സ്വന്തം ലേഖകന്‍: ബ്രിട്ടന്റെ ട്രൈഡന്റ് ആണവ പ്രതിരോധ പദ്ധതിയുടെ ബജറ്റ് പുറത്ത്, ഖജനാവ് കാലിയാകുമെന്ന വിമര്‍ശനം ശക്തമാകുന്നു. ട്രൈഡന്റ് അണ്വായുധ പ്രതിരോധ സംവിധാനം പുതുക്കുന്നതിനു വേണ്ടിവരുന്ന ചെലവ് പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തിയതോടെയാണ് വിവാദവും തലപൊക്കുന്നത്.
മുങ്ങിക്കപ്പലുകള്‍ ഉള്‍പ്പെട്ട ഈ ആണവ മിസൈല്‍ പദ്ധതിയിലെ നാലു മുങ്ങിക്കപ്പലുകള്‍ക്കും അവയുടെ ആജീവനാന്ത സംരക്ഷണത്തിനും കൂടി ഏകദേശം 16,700 കോടി പൗണ്ട് ചെലവാകുമെന്നാണു കണക്കുകള്‍. 2028 മുതല്‍ 2060 വരെയുള്ള കാലഘട്ടത്തില്‍ വേണ്ടിവരുന്ന നവീകരണങ്ങളുള്‍പ്പെടെ എല്ലാവിധ ചെലവുകളും ഉള്‍പ്പെടെയാണിത്.
പാര്‍ലമെന്റില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി എംപി ക്രിസ്പിന്‍ ബ്ലണ്‍ടിന്റെ ചോദ്യങ്ങള്‍ക്കു മറുപടിയായാണ് ഔദ്യോഗിക കണക്കുകള്‍ പുറത്തുവരുന്നത്. ആണവ പദ്ധതിക്കുവേണ്ടി ബ്രിട്ടനിലെ സാധാരണക്കാരായ നികുതിദാതാക്കള്‍ നല്‍കേണ്ടിവരുന്ന വന്‍തുക യുക്തിക്കു നിരക്കുന്നതല്ലെന്ന് ബ്ലണ്‍ട് ആരോപിച്ചു.
ട്രൈഡന്റ് പദ്ധതി പുതുക്കലിന്റെ ചെലവു സംബന്ധിച്ച് നേരത്തെ പ്രഖ്യാപിച്ചിരുന്ന കണക്കുകളുമായി യാതൊരു സാമ്യവുമില്ല പുതിയ കണക്കുകള്‍. മുന്‍ കണക്കുകളില്‍ 2000 കോടി പൗണ്ട് ആയിരുന്നു പദ്ധതിച്ചെലവ്. ട്രൈഡന്റ് സമിതി കഴിഞ്ഞ വര്‍ഷം കണ്ടെത്തിയതാകട്ടെ, 10000 കോടി പൗണ്ട് വേണമെന്നും.
ബ്രിട്ടന്‍ ട്രൈഡന്റുമായി മുന്നോട്ടുപോകണോ എന്ന കാര്യത്തില്‍ അടുത്ത വര്‍ഷം തീരുമാനമാകുമെന്നാണു പ്രതീക്ഷ. ജെറമി കോര്‍ബിന്‍ ലേബര്‍ പാര്‍ട്ടി നേതാവായതും സ്‌കോട്‌ലന്‍ഡ് പാര്‍ട്ടി എസ്എന്‍പി ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ അട്ടിമറി വി!ജയം നേടിയതുമാണ് ബ്രിട്ടനില്‍ ആണവനയത്തെപ്പറ്റിയുള്ള സംവാദങ്ങള്‍ക്ക് ആക്കം കൂട്ടിയത്. ട്രൈഡന്റ് വിരുദ്ധ നിലപാടാണ് കോര്‍ബിന്റേതും എസ്എന്‍പിയുടേതും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല