സ്വന്തം ലേഖകന്‍: ദക്ഷിണാഫ്രിക്കയില്‍ കറുത്തവര്‍ഗക്കാരായ പാവപ്പെട്ട വിദ്യാര്‍ഥികളുടെ ഫീസ് വര്‍ദ്ധന, പ്രക്ഷോഭം ശക്തമാകുന്നു. ഫീസുകള്‍ കുത്തനെ ഉയര്‍ത്തിയതോടെ വിദ്യാര്‍ഥികളുടെ സര്‍വകലാശാലാ പഠനം വന്‍ സാമ്പത്തിക വെല്ലുവിളിയായതോടെയാണ് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരിനെതിരെ ഒരാഴ്ച മുന്‍പു വിദ്യാര്‍ഥി പ്രക്ഷോഭം തുടങ്ങിയത്.
രാജ്യമെമ്പാടും പ്രക്ഷോഭം കത്തിപ്പടര്‍ന്നതോടെ ഫീസ് വര്‍ധന മരവിപ്പിച്ചതായി പ്രസിഡന്റ് ജേക്കബ് സൂമ അറിയിച്ചെങ്കിലും വിദ്യാര്‍ഥികളുടെ മുന്നില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്താനുള്ള തീരുമാനം ഒടുവില്‍ പിന്‍വലിച്ചു. സുരക്ഷാപ്രശ്നം കണക്കിലെടുത്തായിരുന്നു പരിപാടി റദ്ദാക്കല്‍.
പ്രസിഡന്റ് നേരിട്ടെത്തി തങ്ങളോടു സംസാരിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ആസ്ഥാനമായ യൂണിയന് ബില്ഡിങ്സിനു നേരെ കല്ലെറിഞ്ഞും നാശനഷ്ടങ്ങളുണ്ടാക്കിയും പ്രതിഷേധപ്രകടനം നടത്തിയ വിദ്യാര്‍ഥികള്‍ക്കു നേരെ പൊലീസ് ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു.
ദക്ഷിണാഫ്രിക്കന്‍ ചരിത്രത്തിലെ ഇരുളടഞ്ഞ വര്‍ണവിവേചന കാലത്തിനുശേഷം പിറന്ന പുതുതലമുറയുടെ ശക്തിപ്രകടനമായാണ് ഈ വിദ്യാര്‍ഥി പ്രക്ഷോഭം വിലയിരുത്തപ്പെടുന്നത്. ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ തങ്ങളുടെ യുവതലമുറയുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയും കരുതലും കാണിക്കണമെന്നാണ് പ്രക്ഷോഭകാരികള്‍ ആവശ്യപ്പെടുന്നത്. സര്‍വകലാശാലകളിലെ ഫീസ് തുക 11 ശതമാനത്തോളം വര്‍ധിപ്പിച്ചത് പാവപ്പെട്ട കറുത്തവര്‍ഗക്കാരോടുള്ള നീതി നിഷേധമാണെന്നാണു വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല