സ്വന്തം ലേഖകന്‍: ബിഹാറില്‍ വിധിയെഴുത്ത് പൂര്‍ണം, ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നും മഹാസഖ്യം നേട്ടമുണ്ടാക്കുമെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍. പുറത്തുവന്ന നാല് സര്‍വ്വേ ഫലങ്ങളും വിരല്‍ ചൂണ്ടുന്നത് മഹാസഖ്യം ഇത്തവണ ബിഹാര്‍ പിടിക്കുമെന്നാണ്. 243 സീറ്റില്‍ മഹാസഖ്യം 122 സീറ്റ് നേടുമെന്ന് ടൈംസ് നൗ സീ വോട്ടര്‍ സര്‍വ്വേ വ്യക്തമാക്കുന്നു.
മഹാസഖ്യത്തിന് 124 വോട്ടു വരെ നേടാനാകുമെന്നാണ് ന്യൂസ് നേഷനും പുറത്തുവിടുന്നത്. എന്‍ഡിഎയ്ക്ക് 111 സീറ്റുകള്‍ ലഭിക്കുമെന്ന് ടൈംസ് നൗ സര്‍വ്വേ ഫലം വ്യക്തമാക്കുന്നു. എന്നാല്‍, ബിഹാറില്‍ തൂക്കുസഭയാണെന്ന് ഇന്ത്യ ടുഡേ പ്രവചിക്കുന്നത്.
എന്‍ഡിഎയ്ക്ക് 120ഉം മഹാസഖ്യത്തിന് 117ഉം സീറ്റുകള്‍ ലഭിക്കുമെന്നാണ് ഇന്ത്യ ടുഡേ സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്. ഉച്ചയ്ക്ക് രണ്ടു മണി വരെയുള്ള കണക്കുകളാണ് പുറത്തു വരുന്നത്. അതേസമയം, എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയല്ലെന്ന് ബിജെപി പറയുന്നു. സര്‍ക്കാര്‍ ഉണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ബിജെപി വ്യക്തമാക്കുന്നു.
ന്യൂസ് എക്സും മഹാസഖ്യം ഭൂരിപക്ഷം ഉറപ്പിക്കുമെന്ന് പറയുന്നു. 130 മുതല്‍ 140 സീറ്റുവരെ മഹാസഖ്യത്തിന് ലഭിക്കുമെന്നാണ് സര്‍വ്വേ ഫലം. 100 സീറ്റുകളില്‍ എന്‍ഡിഎ ഒതുങ്ങുമെന്നും ന്യൂസ് എക്സ് പ്രവചിക്കുന്നു. 827 സ്ഥാനാര്‍ത്ഥികളാണ് മത്സരംഗത്തുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല