1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 9, 2015

സ്വന്തം ലേഖകന്‍: അവാര്‍ഡ് വാപസിക്കെതിരെ ചലച്ചിത്ര പ്രവര്‍ത്തകര്‍, രാജ്യത്ത് അസഹിഷ്ണുതയില്ലെന്ന് പ്രഖ്യാപിച്ച് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച്, മുന്‍നിരയില്‍ അനുപം ഖേറും പ്രിയദര്‍ശനും. രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുന്നുവെന്ന് ആരോപിച്ച് എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുന്നതിനിടെയാണ് അനുപം ഖേറിന്റെ നേതൃത്വത്തില്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്.

പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കി രാജ്യത്തെക്കുറിച്ച് തെറ്റായ പ്രതിച്ഛായ ഉണ്ടാക്കുന്നുവെന്നാണ് ഇവരുടെ ആരോപണം. 90 അംഗങ്ങള്‍ ഒപ്പിട്ട നിവേദനവും രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കൈമാറി. അനുപം ഖേറിനെക്കൂടാതെ സംവിധായകര്‍ പ്രിയദര്‍ശന്‍, മധുര്‍ ഭണ്ഡാര്‍ക്കര്‍, വസുദേവ് കാമത്ത്, മനോജ് ജോഷി, അഭിജിത്ത് ഭട്ടാചാര്യ, മധു കിശ്വര്‍, കിരണ്‍ ഖേര്‍ തുടങ്ങിയവരാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. മാര്‍ച്ച് ഫോര്‍ ഇന്ത്യ എന്നു പേരിട്ട ജാഥ നാഷണല്‍ മ്യൂസിയത്തിലാണ് തുടങ്ങിയത്.

കമല്‍ഹാസന്‍, ശേഖര്‍ കപൂര്‍, വിദ്യബാലന്‍, രവീണടണ്ഠന്‍, വിവേക് ഒബ്‌റോയി തുടങ്ങിയവര്‍ നിവേദനത്തില്‍ ഒപ്പിട്ടിട്ടുണ്ട്.
കൊലപാതകങ്ങള്‍ അപലപനീയമാണ്. അതില്‍ ഞങ്ങള്‍ പ്രതിഷേധിക്കുന്നു. എന്നാല്‍, അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നു. ഇതില്‍ വിഷമമുണ്ട് അനുപം പറഞ്ഞു. ഇന്ത്യയോളം സഹിഷ്ണുതയുള്ള മറ്റൊരു രാജ്യം ലോകത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

അവാര്‍ഡുകള്‍ തിരിച്ചുനല്‍കുന്നതിന് പിന്നില്‍ രാഷ്ട്രീയ അജന്‍ഡയുണ്ടെന്ന് പ്രിയദര്‍ശന്‍ പ്രതികരിച്ചു. ”ഒരുപാടു കാലത്തെ കാത്തിരിപ്പിനുശേഷമാണ് കാഴ്ചപ്പാടുള്ള ഒരാളെ പ്രധാനമന്ത്രിയായി നമുക്ക് കിട്ടുന്നത്. അദ്ദേഹത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. അദ്ദേഹം ചെയ്യുന്നതിനെ അവര്‍ക്ക് ഇല്ലാതാക്കണം. വലിയൊരു രാഷ്ട്രീയ അജന്‍ഡ ഇതിനു പിന്നിലുണ്ട്” അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.