സ്വന്തം ലേഖകന്‍: വന്‍ കുതിച്ചു ചാട്ടത്തിനൊരുങ്ങി ഇന്ത്യന്‍ ആഭ്യന്തര വ്യോമയാന മേഖല, ഉപയോഗിക്കാത്ത 400 ചെറു വിമാനത്താവളങ്ങള്‍ വികസിപ്പിക്കാന്‍ പദ്ധതി. പുതുക്കിയ വ്യോമയാന കരടു നയത്തിലാണ് ഹ്രസ്വദൂര യാത്രകള്‍ക്കു നികുതിയടക്കം ടിക്കറ്റ് നിരക്കു 2500 രൂപയില്‍ താഴെയായി നിജപ്പെടുത്തുന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്ളത്.
എന്നാല്‍ ചെറു ആഭ്യന്തര വിമാന പദ്ധതിക്കുള്ള വിഭവ സമാഹരണത്തിന്റെ ഭാഗമായി ഇതര ആഭ്യന്തര, രാജ്യാന്തര റൂട്ടുകളില്‍ ജനുവരി ഒന്നു മുതല്‍ ടിക്കറ്റിനു 2% നികുതിയേര്‍പ്പെടുത്തും. ടിക്കറ്റ് നിരക്കും ആനുപാതികമായി ഉയരും.
അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നിനു മേഖലാ വ്യോമഗതാഗത പദ്ധതി (റീജനല്‍ കണക്ടിവിറ്റി സ്‌കീം–ആര്‍സിഎസ്) തുടങ്ങുകയാണു ലക്ഷ്യം. പൊതുജനങ്ങള്‍ക്കു കരടു നയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കാന്‍ മൂന്നാഴ്ച സമയമുണ്ട് (feedbackavpolicy@gov.in). രണ്ടു മാസത്തിനകം അന്തിമ നയം പ്രസിദ്ധീകരിക്കും.
ചെറു വിമാനത്താവളങ്ങളില്‍ നിന്ന് ഒരു മണിക്കൂര്‍ വിമാനയാത്രയ്ക്കു നികുതികള്‍ ഉള്‍പ്പെടെ 2500 രൂപയില്‍ കൂടാത്ത ടിക്കറ്റ് നിരക്ക് ഏര്‍പ്പെടുത്തുമെന്നു കരടു നയം പുറത്തുവിട്ട വ്യോമയാന മന്ത്രി അശോക് ഗജപതി രാജു പറഞ്ഞു. സംരംഭകരെ ആകര്‍ഷിക്കുന്നതിനു വിമാനത്താവള നികുതികളും വ്യോമയാന ഇന്ധന നികുതിയും ഇളവു ചെയ്യും.
ഓരോ ചെറു വിമാനത്താവളവും 50 കോടി രൂപ ചെലവിട്ടാണു വികസിപ്പിക്കുക. ഇതിന് 20,000 കോടി രൂപ വേണ്ടിവരും. 2% വ്യോമയാന നികുതിയിലൂടെ പ്രതിവര്‍ഷം 1500 കോടിയോളം രൂപ ലഭിക്കുമെന്നാണു പ്രതീക്ഷ. രാജ്യത്തെ 476 ചെറു വിമാന താവളങ്ങളില്‍ (എയര്‍ സ്ട്രിപ്–എയ്‌റോഡ്രോം) 75 എണ്ണം മാത്രമാണു പ്രവര്‍ത്തിക്കുന്നത്. ഉപേക്ഷിക്കപ്പെട്ടു കിടക്കുന്നവ 50 കോടി രൂപ വീതം ചെലവിട്ടു സൗകര്യപ്രദമായ വിമാനത്താവളങ്ങളാക്കുക എന്നതാണ് നയത്തിലെ മുഖ്യ നിര്‍ദ്ദേശം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല