സ്വന്തം ലേഖകന്‍: സ്വാമി ശാശ്വതികാനന്ദയുടെ മരണം, പുതിയ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ തുടരന്വേഷണം നടത്താന്‍ ക്രൈം ബ്രാഞ്ച്. സ്വാമിയുടെ മുങ്ങി മരണം സംബന്ധിച്ച് ഉയര്‍ന്ന പുതിയ വെളിപ്പെടുത്തലുകളും സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു വിവിധ കോണുകളില്‍നിന്നുയര്‍ന്ന ആവശ്യവും പരിഗണിച്ചാണിതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
പുതിയ വെളിപ്പെടുത്തലുകളും തെളിവുകളും ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ പരിശോധിച്ചശേഷം തുടരന്വേഷണത്തിനു സാധ്യതയുണ്ടെന്നു റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. രണ്ടാഴ്ചയോളം നടത്തിയ പരിശോധനയില്‍ പുതിയ തെളിവുകള്‍ ക്രൈം ബ്രാഞ്ചിനു ലഭിച്ചുവെന്നു ചെന്നിത്തല പറഞ്ഞു. തുടരന്വേഷണത്തിനു സര്‍ക്കാര്‍ ഉത്തരവിട്ടതു നിയമാനുസൃതമായ നടപടിയുടെ ഭാഗമായിട്ടാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ആദ്യം ലോക്കല്‍ പൊലീസും പിന്നീടു ക്രൈം ബ്രാഞ്ചും അന്വേഷിച്ചു പൂര്‍ത്തിയാക്കിയ കേസാണിത്. മുങ്ങിമരണമെന്നായിരുന്നു ഈ അന്വേഷണങ്ങളിലെ കണ്ടെത്തല്‍. 2002 ജൂലൈ ഒന്നിനാണ് ശിവഗിരി മഠാധിപതി സ്വാമി ശാശ്വതികാനന്ദയെ ആലുവാപ്പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം സംബന്ധിച്ചു വിവിധ ഏജന്‍സികള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ പരാതികളും ഹര്‍ജികളും കോടതിയിലുമെത്തിയിരുന്നു.
വിവാദ മദ്യവ്യവസായി ബിജു രമേശാണ് സ്വാമി ശാശ്വതികാനന്ദയുടെ മരണം കൊലപാതകമായിരുന്നുവെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുവേണ്ടി വാടകക്കൊലയാളി പ്രിയനാണ് കൃത്യം നിര്‍വഹിച്ചതെന്നും ആരോപിച്ച് രംഗത്തെത്തിയതാണ് കേസില്‍ വഴിത്തിരിവായത്. തുടര്‍ന്ന് തുടരന്വേഷണം ആവശ്യപ്പെട്ട ഹര്‍ജിയില്‍ രണ്ടാഴ്ചയ്ക്കകം സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഒക്ടോബര്‍ 26 നു നിര്‍ദേശിച്ച ഹൈക്കോടതി, നീന്തലറിയാവുന്ന സ്വാമി എങ്ങനെ മുങ്ങി മരിക്കുമെന്നും ചോദിച്ചത് ശ്രദ്ധേയമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല