സ്വന്തം ലേഖകന്‍: സൗദി രാജകുടുംബത്തില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ട്, ഇപ്പോഴത്തെ ഭരണാധികാരി സല്‍മാന്‍ രാജാവിനെ സ്ഥാനത്ത് നിന്ന് നീക്കാന്‍ ശ്രമം. വിമത പക്ഷത്തുള്ള ഒരു രാജകുടുംബാംഗം നല്‍കിയ വിവരം എന്ന രീതിയില്‍ പ്രമുഖ അന്തര്‍ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്.
രാജകുടുംബത്തിലെ ഒരു വലിയ ഭൂരിപക്ഷം തന്നെ സല്‍മാന്‍ രാജാവിനെ താഴെയിറക്കുന്നതിനോട് യോജിയ്ക്കുന്നു എന്നാണ് സൂചന. 2012 ല്‍ അബ്ദുള്ള രാജാവിന്റെ മരണ ശേഷമാണ് സല്‍മാന്‍ സൗദി ഭരണാധികാരിയായി ചുമതലയേല്‍ക്കുന്നത്. സൗദി രാഷ്ട്രപിതാവായ അബ്ദുള്‍ അസീസ് രാജാവിന്റേയും ഹിസ്സ ബിന്‍ത് അഹ്മദ് സുദൈരിയുടേയും മകനാണ് സല്‍മാന്‍. രാഷ്ട്രപിതാവിന്റെ 25 മക്കളില്‍ ഒരാള്‍.
സല്‍മാന്‍ രാജാവിന് അല്‍ഷിമേഴ്‌സ് രോഗബാധയുണ്ടെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണങ്ങളില്ല. സൗദി സ്ഥാപക രാജാവിന്റെ ജീവിച്ചിരിയ്ക്കുന്ന 12 മക്കളില്‍ എട്ട് പേരും സല്‍മാനെ സ്ഥാനത്ത് നിന്ന് നീക്കുന്നതിനെ അംഗീകരിയ്ക്കുന്നു എന്നാണ് രാജകുടുംബത്തില്‍ നിന്ന് തന്നെയുള്ള ഒരു അംഗം പുറത്ത് വിട്ട വിവരം.
സൗദിയില്‍ മതപണ്ഡിതര്‍ക്ക് നിര്‍ണായക സ്ഥാനമാണുള്ളത്. ഉലമ എന്നറിയപ്പെടുന്ന ഇവരുടെ പിന്തുണയും ഈ നീക്കത്തിനുണ്ട് എന്നാണ് അവകാശവാദം. 75 ശമാനത്തോളം മതപണ്ഡിതരും സല്‍മാനെ താഴെയിറക്കാനുള്ള നീക്കത്തെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അബ്ദുള്ള രാജാവിന്റെ മരണം ശേഷം സല്‍മാന്‍ രാജാവ് അധികാരമേറ്റത് മുതല്‍ തന്നെ സൗദി രാജകുടുംബത്തില്‍ ഇത്തരം ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പൊതുവേ സൗദി രാജകുടുംബത്തിലെ വിവരങ്ങള്‍ പുറം ലോകത്തിന് അന്യമാണ്. സല്‍മാന്‍ രാജകുമാരന്റെ സഹോദരനായ അഹമ്മദ് ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരനെ രാജാവാക്കാനാണ് ഭൂരിപക്ഷം ആഗ്രഹിയ്ക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല