1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 8, 2015

സ്വന്തം ലേഖകന്‍: ബെന്യാമിന്റെ ആടുജീവിതം സിനിമയാകുന്നു, നജീബായി പ്രിത്വിരാജ്. കുവൈത്ത്, ദുബായ്, ഒമാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം. 3ഡിയില്‍ ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്ന ചിത്രം 2018 ലാണ് പുറത്തിറങ്ങുക.

പ്രവാസി വ്യവസായി കെ.ജി. ഏബ്രഹാമിന്റെ കെജിഎ ഫിലിം കമ്പനിയാണു നിര്‍മ്മാണം. കെ.ജി ഏബ്രഹാമും ബ്ലസിയും പൃഥ്വിരാജും പങ്കെടുത്ത വാര്‍ത്താസമ്മേളനത്തിലാണു വിശദാംശങ്ങള്‍ അറിയിച്ചത്.

കഥയിലെ നിസ്സഹായതയല്ല, മനുഷ്യനും പ്രകൃതിയും ഉള്‍പ്പെടുന്ന പ്രമേയമാണ് ‘ആടുജീവിതം’ ചലച്ചിത്രമാക്കാന്‍ കാരണമെന്നു ബ്ലസി പറഞ്ഞു. ബിഗ് ബജറ്റ് ചിത്രം സാമ്പത്തിക നേട്ടം കണക്കാക്കിയല്ല നിര്‍മിക്കുന്നതെന്ന് കെ.ജി. ഏബ്രഹാം പറഞ്ഞു. നോവല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞതു തന്നെ അതിന്റെ പ്രാധാന്യത്തിനു തെളിവാണ്. അതിനാലാണ് ഈ സംരംഭവുമായി സഹകരിക്കുന്നത്. ‘ആടുജീവിത’ത്തിലെ നജീബ് ആകാന്‍ ജീവിതശീലങ്ങള്‍ തന്നെ മാറേണ്ടതുണ്ടെന്നു പൃഥ്വിരാജ് പറഞ്ഞു.

നീണ്ട കാലം തന്നെ ഈ സിനിമയ്ക്കായി മാറ്റിവയ്‌ക്കേണ്ടതുണ്ട്. അതിനിടെ മറ്റു സിനിമകളുമായി സഹകരിക്കാനാകുമെന്നു കരുതുന്നില്ല. കഥാപാത്രവുമായി താദാത്മ്യം പ്രാപിക്കേണ്ടതുണ്ട്. അഭിനയിച്ചു തീര്‍ന്നാലും നജീബിന്റെ മാനസികാവസ്ഥയില്‍ ആയിരിക്കും. നജീബിന്റെ രീതി അറിയാന്‍ മൂന്നോ നാലോ ദിവസം അദ്ദേഹവുമൊത്തു താമസിക്കാന്‍ ആലോചനയുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.

പ്രവാസ ജീവിതത്തിന്റെ പൊള്ളുന്ന അനുഭവങ്ങള്‍ക്കൊണ്ട് വായനക്കാരെ ഞെട്ടിച്ച നോവലായിരുന്നു ആടുജീവിതം. പ്രധാന കഥാപാത്രമായ നജീബ് ഉപജീവനമാര്‍ഗം തേടി മരുഭൂമിയില്‍ എത്തുന്നതും ചതിക്കപ്പെട്ട് ആട്ടിടയനായി ക്രൂരനായ തൊഴിലുടമയുടെ കീഴില്‍ അകപ്പെടുന്നതുമാണ് നോവലിന്റെ പ്രമേയം. സമീപകാലത്ത് ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റഴിഞ്ഞ നോവല്‍ കൂടിയാണ് ബെന്യാമിന്റെ ആടുജീവിതം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.