സ്വന്തം ലേഖകന്‍: ദേശീയ പെന്ഷന് പദ്ധതിയില്‍ വിദേശ ഇന്ത്യക്കാര്‍ക്കും പണം നിക്ഷേപിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്കി. പ്രായമായവര്‍ക്കുള്ള വരുമാന സുരക്ഷാ പദ്ധതിയിലാണ് വിദേശ ഇന്ത്യക്കാര്‍ക്ക് പണം നിക്ഷേപിക്കാന്‍ കഴിയുക.
സാധാരണ ബാങ്കിടപാടിലൂടെ നിക്ഷേപം എത്തുന്ന തരത്തിലാണ് വിദേശ ഇന്ത്യക്കാര്‍ക്കായുള്ള പദ്ധതി. ഏതു രാജ്യത്തിന്റെ കറന്‍സിയായും നിക്ഷേപം നടത്താം. തുടര്‍ന്ന് വാര്‍ഷികാടിസ്ഥാനത്തില്‍ കുറഞ്ഞത് 6,000 രൂപ നിക്ഷേപിക്കാം. മൊത്തം നിക്ഷേപത്തിന്റെ 50 ശതമാനമേ ഓഹരിയാക്കാനാകൂ.
നിക്ഷേപകന് 60 വയസ്സ് ആകുമ്പോള്‍ തുക പിന്‍വലിക്കാം. മൊത്തം നിക്ഷേപം രണ്ടുലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ ഒറ്റത്തവണയായി പിന്‍വലിക്കാം. എന്നാല്‍ തുക അതിലധികമാണെങ്കില്‍ 40 ശതമാനം അക്കൗണ്ടില്‍ സൂക്ഷിക്കേണ്ടി വരും.
മാസ പെന്‍ഷനായിട്ടായിരിക്കും ഈ തുക ലഭിക്കുക.പെന്ഷന് ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡവലപ്മെന്റ് അതോറിട്ടിയാണ് ദേശീയ പെന്ഷന് പദ്ധതി കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പെന്ഷന് ഫണ്ട് നിക്ഷേപത്തിന് നികുതിയിളവ് പ്രഖ്യാപിച്ചിരുന്നു. 50,000 രൂപ വരെയുള്ള നിക്ഷേപത്തിനാണ് നികുതിയിളവ് ലഭിക്കുക. മാത്രമല്ല ഈ പദ്ധതിയില്‍ നിക്ഷേപ പരിധിയുമില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല