സ്വന്തം ലേഖകന്‍: ചന്ദ്രബോസ് വധക്കേസ്, ഒന്നാം സാക്ഷി അനൂപ് മൊഴി മാറ്റിയത് പ്രതി നിസാമിന്റെ സഹോദരന്‍ റസാഖ് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നെന്ന് വെളിപ്പെടുത്തല്‍. നിസാം ചന്ദ്രബോസിനെ മര്‍ദ്ദിയ്ക്കുന്നത് കണ്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം അനൂപ് കോടതിയില്‍ മൊഴി നല്‍കിയത്. നേരത്തെ മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ മൊഴിയ്ക്ക് വിരുദ്ധമായിരുന്നു ഇത്.
പോലീസിന്റെ സമ്മര്‍ദ്ദം കൊണ്ടാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ അത്തരത്തില്‍ മൊഴി നല്‍കിയത് എന്നായിരുന്നു വിശദീകരണം. ഇതേ തുടര്‍ന്ന് അനൂപ് കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു.
എന്നാല്‍ ചന്ദ്രബോസിനെ നിസാം മര്‍ദ്ദിയ്ക്കുന്നത് കണ്ടിരുന്നു. നിസാമിന്റെ സഹോദരന്‍ റസാഖ് ഭീഷണിപ്പെടുത്തിയതിനാലാണ് മൊഴിമാറ്റിപ്പറഞ്ഞത് എന്നാണ് അനൂപിന്റെ പുതിയ വെളിപ്പെടുത്തല്‍. ചന്ദ്രബോസ് വധക്കേസിലെ ഒന്നാം സാക്ഷിയാണ് അനൂപ്. ചന്ദ്രബോസിനൊപ്പം ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ഇയാള്‍.
മുമ്പ് മാധ്യമങ്ങളോട് പോലും തുറന്ന് പറഞ്ഞ കാര്യങ്ങളായിരുന്നു കഴിഞ്ഞ ദിവസം അനൂപ് കോടതിയില്‍ നിഷേധിച്ചത്. താന്‍ രാത്രിയില്‍ ജോലി ചെയ്യുന്ന ആളാണ്. വീട്ടില്‍ ഭാര്യയും കുട്ടികളും മാത്രമേ ഉണ്ടാകൂ. ഭയം കൊണ്ടാണ് മൊഴിമാറ്റിപ്പറഞ്ഞതെന്നും അനൂപ് വ്യക്തമാക്കി.
കുറ്റബോധം കൊണ്ട് തനിയ്ക്ക് കഴിഞ്ഞ രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. സത്യം പറയാന്‍ ഭാര്യയും നിര്‍ബന്ധിച്ചതായി അനൂപ് വ്യക്തമാക്കി. ചന്ദ്ര ബോസ് വധക്കേസില്‍ കൂടുതല്‍ സാക്ഷികള്‍ മൊഴിമാറ്റിയേക്കാമെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല