ഒക്ടോബര്‍ മാസത്തിന് ഒരു പ്രത്യേകതയുണ്ട്.അത് ക്രിസ്ത്യാനികളുടെ പരിപാവനമായ ഒരു മാസമാണ്.ലോകമെമ്പാടുമുള്ള കോടിക്കണക്കിനു മരിയ ഭക്തര്‍ അതിവിശുദ്ധിയോടെ ജപമാല മാസം ആചരിക്കുന്ന നാളുകളാണിത്.ഇന്നേ വരെയുള്ള ലോക ചരിത്രത്തില്‍ കാലഘട്ടങ്ങളെ രണ്ടായി വിഭജിച്ച ഒരേയൊരു വ്യക്തിയാണ് യേശു ക്രിസ്തു.ആ യേശുവിന്റ്‌റെ അമ്മയായ കന്യകാ മറിയത്തോടുള്ള മാധ്യസ്ഥ്യം യാചിച്ചും ആദരവ് പ്രകടിപ്പിച്ചും അനുദിനവും അര്‍പ്പിക്കപ്പെടുന്ന ജപമാലകളുടെയും നോവേനകളുടെയും കണക്കെടുത്താല്‍ അത് ശത കോടിയിലധികം വരും.അത്ര ആദരവോടെ ലോകമെങ്ങും മറിയത്തെ നോക്കിക്കാണുമ്പോള്‍ മലയാളികളായ മരിയ ഭക്തര്‍ക്ക് ഈ ഒക്ടോബര്‍ വളരെ വേദനയുടെ നാളുകള്‍ ആയി മാറിക്കഴിഞ്ഞിരിക്കുന്നു.നമ്മുടെ കേരളത്തില്‍ ഒരു രാഷ്ട്രീയ പകപോക്കലിന്റെ ഇരയായി പരിശുദ്ധ കന്യകാമറിയത്തെ മാറ്റിയ വാര്‍ത്തയാണ് ഇക്കഴിഞ്ഞ ദിവസം കേള്‍ക്കാനിടയായത്.മറിയത്തിന്റ്‌റെ ചിത്രം മുഖം മാറ്റി,കേരള ചരിത്രത്തില്‍ പലവിധ കാരണങ്ങളാല്‍ കുപ്രസിദ്ധി നേടിയ സരിത എസ് നായരുടെ മുഖമാറ്റിമാക്കി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവം എല്ലാ മത വിഭാഗക്കാരെയും ഒരുപോലെ വേദനിപ്പിച്ചു.
കണ്ണൂരിലെ ഡിവൈഎഫ്‌ഐ നേതാവാണ് മാതാവിന്റെ രൂപത്തില്‍ സരിതാ നായരുടെ ഫോട്ടോ പതിച്ച ചിത്രം ഫെയ്‌സ്ബുക്കിലിട്ടത്. മാതാവിന്റെ ചിത്രത്തിന്റെ തലഭാഗം മാറ്റി പകരം സോളര്‍ വിവാദനായിക സരിതയുെട ചിത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ചിത്രത്തിനു മുന്നില്‍ വണങ്ങി നില്‍ക്കുന്നതു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും.ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം വിവാദമായതിനെ തുടര്‍ന്ന് നാലു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും പിന്‍വലിച്ചു.പക്ഷെ അതിനോടകം തന്നെ ആ ചിത്രം അനേക കോടിക്കണക്കിന് ആളുകളിലേക്ക് സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയപ്പെട്ടു. ‘അടിയങ്ങള്‍ വിചാരിച്ചതിലും കൂടുതല്‍ സീറ്റ് നല്‍കി അനുഗ്രഹിക്കണമേ എന്റെ സരിതേ’ എന്നു കേരള മുഖ്യമന്ത്രി പ്രാര്‍ഥിക്കുന്ന രീതിയിലാണ് പോസ്റ്ററിലെ വാചകങ്ങള്‍. പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് വ്യാപകമായ രീതിയില്‍ പോസ്റ്ററിനെ എതിര്‍ത്ത് പ്രതിഷേധം ഉയര്‍ന്നിരുന്നു.
സരിതയെ മഹത്വപ്പെടുത്തുന്നതിലോ കേരള മുഖ്യമന്ത്രിയെ നാണം കെടുത്തുന്നതിലോ ഒന്നും ഒരാളുടെയും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ തടയാന്‍ അവകാശമില്ലെന്ന സത്യം അംഗീകരിച്ചു കൊണ്ട് തന്നെ പറയേണ്ട ഒരു കാര്യം ഇതാണ്.അതിനായി തിരഞ്ഞെടുത്ത മാര്‍ഗ്ഗം തികച്ചും തെറ്റായിപ്പോയി.കാരണം ഈ സംഭവം മുറിവേല്‍പ്പിച്ചത് ജാതിമത ഭേദമന്യേ കന്യാകാ മറിയത്തെ ആദരിക്കുന്ന അനേക ലക്ഷംആളുകളുടെ ഹൃദയങ്ങളെയാണ്.
നബി പ്രവാചകനെ പരിഹസിച്ചവരെ വെടിവെച്ചില്ലാതാക്കുന്ന രീതിയോ മതപരിവര്‍ത്തന കുറ്റം ആരോപിച്ചു നിഷ്‌ക്കളങ്കരെ ചുട്ടെരിക്കുന്ന ക്രൂരവര്‍ഗ്ഗീയതയൊ ഒന്നും ഈ മരിയ ഭക്തര്‍ക്കില്ല.അങ്ങിനെ ചിന്തിക്കാന്‍ പോലും അവര്‍ക്കാവില്ല എന്നതാണ് സത്യം.പകരം അവര്‍ ഇപ്പോള്‍ ചെയുന്നത് മറ്റൊന്നാണ്.ഈ ജപമാല മാസത്തില്‍ അര്‍പ്പിക്കപ്പെടുന്ന കന്യകാമാതാവിന്റ്‌റെ നോവേനയില്‍ ഏറെ മധുരമായ ഒരു ഗാനമുണ്ട് . “മറിയമേ നിന്റെ ചിത്രത്തില്‍ നിന്നാ നേത്രങ്ങള്‍ കൊണ്ടു നോക്കുക ..” എന്നു തുടങ്ങുന്ന ഒരു ഹൃദ്യമായ ഗാനം.ആ ഈരടികള്‍ ഭക്തിയോടെ ആലപിക്കുന്ന അവര്‍ മനസ്സില്‍ ഇപ്പോള്‍ പ്രാര്‍ഥി ക്കുന്നു… ‘അമ്മേ ഈ മഹാ പാപം നീ പൊറുക്കുക ..അഞ്ജതയുടെ മനസ്സുകളിലേക്ക് വെളിച്ചമായി നീ വരുക.’
ഹിന്ദുവിനും മുസല്‍മാനും ക്രിസ്ത്യാനിക്കും അവരവരുടെ വിശ്വാങ്ങളിലുള്ള അമ്മമാരുണ്ട്.അവരെ അവഹേളിക്കാന്‍ ഇനി ആരും തുനിയാതിരിക്കട്ടെ.കാരണം അമ്മയില്‍ നിന്നാണ് എല്ലാം ആരംഭിക്കുന്നത്.അതുകൊണ്ടാണല്ലോ ഒരു മതത്തിലും വിശ്വസിക്കാത്തവര്‍ പോലും ഭൂമിയെ ഭൂമാതാവ് എന്ന് വിളിക്കുന്നത്. അമ്മയെ അവഹേളിക്കുന്നവര്‍ സ്വന്തം അസ്തിത്വത്തെ തന്നെ അവഹേളിക്കുന്നു.ഈ തിരിച്ചറിവ് എല്ലാവര്‍ക്കും ഇനിയെങ്കിലും ഉണ്ടാവട്ടെ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല