സ്വന്തം ലേഖകന്‍: റഷ്യന്‍ വിമാനം വീഴ്ത്തിയത് ഇസ്ലാമിക് സ്റ്റേറ്റല്ലെന്ന് റഷ്യയും ഈജിപ്തും, 30,000 അടി ഉയരത്തില്‍ പറക്കുന്ന വിമാനം തകര്‍ക്കാന്‍ ഭീകരര്‍ക്കു കഴിയില്ലെന്ന് വിദഗ്ധര്‍. ഭീകരാക്രമണം സംബന്ധിച്ച സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഐഎസ് അവകാശവാദം തള്ളിക്കളയുന്നതായും റഷ്യന്‍ ഗതാഗതമന്ത്രി മാക്‌സിം സോഖോലോവ് പറഞ്ഞു.
വിമാനം ആകാശത്തുവച്ചുതന്നെ രണ്ടായി പിളര്‍ന്നുവെന്നു റഷ്യന്‍ ഉദ്യോഗസ്ഥര്‍ ഇന്നലെ അറിയിച്ചു. സാങ്കേതിക തകരാറുമൂലം വിമാനം നിയന്ത്രണംവിട്ട് മലമ്പ്രദേശത്തു കൂപ്പുകുത്തുകയായിരുന്നുവെന്നായിരുന്നു അന്വേഷകരുടെ ആദ്യ നിഗമനം. ദുരന്ത മേഖലയില്‍നിന്നു കണ്ടെടുത്ത വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് പരിശോധനകള്‍ക്കായി അയച്ചിട്ടുണ്ട്.
ദുരന്തത്തില്‍ മരിച്ച 175 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 224 പേരാണു വിമാനത്തില്‍ ആകെയുണ്ടായിരുന്നത്. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് ഔദ്യോഗിക അറിയിപ്പ്. വിമാനം തകര്‍ന്നു വീണതിന്റെ 15 കിലോമീറ്റര്‍ ചുറ്റളവില്‍ ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നുണ്ട്. റഷ്യന്‍ മന്ത്രി വ്‌ലാഡിമിര്‍ പുക്കോവിന്റെ നേതൃത്വത്തിലാണു രക്ഷാപ്രവര്‍ത്തനം.
ചെങ്കടലിലെ റിസോര്‍ട്ട് നഗരമായ ഷറം അല്‍ ഷെയ്ഖില്‍നിന്ന് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്കു പുറപ്പെട്ട വിമാനത്തില്‍ 217 വിനോദസഞ്ചാരികളും ഏഴു ജീവനക്കാരുമാണുണ്ടായിരുന്നത്. അല്‍ അറിഷ് നഗരത്തിനടുത്തുള്ള മലമ്പ്രദേശത്താണു വിമാനം തകര്‍ന്നു വീണത്. ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കു സ്വാധീനമുള്ള മേഖലയാണിത്.
റഷ്യയിലെ കൊഗാലിം ആസ്ഥാനമായുള്ള ചെറുകിട വിമാന സര്‍വീസ് കമ്പനി കൊഗാലിമാവിയയുടേതാണ് ദുരന്തത്തില്‍പ്പെട്ട എയര്‍ബസ് എ 321. വിമാനത്തിന്റെ ‘ആരോഗ്യ’ത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 18 വര്‍ഷം പഴക്കമുള്ള വിമാനമാണിത്. വിമാനത്തിന്റെ മോശം അവസ്ഥയെക്കുറിച്ചു ഭര്‍ത്താവ് പറഞ്ഞിരുന്നുവെന്ന് വിമാനത്തിന്റെ കോ പൈലറ്റിന്റെ ഭാര്യ ഇന്നലെ വെളിപ്പെടുത്തി. ”ഷറം അല്‍ ഷെയ്ഖില്‍നിന്നു പുറപ്പെടുംമുന്‍പു മകളുമായി അദ്ദേഹം സംസാരിച്ചിരുന്നു. വിമാനം മോശം അവസ്ഥയിലാണെന്ന് അദ്ദേഹം മകളോടു പറഞ്ഞു.” – കോ പൈലറ്റ് സെര്‍ഗി ട്രുക്കാചെവിന്റെ ഭാര്യ നതാലിയ പറഞ്ഞു.
റഷ്യന്‍ അധികൃതര്‍ കൊഗാലിമാവിയ കമ്പനിക്കെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല