സ്വന്തം ലേഖകന്‍: കേരളത്തിലെത്തുന്ന അന്യ സംസ്ഥാന തൊഴിലാളികളില്‍ ക്രിമിനലുകളും തീവ്രവാദികളും, കോഴിക്കോട് ബോഡോ തീവ്രവാദി പിടിയില്‍. നിരോധിത തീവ്രവാദ സംഘടനയായ ബോഡോയുടെ നാഷനല്‍ ഓര്‍ഗനൈസിങ് സെക്രട്ടറി വി.എല്‍ ദിന്‍ഗയാണ് പിടിയിലായത്. കോഴിക്കോട് കക്കോടിയില്‍ ഒരുമാസമായി ഒരുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പട്ടിണി കാരണം ഉത്തരേന്ത്യയില്‍ നിന്നും പലായനം ചെയ്ത ദിന്‍ഗ ഇവിടെ കൂലിപ്പണി ചെയ്തു ജീവിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ഇന്റലിജന്‍സും ചേര്‍ന്നായിരുന്നു അറസ്റ്റ്. ഇന്ത്യന്‍ സൈന്യവുമായി ഏറ്റുമുട്ടല്‍ നടത്തിയ ബോഡോ തീവ്രവാദ സേനയില്‍ ദിന്‍ഗ ഉണ്ടായിരുന്നതായും പറയുന്നു. അസം പൊലീസിനു കൈമാറാനാണു തീരുമാനമെന്നറിയുന്നു. അതിനു മുന്‍പ് കോടതിയില്‍ ഹാജരാക്കിയേക്കും. അസമില്‍ നിരവധി ഏറ്റമുട്ടല്‍ കേസുകള്‍ ഇയാളുടെ പേരില്‍ നിലവിലുണ്ട്. 15 ദിവസമായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നുവെന്ന പൊലീസ് പറഞ്ഞു.
സാധാരണ കുടിയേറ്റക്കാര്‍ക്കൊപ്പം കൊലയാളികളും കള്ളന്മാരും തീവ്രവാദികളും കേരളത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഡ്രൈവിങ് ലൈസന്‍സോ ഇലക്ഷന്‍ ഐഡികാര്‍ഡോ ആണ് രേഖയായി പോലിസ് സ്‌റ്റേഷനുകളിലും ജോലി സ്ഥലത്തും ആവശ്യപ്പെടുന്നത്. ഇത്തരം രേഖകളുടെ ആധികാരികത പരിശോധിക്കാന്‍ കേന്ദ്രീകൃതമായ ഒരു സംവിധാനവും നിലവിലില്ല. കൃത്രിമമായി ഉണ്ടാക്കിയതോ കൈക്കൂലി കൊടുത്ത് വാങ്ങിയതോ ആയ തിരിച്ചറിയല്‍ രേഖകളാണ് പലരുടെയും കൈവശമുള്ളത്.
കേരളത്തില്‍ ലഭിക്കുന്ന തരതമ്യേന ഉയര്‍ന്ന വേതനവും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുമാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികളെ ആകര്‍ഷിക്കുന്നത്. എന്നാല്‍ അടുത്തിടെ സംസ്ഥാനത്ത് ഇവര്‍ പ്രതികളാകുന്ന അക്രമ സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുനു. മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ വിരലടയാളങ്ങള്‍ ലഭിച്ചാല്‍ പോലും പോലിസിന് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല