സ്വന്തം ലേഖകന്‍: ആരെങ്കിലും പട്ടിയെ കല്ലെറിഞ്ഞാല്‍ കേന്ദ്രം ഉത്തരവാദിയില്ല, ഫരീദാബാദിലെ കുഞ്ഞുങ്ങളെ തീയിട്ടുകൊന്ന സംഭവത്തെക്കുറിച്ച് കേന്ദ്രമന്ത്രി വികെ സിംഗ്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വികെ സിംഗിന്റെ പ്രസ്താവന വന്‍ വിവാദത്തിനു കാരണമായിട്ടുണ്ട്.
ഹരിയാനയിലെ ഫരീദാബാദില്‍ രണ്ടു കുഞ്ഞുങ്ങളെ പെട്രോള്‍ ഒഴിച്ച് തീവെച്ച് കൊന്ന സംഭവം പരാമര്ശിക്കേയാണ് വി കെ സിംഗ് ഇത്തരമൊരു പ്രയോഗം നടത്തിയത്. കുട്ടികളെ സവര്‍ണ വിഭാഗക്കാര്‍ കൊലപ്പെടുത്തിയതില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല എന്ന് പറഞ്ഞ ശേഷമാണ് സിംഗ് ഈ വാക്കുകള്‍ ഉപയോഗിച്ചത്. രണ്ടുവയസും, പത്തുമാസം പ്രായവുമുളള പിഞ്ചുകുട്ടികളാണ് കൊല്ലപ്പെട്ടത്..
സുനപ്പേഡ് ഗ്രാമത്തിലെ ജിതേന്ദറിന്റെ കുടുംബത്തിനു നേരെ സവര്‍ണ വിഭാഗത്തില്‍ പെട്ട ആളുകള്‍ ആക്രമണം നടത്തുകയായിരുന്നു. പത്തംഗ സംഘം വീട് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ പൊള്ളലേറ്റ് മരിക്കുകയായിരുന്നു. ജിതേന്ദറിന്റെ ഭാര്യ പൊളളലേറ്റ് ആശുപത്രിയിലാണ്. സംഭവത്തില്രാജ്യം മുഴുവന്‍ പ്രതിഷേധം ഉയരുകയാണ്.
എന്നാല്‍ ഇത്തരം സംഭവങ്ങളില്‍ സര്‍ക്കാരിനെ വലിച്ചിഴക്കരുത് എന്നാണ് വി കെ സിംഗ് പറഞ്ഞത്. രണ്ട് കുടുംബങ്ങള്‍ തമ്മിലുളള പ്രശ്നമാണ് ഇത്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണ്. അതേസമയം വി കെ സിംഗിന്റെ വാക്കുകളോട് പ്രതികരിക്കാന്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ തയ്യാറായില്ല. സിംഗിന്റെ പരാമര്‍ശം വ്യക്തിപരമാണ് എന്നായിരുന്നു സംഭവസ്ഥലം സന്ദര്‍ശിക്കവേ ഖട്ടാര്‍ പറഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല