സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനുള്ള പ്രായപരിധി ഉയര്‍ത്താന്‍ ശുപാര്‍ശ. വാഹനാപകടങ്ങള്‍ പെരുകുന്ന സാഹചര്യത്തിലാണ് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനുള്ള പ്രായപരിധി ഉയര്‍ത്തണമെന്ന് റോഡപകടങ്ങളെക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ടി.കെ. ചന്ദ്രശേഖരദാസ് കമ്മിഷന് ശുപാര്‍ശ ചെയ്തത്.
പുരുഷന്മാര്ക്ക് 20 ഉം സ്ത്രീകള്‍ക്ക് 21 ഉം വയസായി പ്രായപരിധി ഉയര്‍ത്തണമെന്നാണു കമ്മിഷന്റെ ശുപാര്‍ശ. നിലവില്‍ ലൈസന്‍സ് ലഭിക്കാനുള്ള കുറഞ്ഞ പ്രായപരിധി 18 വയസാണ്. കുറഞ്ഞത് 50 മണിക്കൂറെങ്കിലും വാഹനമോടിച്ചു പരിചയമുള്ളവര്‍ക്കു മാത്രമേ ലൈസന്‍സ് നല്‍കാവൂ. ഇരുചക്രവാഹനങ്ങളുടെ വേഗപരിധി മണിക്കൂറില്‍ 4050 കിലോമീറ്ററായി നിജപ്പെടുത്തണം. സാധാരണ ഉപയോഗത്തിനു 550 സി.സി. ബൈക്കുകള്‍ ദേശീയപാതയില്‍ അനുവദിക്കരുത്. അഞ്ചുവര്‍ഷത്തെ പരിചയമുള്ള ഡ്രൈവര്‍ക്കു മാത്രമേ ദേശീയപാതകളില്‍ വാഹനമോടിക്കാന്‍ അനുമതി നല്‍കാവൂ.
യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പു വരുത്തുന്നതിന് റോഡ് സുരക്ഷാ അഥോറിറ്റി പ്രത്യേക ഫണ്ട് സ്വരൂപിക്കണം. റോഡപകടങ്ങളില്‍ ഗുരുതരമായി പരുക്കേല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരമായി രണ്ടുലക്ഷം രൂപ ഇതില്‍ നിന്നു നല്‍കണം. സ്വകാര്യ ബസുകളില്‍ മിനിമം ചാര്‍ജിന് മുകളില്‍ യാത്രചെയ്യുന്നവരില്‍ നിന്ന് ഒരുരൂപ സെസ് ഈടാക്കിയാവണം തുക കണ്ടെത്തേണ്ടത്. ഒരുകോടി യാത്രക്കാരെ കണക്കാക്കിയാല്‍ ഇങ്ങനെ ഒരുവര്‍ഷം 300 കോടി രൂപ സെസിലൂടെ പിരിക്കാനാവുമെന്നും കമ്മിഷന് വ്യക്തമാക്കി.
റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള ശിപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് അധ്യക്ഷന്‍ ജസ്റ്റിസ് ടി.കെ. ചന്ദ്രശേഖരദാസ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനു കൈമാറി. റിപ്പോര്‍ട്ട് മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്നു മന്ത്രി അറിയിച്ചു. ഷോറൂമുകളില്‍ നിന്നു വില്‍പ്പന നടത്തുന്ന ഇരുചക്രവാഹനങ്ങളില്‍ വേഗപ്പൂട്ട് സംവിധാനമുണ്ടാവണമെന്നും കമ്മിഷന് നിര്‍ദേശിച്ചിട്ടുണ്ട്.
രജിസ്ട്രേഷന് സമയത്ത് ഈ സംവിധാനമില്ലാത്ത വാഹനം നിരത്തിലിറക്കാന്‍ അനുവദിക്കരുത്. വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ സ്റ്റുഡന്റ്സ് വെഹിക്കിള്‍ എന്നു രേഖപ്പെടുത്തണം. സ്കൂള്‍ പരീക്ഷയില്‍ റോഡ്സുരക്ഷയും ഗതാഗതനിയമങ്ങളുമായി ബന്ധപ്പെട്ട അഞ്ചു മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും കമ്മിഷന് ശിപാര്‍ശ ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല