1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 3, 2015

സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പ്, മോദിയുടെ വാരാണസിയില്‍ ബിജെപി തകര്‍ന്നിടിഞ്ഞു, ബിഎസ്പിക്ക് വന്‍ നേട്ടം. മായാവതിയുടെ ബിഎസ്പിയും ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയും ബിജെപിയുടെ തകര്‍ച്ച മുതലെടുത്തപ്പോള്‍ മോദി ദത്തെടുത്ത ഗ്രാമമായ നയാപുരില്‍ പോലും പാര്‍ട്ടി തകര്‍ന്നു. വാരണാസിയില്‍ 48 ല്‍ 40 സീറ്റിലും ബിജെപി തോറ്റു.

അതേസമയം, മഹാരാഷ്ട്രയില്‍ കല്യാണ്‍ഡോമ്പിവാലി മുന്‍സിപല്‍ കോര്‍പറേഷനിലേക്ക് (കെഡിഎംസി) നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുന്ന സഖ്യകക്ഷി കൂടിയായ ശിവസേന വിജയിച്ചതും ബിജെപിക്ക് തിരിച്ചടിയായി. ശിവസേന 52 സീറ്റു നേടിയപ്പോള്‍ ബിജെപിയുടെ നേട്ടം 42 സീറ്റിലൊതുങ്ങി.

2017ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ ആയാണ് പഞ്ചായത്തു തിരഞ്ഞെടുപ്പിനെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ കാണുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ശക്തമായ വേരോട്ടം കാഴ്ചവച്ച ബിജെപി ഇത്തവണ ഉത്തര്‍പ്രദേശ് പിടിച്ചെടുക്കാനിരിക്കെയാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ മണ്ഡലമായ ലക്‌നൗവില്‍ 28ല്‍ നാലു സീറ്റിലേ വിജയിക്കാനായുള്ളൂ.

കേന്ദ്രമന്ത്രി കല്‍രാജ് മിശ്രയുടെ മണ്ഡലമായ ഡിയോറിയയില്‍ ജില്ലാ പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 56ല്‍ ഏഴു സീറ്റേ നേടാനായുള്ളൂ. അതേസമയം, പരാജയം വിലയിരുത്താന്‍ ബിജെപി സംസ്ഥാന നേതൃയോഗം സംസ്ഥാന അധ്യക്ഷന്‍ ഓം മാഥൂര്‍ നാളെ ലക്‌നൗവില്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുവാന്‍ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതായി നേരത്തെ തന്നെ ബിജെപി ആരോപണം ഉന്നയിച്ചിരുന്നു.

403 നിയമസഭാ മണ്ഡലങ്ങളും 80 ലോക്‌സഭാ മണ്ഡലങ്ങളുമായി രാജ്യത്ത് രാഷ്ട്രീയമായി ഏറ്റവും കരുത്തരായ സംസ്ഥാനമായ യുപിയില്‍ കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി 71 സീറ്റ് നേടിയിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.