സ്വന്തം ലേഖകന്‍: സിഖ് വിശുദ്ധഗ്രന്ഥം നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നള്ള പ്രതിഷേധം ശക്തം, പഞ്ചാബില്‍ കനത്ത കാവല്‍. അതേസമയം സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ വിദേശ ഗൂഢാലോചനയുണ്ടെന്നും സിഖ് വികാരം വ്രണപ്പെടുത്തി വര്‍ഗീയവിദ്വേഷം ആളിക്കത്തിക്കാന്‍ പാക്ക് ചാരസംഘടനയായ ഐഎസ്ഐ ശ്രമിക്കുന്നതിന്റെ സൂചനകള്‍ സംസ്ഥാന ഇന്റിലിജന്സിനു ലഭിച്ചതായും മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ പറഞ്ഞു.
അമൃത്സര്‍, ജലന്തര്‍, ലുധിയാന, തരണ്‍ തരണ്‍ എന്നീ ജില്ലകള്‍ കേന്ദ്രസേനയുടെ പൂര്‍ണ നിയന്ത്രണത്തിലാണ്. സംഘര്‍ഷപ്രദേശങ്ങളില്‍ ഇന്നലെ അര്‍ധസൈനിക വിഭാഗം ഫ്ലാഗ് മാര്‍ച്ച് നടത്തി. സംസ്ഥാനമൊട്ടാകെ വിവിധ സിഖ് സംഘടനകള്‍ ഒരു ജില്ലയില്‍ ഒരു ദേശീയപാത എന്ന നിലയില്‍ ഉപരോധം തുടരുകയാണ്. മതഗ്രന്ഥം നശിപ്പിക്കപ്പെട്ടതിന്റെ ‘പശ്ചാത്താപ പ്രാര്‍ഥനായോഗങ്ങള്‍’ വിവിധ കേന്ദ്രങ്ങളില്‍ നടന്നു. മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലും പ്രാര്ഥനായോഗത്തില് പങ്കെടുത്തു. സംഘര്‍ഷം ഭയന്ന് ഇരുപതിനായിരത്തോളം വ്യവസായ സ്ഥാപനങ്ങളാണ് അടച്ചിട്ടിരിക്കുന്നത്.
ശിരോമണി അകാലിദള്‍ – ബിജെപി സര്‍ക്കാര്‍ സമീപകാലത്തു നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി സിഖ് പ്രക്ഷോഭം മാറുകയാണ്. ഫരീദ്കോട്ടില്‍ സിഖ് സംഘടനകള്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധ പ്രകടനത്തിനു നേരെ പൊലീസ് നടത്തിയ വെടിവയ്പില്‍ രണ്ടു യുവാക്കള്‍ കൊല്ലപ്പെട്ടതു സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. സമാധാനപരമായി നടന്നുവന്ന പ്രതിഷേധങ്ങള്‍ ഇതോടെ അക്രമാസക്തമാകുകയായിരുന്നു.
ഫരീദ്കോട്ടിലെ ബര്‍ഗരി ഗ്രാമത്തില്‍ കഴിഞ്ഞ 12നു ഗ്രന്ഥം നശിപ്പിച്ച രണ്ടു സഹോദരങ്ങള്‍ക്കു ദുബായ്, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്നു പണം ലഭിച്ചിരുന്നതായും തെളിഞ്ഞു. അറസ്റ്റിലായ രുപീന്ദര്‍ സിങ്ങും ജസ്വിന്ദര് സിങ്ങും വിദേശികളുമായി ഗൂഢാലോചന നടത്തിയതിന്റെ ഫോണ്‍ സംഭാഷണ രേഖകളും പൊലീസിനു ലഭിച്ചു.
ബര്ഗരിക്കു പിന്നാലെ ഫിറോസ്പുര്‍, ഭട്ടിന്‍ഡ, സങ്ഗ്രൂര്, അമൃത്സര്‍, ലുധിയാന, തരണ്‍ തരണ്‍ എന്നിവിടങ്ങളിലും ഗ്രന്ഥം നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നു സിഖ് വിശ്വാസികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുകയായിരുന്നു. തീവ്ര സിഖ് വിഭാഗങ്ങളും പ്രതിഷേധക്കാര്‍ക്കൊപ്പം ചേര്‍ന്നതു സ്ഥിതി വഷളാക്കി. അവസരം മുതലെടുത്തു ഖലിസ്ഥാന്‍ വിഘടനവാദികള്‍ സജീവമാകുമെന്ന ഭീഷണിയും സംസ്ഥാനത്തു നിലനില്ക്കുന്നു. ഗൂഢാലോചനയുടെ പൂര്‍ണവിവരം ലഭിച്ചുവെന്നും ജനം സംയമനം പാലിക്കണമെന്നും ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദല്‍ ആഹ്വാനം ചെയ്തു. എന്നാല്‍, സംഭവങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടും വരെ പ്രക്ഷോഭത്തില്‍നിന്നു പിന്നോട്ടില്ലെന്നു സിഖ് സംഘടനകള്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല