സ്വന്തം ലേഖകന്‍: കാനഡയില്‍ സുപ്രധാന വകുപ്പുകളില്‍ നാല് ഇന്ത്യന്‍ വംശജര്‍ക്ക് മന്ത്രി പദവി, ചരിത്രത്തിലാദ്യം. ഹര്‍ജിത് സജ്ജന്‍ (പ്രതിരോധം), ബര്‍ദീഷ് ചാഗര്‍ (ചെറുകിട വ്യവസായ–വിനോദസഞ്ചാരം), അമര്‍ജീത് സോഹി (അടിസ്ഥാനസൗകര്യ വികസനം), നവ്ദീപ് ബെയ്ന്‍സ് (ശാസ്ത്രഗവേഷണം, സാമ്പത്തിക വികസനം) എന്നിവരെയാണു പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്.
കഴിഞ്ഞമാസം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ 19 ഇന്ത്യന്‍ വംശജരാണു തിരഞ്ഞെടുക്കപ്പെട്ടത്. ഇത്രയേറെ ഇന്ത്യന്‍വംശജര്‍ പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെടുന്നതും ഇതാദ്യമായാണ്. 30 അംഗ മന്ത്രിസഭയില്‍ 15 പേര്‍ വനിതകളാണ്.
10 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഭരണം അവസാനിപ്പിച്ചാണ് ഒക്ടോബര്‍ 19നു നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ജസ്റ്റിന്‍ ട്രൂഡോയുടെ നേതൃത്വത്തിലുള്ള ലിബറല്‍ പാര്‍ട്ടി അധികാരമേറ്റത്. കാനഡയുടെ 23–ാമതു പ്രധാനമന്ത്രിയായാണു ജസ്റ്റിന്‍ ട്രൂഡോ കഴിഞ്ഞദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. വംശീയവൈവിധ്യം, ലിംഗസമത്വം, പ്രാദേശിക പ്രാതിനിധ്യം എന്നിവ ഉറപ്പാക്കിയാണു മന്ത്രിസഭാ രൂപീകരണം.
പരിചയ സമ്പന്നര്‍ക്കൊപ്പം യുവാക്കള്‍ക്കും അര്‍ഹമായ ഇടംനല്‍കിയാണ് മന്ത്രിസഭാ രൂപീകരണം. 1997 ല്‍ റവന്യു മന്ത്രിയായി സ്ഥാനമേറ്റ ഹെര്‍ബ് ധാലിവാല്‍ ആണു കാനഡയിലെ ആദ്യത്തെ ഇന്ത്യന്‍ വംശജനായ മന്ത്രി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല