദലിത് കുടുംബം ഉറക്കത്തിലായിരുന്നു. തുറന്ന ജനാലയിലൂടെയാണ് മുറിക്കുള്ളിലേക്കു പെട്രോള്‍ ഒഴിച്ചത്. ആളിപ്പടര്‍ന്ന തീ നാട്ടുകാരാണ് അണച്ചത്. രേഖയ്ക്ക് 75% പൊള്ളലേറ്റെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ജിതേന്ദറിനു പൊള്ളലേറ്റെങ്കിലും അപകടനില തരണം ചെയ്തിട്ടുണ്ട്.

രാജ്പുത്ത് വിഭാഗക്കാരാണ് അക്രമികളെന്നു കരുതുന്നതായി പോലീസ് അറിയിച്ചു. മുന്‍ വൈരാഗ്യമാണ് തീയിടാന്‍ കാരണം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ആറിന് രാജ്പുത്ത് കുടുംബത്തിലെ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പകപോക്കലാണ് അക്രമം എന്നാണ് സൂചന. പ്രത്യേക സംഘങ്ങളെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. കനത്ത പൊലീസ് കാവലിലാണ് ഗ്രാമം. ഹരിയാന സര്‍ക്കാര്‍ ദലിത് കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.