സ്വന്തം ലേഖകന്‍: ഇതിഹാസ താരങ്ങളുടെ ക്രിക്കറ്റ് ലീഗില്‍ വോണ്‍ വാരിയേഴ്‌സ് സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചു. ടോസ് നേടിയ വോണ്‍ വാരിയേഴ്‌സ് സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിനെ ബാറ്റിങിന് അയക്കുകയായിരുന്നു. ന്യൂയോര്‍ക്കിലെ സിറ്റി ഫീല്‍ഡിലെ ബേസ് ബോള്‍ സ്‌റ്റേഡിയത്തില്‍ ആണ് മത്സരം നടന്നത്. ഗാംഗുലിയുടെ അഭാവത്തില്‍ സച്ചിനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത് സെവാഗ് ആയിരുന്നു. 22 പന്തില്‍ 55 റണ്‍സ് എടുത്ത് തന്റെ കാലം കഴിഞ്ഞിട്ടില്ലെന്ന് സെവാഗ് ഒരിക്കല്‍ കൂടി തെളിയിച്ചു.
27 പന്തില്‍ 26 റണ്‍സെടുത്ത് സച്ചിന്‍, വോണിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ബ്രയാന്‍ ലാറയ്ക്കടക്കം മറ്റാര്‍ക്കും കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 20 ഓവറില്‍ എട്ട് വിക്കറ്റിന് 140 റണ്‍സ് എടുക്കാനേ സച്ചിന്‍ ബ്ലാസ്‌റ്റേസിനായുള്ളൂ.
മറുപടി ബാറ്റിംങിനിറങ്ങിയ വോണ്‍ വാരിയേഴ്‌സിന്റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. ഇന്നിംഗ്‌സ് ഓപ്പണ്‍ കാലിസിനും മാത്യു ഹെയ്ഡനും മടങ്ങിയതോടെ വാരിയേഴ്‌സ് പ്രതിരോധത്തിലായി. എന്നാല്‍ റിക്കി പോണ്ടിങും കുമാര്‍ സംഗക്കാരയും ഒത്തുചേര്‍ന്നതോടെ ബ്ലാസ്റ്റേഴ്‌സില്‍ നിന്നും മത്സരം വാരിയേഴ്‌സ് തട്ടി എടുത്തു. സച്ചിന്റെ വിക്കറ്റ് എടുക്കുകയും മികച്ച രീതിയില്‍ പന്തെറിയുകയും ചെയ്ത വോണ്‍ തന്നെയാണ് മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് കരസ്ഥമാക്കിയതും.
അമേരിക്കയില്‍ ക്രിക്കറ്റ് പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഓള്‍സ്റ്റാര്‍ ക്രിക്കറ്റ് ലീഗിന് സച്ചിനും വോണും ചോര്‍ന്ന് നേതൃത്വം നല്‍കുന്നത്.
ഇതിഹാസ താരങ്ങള്‍ സച്ചിന്റേയും വോണിന്റേയും ക്യാപ്റ്റന്‍സിയില്‍ രണ്ട് ടീമുകളായി വേര്‍തിരിഞ്ഞ് ഏറ്റുമുട്ടുന്നു. ലീഗില്‍ ആകെ മൂന്ന് ട്വന്റി20 മത്സരങ്ങളാണ് ഉള്ളത്. ആദ്യ മത്സരത്തില്‍ വോണ്‍ വാരിയേഴ്‌സ് ജയിച്ച സ്ഥിതിക്ക് ബാക്കിയുള്ള മത്സരങ്ങള്‍ സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിന് നിര്‍ണ്ണായകമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല