1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2015

സ്വന്തം ലേഖകന്‍: മലങ്കര യാക്കോബായ സഭയുടെ എഴുത്തച്ഛന് സഭാ മക്കള്‍ കണ്ണീരോടെ യാത്രാമൊഴി നല്‍കി, മലങ്കരസഭയുടെ ആര്‍ച്ച് കോറെപ്പിസ്‌കോപ്പ ഡോ. കുര്യന്‍ കണിയാംപറമ്പിലിന് അന്ത്യവിശ്രമം. 

ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തിലും സഭയിലെ മറ്റു മെത്രാപ്പോലീത്തമാരുടെ സഹകാര്‍മികത്വത്തിലും മലങ്കരസഭയുടെ ആര്‍ച്ച് കോറെപ്പിസ്‌കോപ്പ ഡോ. കുര്യന്‍ കണിയാംപറമ്പിലിന്റെ ഭൗതികശരീരം ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ പള്ളിയില്‍ കബറടക്കി.

സഭയിലെ വൈദികരും വിശ്വാസികളുമടക്കം നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്ത വിലാപയാത്ര കാഞ്ഞിരമറ്റംഗ്രാമം കണിയാംപറമ്പിലച്ചനു നല്‍കിയ ആദരവിന്റെ അടയാളമായി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഭൗതികശരീരം കാഞ്ഞിരമറ്റത്തെ വീട്ടില്‍നിന്നു പൊതുദര്‍ശനത്തിനായി മാര്‍ ഇഗ്‌നാത്തിയോസ് ഹാളിലേക്കു കൊണ്ടുവന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി അനൂപ് ജേക്കബ്, ജോസ് കെ. മാണി എം.പി, സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി തുടങ്ങിയവരും നൂറു കണക്കിനു വിശ്വാസികളും അന്ത്യോപചാരമര്‍പ്പിക്കാന്‍ ഹാളിലെത്തി.

മാര്‍ത്തോമ്മാ സഭയുടെ വലിയ മെത്രാപ്പോലീത്ത ഫീലിപ്പോസ് മാര്‍ ക്രിസോസ്റ്റം, മലങ്കര കത്തോലിക്ക സഭയുടെ തിരുവല്ല രൂപത മെത്രാപ്പോലീത്ത തോമസ് മാര്‍ കൂറിലോസ് എന്നിവരും ഹാളിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. ഇന്നലെ രാവിലെ 10.30 ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ കാര്‍മികത്വത്തില്‍ ശവസംസ്‌കാരശുശ്രൂഷയുടെ ആദ്യഘട്ടം ആരംഭിച്ചു.

ശുശ്രൂഷകള്‍ക്കുശേഷം വിലാപയാത്ര ആരംഭിച്ചു. കണിയാംപറമ്പിലച്ചന്‍ ആഗ്രഹിച്ചിരുന്നതനുസരിച്ച് വിലാപയാത്ര കാഞ്ഞിരമറ്റം മില്ലുങ്കലിലെ കുരിശുപള്ളിവരെ പോയി പള്ളിയില്‍ തിരിച്ചെത്തി. അംശവസ്ത്രങ്ങള്‍ അണിഞ്ഞ 12 വൈദികരാണ് ഭൗതികശരീരം വഹിച്ചത്. എം.എസ്.ഒ.ടി. സെമിനാരിയിലെ ശെമ്മാശന്മാരുടെ ഗായകസംഘം ആലപിച്ച ഗീതങ്ങളുടെയും ബാന്‍ഡ് സെറ്റിന്റെയും അകമ്പടിയോടെ മൃതദേഹം പള്ളിക്കുള്ളിലേക്കെത്തിച്ചു.

തുടര്‍ന്ന് പള്ളിയകത്ത് രണ്ടാംഘട്ട ശുശ്രൂഷ ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ കാര്‍മികത്വത്തില്‍ ആരംഭിച്ചു. ഏവന്‍ഗേലിയോന്‍ വായനയ്ക്കുശേഷം മൃതദേഹം വൈദികരുടെ നേതൃത്വത്തില്‍ മദ്ബഹയിലേക്ക് കൊണ്ടുപോയി വിടവാങ്ങല്‍ ചടങ്ങ് നടത്തി. മദ്ബഹായുടെ ഇടതുവശത്തായി പ്രത്യേകം തയാറാക്കിയ കല്ലറയില്‍ തുടര്‍ന്ന് സംസ്‌കാരം നടത്തി. കണിയാംപറമ്പില്‍ ആര്‍ച്ച് കോറെപ്പിസ്‌കോപ്പയുടെ നിര്യാണത്തില്‍ സഭയില്‍ മൂന്നുദിവസത്തെ ദുഃഖാചരണം നടത്തുമെന്ന് ശ്രേഷ്ഠ കാതോലിക്ക ബാവാ അറിയിച്ചു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.