വിവാദങ്ങളുടെ വര്‍ഷമായിരുന്നു 2010, വിവാദത്തില്‍ അകപ്പെട്ട് മുഖം നഷ്ടപ്പെട്ടവരും തെറ്റുകാരല്ലെന്ന് തെളിയിച്ച് പ്രതിച്ഛായമെച്ചപ്പെടുത്തിയവരുമുണ്ട് നമുക്ക് ചുറ്റും. രാഷ്ട്രീയത്തിലായാലും, കായികലോകത്തായാലും എന്തിന് കലാരംഗത്തുപോലും വിവാദം മാറിനിന്നില്ല. പലപ്പോഴും സംഭവങ്ങള്‍ വിവാദങ്ങളായി പരിണമിക്കുകയായിരുന്നു.
വിവാദങ്ങളില്‍ നിന്നും അകന്നുനില്‍ക്കാന്‍ കഴിഞ്ഞ രാഷ്ട്രീയപാര്‍ട്ടികളില്ല. എന്നത്തെയും പോലെ അപകടങ്ങളും മരണങ്ങളും മനുഷ്യമനസ്സാക്ഷിയെ മരവിപ്പിച്ചു. വിലക്കയറ്റം സാധാരണക്കാരന്റെ നടുവൊടിച്ചു. കൊള്ളയും കോഴയും അരങ്ങുവാണു. കഴിഞ്ഞ 12മാസങ്ങളില്‍ ഉണ്ടായ പ്രധാന സംഭവങ്ങളിലേയ്ക്ക് ഒന്നു തിരിഞ്ഞുനോക്കാം…
ജ്യോതി ബസു
വംഗനാടിനെ മൂന്ന് പതിറ്റാണ്ടോളം ചെങ്കോട്ടയാക്കി കാത്തുസൂക്ഷിച്ച മുന്‍ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസുവിന്റെ അന്ത്യം ഇന്ത്യന്‍ രാഷ്ട്രീയത്തിനേറ്റ നികത്താനാവാത്ത നഷ്ടമായിരുന്നു. കഴിഞ്ഞ ക്രിസ്മസ് കാലത്ത് ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കപ്പെട്ട ബസു ഏതാനും ആഴ്ചകള്‍ ആശുപത്രിയില്‍ കഴിഞ്ഞതിന് ശേഷമാണ് അന്തരിച്ചത്. ഈ ദിവസങ്ങളില്‍ രാജ്യത്തെ പൗരപ്രമുഖരെല്ലാം കൊല്‍ക്കത്തയിലേക്ക് പ്രവഹിയ്ക്കുകയായിരുന്നു. ഒടുവില്‍ ജനുവരി ആറിന് ചുവന്ന നക്ഷത്രം അസ്തമിച്ചു. ബംഗാളില്‍ ഇടതുമുന്നണി കനത്ത വെല്ലുവിളി നേരിടുന്ന കാലഘട്ടത്തില്‍ ബസുവിന്റെ വിയോഗം അവര്‍ക്ക് കനത്ത പ്രഹരമായി.
ലോകത്തെ കരയിപ്പിച്ച ഹെയ്തി
ഹെയ്ത്തിയെ മുച്ചൂടും തകര്‍ത്തെറിഞ്ഞ ഭൂകമ്പം ലോകജനതയെ തന്നെ ഞെട്ടിച്ചു. അമേരിക്ക ഭൂഖണ്ഡത്തിലെ കൊച്ചുരാജ്യത്തിന്റെ അടിത്തറയിളക്കിയ ഭൂകമ്പത്തില്‍ ഏതാണ്ട് രണ്ട് ലക്ഷത്തോളം പേരാണ് മരിച്ചത്. ഭൂചലനം സൃഷ്ടിച്ച ദുരിതങ്ങള്‍ ഇപ്പോഴും ഹെയ്തി ജനതയെ വേട്ടയാടുകയാണ്. ദാരിദ്ര്യത്തിനും പ്രകൃതി ദുരന്തങ്ങളും ഉയര്‍ത്തുന്ന വെല്ലുവളി നേരിടാന്‍ ലോകജനതയുടെ സഹായം തേടുകയാണ് ഹെയ്തി.
ഇന്ത്യക്കാര്‍ വേട്ടയാടപ്പെടുന്നു
ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കെതിരെ ആസ്ത്രേലിയയില്‍ അരങ്ങേറിയ വംശീയാക്രമണങ്ങള്‍ രൂക്ഷമായത് 2010ലാണ്. ഇന്ത്യക്കാര്‍ നിരന്തരം ആക്രമിക്കപ്പെട്ടതിനെതിരെ ദേശീയ വികാരം ആളിക്കത്തി. ആസ്ത്രേലിയയുടെ തെരുവുകളില്‍ ഇന്ത്യക്കാര്‍ കൂറ്റന്‍ പ്രതിഷേധ റാലികള്‍ നടത്തി. ലോകമൊട്ടുക്കുനിന്നും ഇതിന് പിന്തുണയുമുണ്ടായി. ഒടുവില്‍ വംശീയാക്രമണ സംഭവങ്ങള്‍ ക്രമേണ കുറഞ്ഞുവന്നു
പുനെ ഭീകരാക്രമണം
17 പേരുടെ ജീവനെടുത്ത പുനെ ഭീകരാക്രമണം രാജ്യത്തെ നടുക്കി. പുനെയിലെ തിരക്കേറിയ ജര്‍മ്മന്‍ ബേക്കറിയ്ക്കടുത്തായി ഉണ്ടായ സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇന്ത്യന്‍ മുജാഹീദീന്‍ എന്ന ഭീകരസംഘടനയാണെന്ന് പിന്നീട് നടന്ന അന്വേഷണത്തില്‍ വ്യക്തമായി.
ആന്ധ്രയെ പിളര്‍ക്കുന്ന തെലുങ്കാന
ആന്ധ്രാപ്രദേശ് വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപീകരിയ്ക്കണമെന്ന ആവശ്യം ഏറ്റവും ശക്തിയായി ഉന്നയിക്കപ്പെട്ട വര്‍ഷമാണ് കടന്നുപോകുന്നത്. രാഷ്ട്രീയ പാര്‍ട്ടികളും വിദ്യാര്‍ഥി സംഘടനകളും നടത്തിയ സമരപരമ്പര പലപ്പോഴും അക്രമത്തിലാണ് കലാശിച്ചത്. പ്രശ്‌നം ഇപ്പോഴും ആന്ധ്രയില്‍ സജീവമായി നിലനില്‍ക്കുന്നു. വിഭജനത്തെക്കുറിച്ച് പഠിയ്ക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാനും പ്രത്യേക കമ്മീഷനെ നിയോഗിച്ച സര്‍ക്കാര്‍ തത്കാലത്തേക്ക് വിവാദം തണുപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്.
വനിതാ ബില്‍ ഇപ്പോഴും ത്രിശങ്കുവില്‍
രാജ്യത്തിന്റെ ഏറെക്കാലത്തെ സ്വപ്നമായിരുന്ന വനിതാ ബില്‍ രാജ്യസഭയില്‍ പാസാക്കിയത് 2010ലെ പ്രധാന സംഭവങ്ങളില്‍ ഒന്നായിരുന്നു. ഇതിന്റെ ക്രെഡിറ്റ് രണ്ടാം യുപിഎ സര്‍ക്കാറിനാണ്. എന്നാല്‍ ഇക്കാര്യത്തില്‍ എതിര്‍പ്പ് രൂക്ഷമായതിനാല്‍ ഇക്കാര്യം പിന്നീട് വന്ന സമ്മേളനങ്ങളിലൊന്നും പരിഗണിക്കപ്പെട്ടില്ല. ലോക്‍സഭയിലും ബില്‍ പാസാക്കുകയെന്ന ലക്ഷ്യം ഇപ്പോഴും ബാക്കിനില്‍ക്കുന്നു
നിത്യാനന്ദയുടെ കാമകേളി പുറത്ത്
മാര്‍ച്ച് 3നാണ് ലോകമൊട്ടുക്കും ഭക്തജനങ്ങളും അനുയായികളുമുള്ള യുവ ആത്മീയാചാര്യന്‍ സ്വാമി നിത്യാനന്ദയുടെ ആശ്രമത്തിലെ കാമകേളികള്‍ പുറത്തായത്. നിത്യാനന്ദയും ഒരു തമിഴ് നടിയും ചേര്‍ന്നുള്ള കിടപ്പറ രംഗങ്ങള്‍ തമിഴ്നാട്ടിലെ സണ്‍ നെറ്റ് വര്‍ക്കാണ് ഈ വീഡിയോ പുറത്തുവിട്ടത്. ഇതോടെ ആശ്രമവുമായി ബന്ധപ്പെട്ട് നിത്യാനന്ദ നടത്തിവന്ന കള്ളത്തരങ്ങള്‍ വെളിച്ചത്തായി. വിശ്വസിക്കാന്‍ പ്രയാസമുള്ള കഥകളാണ് ഈ ആത്മീയനേതാവിന്റെ പേരില്‍ പിന്നീട് പ്രചരിച്ചത്. കേസ് കര്‍ണാടകത്തിലെ കോടതിയുടെ പരിഗണനയിലാണ്.
മാധ്യമങ്ങള്‍ ആഘോഷിച്ച താരവിവാഹം
പോയ വര്‍ഷം ഇന്ത്യ ശ്രദ്ധിച്ച താരവിവാഹങ്ങളിലൊന്ന്. മുന്‍കാമുകനെ ഉപേക്ഷിച്ച് ഇന്ത്യന്‍ ടെന്നീസ് റാണി സാനിയ മിര്‍സ പാക് ക്രിക്കറ്റ് താരം ഷോയിബ് മാലിക്കിനെ വിവാഹം കഴിയ്ക്കാന്‍ തീരുമാനിച്ചത് സാനിയ ആരാധകരെ ഞെട്ടിയ്ക്കുക തന്നെ ചെയ്തു. സാനിയയെ വിവാഹം കഴിയ്ക്കാന്‍ ഹൈദരാബാദിലെത്തിയതും തുടര്‍ന്നുണ്ടായ വിവാദങ്ങളും മാധ്യമങ്ങള്‍ ആഘോഷിയ്ക്കുക തന്നെ ചെയ്തു. ഒടുവില്‍ വിവാദങ്ങളെയെല്ലാം ഔട്ടാക്കി പ്രണയത്തിന്റെ കോര്‍ട്ടില്‍ ഇരുവരും ഒന്നിച്ചു.
കേരള കോണ്‍ഗ്രസ് – വളരുന്തോറും പിളരും പിളരന്തോറും വളരും
ഐക്യ കേരള കോണ്‍ഗ്രസ് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ഇടതുമുന്നണി മന്ത്രിസഭയില്‍ അംഗമായിരുന്ന പിജെ ജോസഫ് മന്ത്രിസ്ഥാനം രാജിവെച്ച് യുഡിഎഫിലെ പ്രധാനകക്ഷിയായ കേരള കോണ്‍ഗ്രസ് മാണിയില്‍ ലയിച്ചു. ജോസഫിന്റെ വരവ് വലതുമുന്നണിയില്‍ ഏറെ അപസ്വരങ്ങള്‍ക്കിടയാക്കി. ജോസഫിനൊപ്പം പോകാന്‍ തയാറാവാതെ നിന്ന പിസി തോമസും ഒരു വിഭാഗം നേതാക്കളും ഇടതിനൊപ്പം ഉറച്ചുനിന്നും. മന്ത്രിസ്ഥാനമാണ് ഈ ത്യാഗത്തിന് പ്രതിഫലമായി എല്‍ഡിഎഫ് നല്‍കിയത്. വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടിയെന്ന ഖ്യാതി 2010ലും കേരള കോണ്‍ഗ്രസ് നിലനിര്‍ത്തി.
മംഗലാപുരം വിമാനാപകടം
മംഗലാപുരം വിമാനത്താവളത്തിലുണ്ടായ വിമാനദുരന്തത്തില്‍ പൊലിഞ്ഞത് 158 ജീവനുകള്‍ , ഇതില്‍ അന്പതോളം മലയാളികളുമുണ്ടായിരുന്നു. അന്വേഷണത്തിനൊടുക്കം പൈലറ്റിന്റെ പിഴവാണ് അപകടകാരണമെന്ന് കണ്ടെത്തലുണ്ടായി. മരിച്ചവരുടെ ആശ്രിതര്‍ക്ക് സഹായം ലഭിക്കാന്‍ വൈകിയതും വിദേശ പൈലറ്റുമാരെ വേണ്ടത്ര പരിശീലനം കൊടുക്കാതെ നിയമിക്കുന്നതുമെല്ലാം ഇതുമായി ബന്ധപ്പെട്ട് വിമര്‍ശിക്കപ്പെട്ടു.
വിവാദപ്പെരുമഴയില്‍ ഐപിഎല്‍
ക്രിക്കറ്റിന്റെ പുതിയ വകഭേദമായ ഐപിഎല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വര്‍ഷമാണ് കടന്നുപോകുന്നത്. പുതുതായി രണ്ട ഐപിഎല്‍ ടീമുകളെ തിരഞ്ഞെടുത്തപ്പോള്‍ കൊച്ചി ഉള്‍പ്പെട്ടത് ഐപിഎല്‍ ഗവേണിങ് സമിതിയിലെ പലരെയും ഞെട്ടിച്ചിരുന്നു. ഐപിഎല്‍ ചെയര്‍മാനായ മോഡിയ്ക്ക് വരെ കൊച്ചി ടീമിനോട് എതിര്‍പ്പുണ്ടായി. കൊച്ചി ടീമിനെതിരെ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ പിന്നീട് വന്‍വിവാദം സൃഷ്ടിച്ചു. കൊച്ചി ടീമുമായി ബന്ധമുണ്ടെന്ന പേരില്‍ കേന്ദ്ര മന്ത്രി ശശി തരൂരിന് മന്ത്രിസ്ഥാനം നഷ്ടമായി. ഏറ്റമൊടുവില്‍ താന്‍ കുഴിച്ച കുഴിയില്‍ വീണ മോഡിയ്ക്കും ഐപിഎല്‍ ചെയര്‍മാന്‍ പദവിയില്‍ നിന്നും ഒഴിയേണ്ടി വന്നു. ആഭ്യന്തര പ്രശ്‌നങ്ങള്‍ ഒട്ടേറെ പൊട്ടിപ്പുറപ്പെട്ട വര്‍ഷാന്ത്യത്തില്‍ ബിസിസിഐയുടെ അംഗീകാരം നേടുന്നത് കണ്ടുകൊണ്ടാണ് 2010 വിടപറയുന്നത്.
ശശി തരൂര്‍ -സുനന്ദ വിവാഹം
ഐപിഎല്‍ വിവാദത്തിലൂടെയാണ് സുനന്ദ പുഷ്‌ക്കറെന്ന കശ്മീരി സുന്ദരിയുടെ പേര് ഇന്ത്യക്കാര്‍ക്ക് പരിചിതമാവുന്നത്. കൊച്ചി ടീമിന്റെ ഓഹരിയുടമകളിലെന്നായ സുനന്ദയുമായുള്ള അടുത്ത ബന്ധമാണ് കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തു നിന്നുള്ള എംപിയുമായ ശശി തരൂരിന് മന്ത്രിപദവി നഷ്ടപ്പെടുത്താന്‍ ഇടയാക്കിയത്. ഒടുവില്‍ ഓഹരി തിരിച്ചുനല്‍കി സുനന്ദ വിവാദങ്ങളില്‍ നിന്ന് തലയൂരി. എന്നാല്‍ തരൂരുമായുള്ള അടുത്ത ബന്ധം ഇവരുടെ വിവാഹത്തിലെത്തി. ദമ്പതികള്‍ ഇരുവരുടെയും മൂന്നാമത്തെ വിവാഹമായിരുന്നു ഇത്. പാലക്കാട് തരൂരിന്റെ തറവാട്ടില്‍ വെച്ചുനടന്ന വിവാഹചടങ്ങുകളില്‍ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു.
കൈവെട്ടിയ താലിബാന്‍ നീതി
തൊടുപുഴ ന്യൂമാന്‍ കോളെജില്‍ ഉണ്ടായ ചോദ്യപ്പേപ്പര്‍ വിവാദത്തിന്റ പേരില്‍ ഒരു കൂട്ടമാളുകള്‍ പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റി. കേരള മനസ്സാക്ഷിയെ ഞെട്ടിത്തരിപ്പിച്ച സംഭവത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു. ഈ സംഭവത്തിന് പിന്നാലെ പോപ്പുലര്‍ ഫണ്ട് കേരളം ആസ്ഥാനമാക്കി നടത്തുന്ന ഭീകരപദ്ധതികളുടെ ചുരുളഴിയുകയും കൈവെട്ടിന് പിന്നാലെ ജോസഫിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട സഭയെ കേരളം വിമര്‍ശിക്കുയും ചയ്തു.
ദ്രവ്യന്റെ വിഷക്കള്ളില്‍ ഒടുങ്ങിയത് 26 പേര്‍
കുടിയന്‍മാരുടെ സ്വന്തം നാടായി മാറിയ കേരളത്തെ മലപ്പുറം വിഷമദ്യദുരന്തം ഏറെ നടുക്കി. സെപ്റ്റംബര്‍ അഞ്ചിന് രാവിലെ കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷന് സമീപം കണ്ടെത്തിയ രണ്ട് മൃതദേഹങ്ങളാണ് വരാനിരിയ്ക്കുന്ന ദുരന്തത്തിന് സൂചന നല്‍കിയത്. അടുത്ത ദിവസങ്ങളിലായി മലപ്പുറം ജില്ലയില്‍ 26 പേരാണ് വിഷക്കള്ള് കുടിച്ച് ജീവന്‍ നഷ്ടമായത്. കള്ളു വിതരണം ചെയ്ത ദ്രവ്യനെയും കൂട്ടരെയും പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. പതിവു പോലെ രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ദ്രവ്യം നല്‍കിത്തന്നെയാണ് ദ്രവ്യനും കൂട്ടരും കുറ്റിപ്പുറത്ത് വിഹരിച്ചിരുന്നതെന്ന് പിന്നീട് നടന്ന അന്വേഷണത്തില്‍ വ്യക്തമായി.
ലാവലിനില്‍ ഇപ്പോഴും കറന്റ് ബാക്കി
വര്‍ഷങ്ങളായി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ലാവലിന്‍ അഴിമതി ആരോപണം 2010ലും സജീവമായിരുന്നു. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ആശ്വസിയ്ക്കാവുന്ന ചില സംഭവങ്ങള്‍ ഇതിനിടെ ഉണ്ടായി. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ലാവലിന്‍ കമ്പനിയും ഇടനിലക്കാര്‍ വഴി സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന് തെളിവ് ലഭിച്ചിട്ടില്ലെന്ന് സിബിഐയുടെ വെളിപ്പെടുത്തല്‍ പിണറായിക്ക് വലിയ ആശ്വാസം പകരുന്നതായി. ലാവലിന്‍ കേസില്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ വയലാര്‍ രവിയ്ക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നത് കേരളം ശ്രദ്ധയോടെ വീക്ഷിച്ചു. അടുത്ത കാലത്തൊന്നും ലാവലിന്‍ വിവാദം കെട്ടടങ്ങില്ലെന്ന സൂചനകളാണ് സുപ്രീം കോടതിയില്‍ വരെ വാദം തുടരുന്ന കേസ് നല്‍കുന്ന സൂചന.
മദനി ചരിത്രം ആവര്‍ത്തിയ്ക്കുന്നു
മദനിയുടെ കാര്യത്തില്‍ ചരിത്രം വീണ്ടും ആവര്‍ത്തിയ്ക്കുകയാണ്. കോയന്പത്തൂര് സ്ഫോടനക്കേസില്‍ ഒരു പതിറ്റാണ്ടോളം വിചാരണയൊന്നും കൂടാതെ ജയില്‍ കിടന്ന ശേഷം കുറ്റവാളിയില്ലെന്ന് വിധിയ്ക്കപ്പെട്ട് വെറുതെ വിട്ടു. ഇപ്പോള്‍ ബാംഗ്ലൂര്‍ സ്ഫോടനപരന്പരക്കേസില്‍ കര്‍ണാടക പൊലീസിന്റെ കസ്റ്റഡിയിലാണ് പിഡിപിയുടെ എല്ലാമെല്ലാമായ മദനി. കൊല്ലത്തെ അന്‍വാര്‍ശേരിയിലെത്തി മദനിയെ അറസ്റ്റ് ചെയ്യാനുള്ള കര്‍ണാടക പൊലീസിന്റെ ശ്രമങ്ങള്‍ രാജ്യത്തിന്റെ ശ്രദ്ധ കേരളത്തിലേക്ക് കേന്ദ്രീകരിച്ചു. ഏതാനും ദിവസത്തെ നാടകീയ രംഗങ്ങള്‍ക്ക് ശേഷം മദനിയെ പൊലീസ് അറസ്റ്റ് ചെയ്തു. വര്‍ഷാന്ത്യത്തിലും ബാംഗ്ലൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ തന്നെയാണ് മദനി.
യുഡിഎഫിന് കിട്ടിയ ലോട്ടറി
തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന് തൊട്ടുമുന്പ് പൊട്ടിപ്പുറപ്പെട്ട ലോട്ടറി വിവാദം അക്ഷരാര്‍ത്ഥത്തില്‍ വലതുമുന്നണിയ്ക്ക് കിട്ടിയ ലോട്ടറിയായി. തിരഞ്ഞെടുപ്പില്‍ ഭരണപക്ഷത്തിനെതിരെയുള്ള ശക്തമായി ആയുധമായി അവരത് ഉപയോഗപ്പെടുത്തുകയും ചെയ്തു. ഇടയ്ക്ക് കോണ്‍ഗ്രസ് വക്താവ് ദിഗ് വിജയ് സിങ് വി അന്യസംസ്ഥാന ലോട്ടറിയ്ക്കായി വാദിയ്ക്കാനെത്തിയത് കോണ്‍ഗ്രസിനും യുഡിഎഫിനും ക്ഷീണമായി.
അഴിമതിയില്‍ മുങ്ങിയ കോമണ്‍ വെല്‍ത്ത് ഗെയിംസ്
ഇന്ത്യയുടെ അഭിമാനമായി മാറേണ്ട ദില്ലിയിലെ കോമണ്‍വെല്‍ത്ത് ഗെയിംസ് പക്ഷേ വാര്‍ത്തകളില്‍ ഇടംപിടിച്ചത് മറ്റു ചില സംഭവങ്ങളിലൂടെയായിരുന്നു. വെല്‍ത്ത് ഉണ്ടാക്കാനായുള്ള ഗെയിമായി കായികമേളയെ മാറ്റിയത് രണ്ടാം യുപിഎ ഗവണ്‍മെന്റിന് വലിയ തിരിച്ചടിയായി. അവസാന നിമിഷം വരെ മേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവാഞ്ഞതും താളപ്പിഴകളും ലോകത്തിന് മുന്നില്‍ ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കി. എങ്കിലും അവസാന ലാപ്പില്‍ പ്രശ്നങ്ങളെല്ലാം ഒരുവിധം ഒതുക്കി മേള ഭംഗിയാക്കാന്‍ അധികാരികള്‍ക്ക് സാധിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം കൊയ്ത് നമ്മുടെ താരങ്ങളും തിളങ്ങി. എങ്കിലും കോടിക്കണക്കിന് രൂപയുടെ അഴിമതിയെപ്പറ്റിയുള്ള അന്വേഷണം ഇപ്പോഴും വാര്‍ത്തകള്‍ സൃഷ്ടിച്ചു കൊണ്ടിരിയ്ക്കുന്നു.
ലോകകപ്പ്: വക്കാ വക്കാ.. നീരാളി പിന്നെ സ്പെയിനും
എല്ലാ ദുരിതങ്ങളും ദുരന്തങ്ങളും മറന്ന് മുപ്പത് ദിനരാത്രങ്ങള്‍ ലോകം ഒരു പന്തിനുള്ളിലേക്ക് ചുരുങ്ങി. ഷക്കീരയുടെ വക്കാ വക്കാ ചുണ്ടുകളില്‍ തത്തിക്കളിച്ചപ്പോള്‍ ജര്‍മ്മനിയിലെ പേള്‍ നീരാളി ഈ ലോകകപ്പിന്റെ താരമായി. കളിക്കളത്തിലെ ഒരു മാസം നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ ഹോളണ്ടിന്റെ ഓറഞ്ച് പടയെ കീഴടക്കി സ്പാനിഷുകാര്‍ ലോകത്തിന്റെ നെറുകയിലേറി.
ഉപ്പുതിന്ന രാജ ഒടുവില്‍ വെള്ളം കുടിച്ചു
2008ല്‍ പൊട്ടിപ്പുറപ്പെട്ട 2ജി സ്പെക്ട്രം അഴിമതി വിവാദത്തില്‍ കുരുങ്ങി 2010ന്റെ അവസാന മാസങ്ങളില്‍ ടെലികോം മന്ത്രി എ രാജയുടെ പദവി നഷ്ടപ്പെട്ടപ്പോള്‍ ശരിയായത് ഉപ്പുതിന്നവന്‍ വെള്ളം കുടിയ്ക്കും എന്ന പഴഞ്ചൊല്ലാണ്. ഇന്ത്യ കണ്ട അഴിമതിക്കഥകളെയെല്ലാം നിസ്സാരമാക്കുന്നതായിരുന്നു 2ജി സ്പെക്ട്രം അഴിമതി. ഒന്നരലക്ഷം കോടിയുടെ അഴിമതി പ്രതിപക്ഷത്തിന് കിട്ടിയ നല്ലൊരു വടിയായി. ഇതിപ്പോഴും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചൂടേറിയ വിഭവമായി തുടരുന്നു.
അമേരിക്കയെ ഞെട്ടിച്ച ഓണ്‍ലൈന്‍ വിപ്ലവം
ഇന്റര്‍നെറ്റില്‍ വിക്കിലീക്സ് എന്ന വെബ്സൈറ്റ് സാന്നിധ്യമറിയിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും വിക്കിലീക്സ് എന്ന വാക്ക് ജനമനസ്സുകളില്‍ സ്ഥാനം പിടിയ്ക്കുന്ന കാഴ്ചയുമായാണ് 2010 മറയുന്നത്. അമേരിക്കയെന്ന ലോക പൊലീസിന്റെ ഉള്ളിലിരുപ്പും അന്തപുര രഹസ്യങ്ങളും അങ്ങാടിപ്പാട്ടാക്കിയ വിക്കിലീക്സും അതിന്റെ സാരഥി ജൂലിയാന്‍ അസാഞ്ചും ലോകമാധ്യമങ്ങളില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുകയാണ്. അമേരിക്കയെ അലോസരപ്പെടുത്തിയ അസാഞ്ചിനെ വേട്ടയാടാനുള്ള ശ്രമങ്ങള്‍ വിവിധ ഭരണകൂടങ്ങള്‍ തുടരുന്പോഴും ലോകജനതയില്‍ വലിയൊരു വിഭാഗം ഈ കുറിയ മനുഷ്യനൊപ്പം ഉറച്ചുനില്‍ക്കുന്നു. ഓണ്‍ലൈനില്‍ സൈബര്‍ വാറുമായി അവര്‍ അമേരിക്കയോടും അവരുടെ വിധേയരോടും യുദ്ധം ചെയ്ത് കൊണ്ടേയിരിക്കുന്നു.
കെ ജി ബാലകൃഷ്ണന്‍ സംശയത്തിന്‍റെ നിഴലില്‍
സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനുമായ ജസ്റ്റിസ് കെ ജി ബാലകൃഷ്ണനെതിരെ ഗുരുതരമായ അഴിമതിയാരോപണങ്ങള്‍ .കോളിളക്കം സൃഷ്ടിച്ച എസ്‌എന്‍സി ലാവ്‌ലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അനുകൂലമായ നിലപാടെടുക്കാന്‍ കെ ജി ബാലകൃഷ്ണന്‍ ശ്രമിച്ചതായി ആരോപണം.ഏഴുകോടി രൂപയുടെ അനധികൃതമായി സ്വത്തുവകകള്‍ സമ്പാദിച്ചുകൂട്ടിയെന്ന് കെ ജി ബാലകൃഷ്ണന്റെ മരുമകന്‍ പി വി ശ്രീനിജനെതിരെയും ആരോപണം ഉയര്‍ന്നിരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല