സ്വന്തം ലേഖകന്‍: നിയമ വിരുദ്ധമായി രാജ്യത്ത് സംഘടിച്ചാല്‍ നാടുകടത്തുമെന്ന് കുവൈത്ത്. ഫ്ലാറ്റിന്റെ ബേസ്മെന്റില്‍ ആയുധപൂജ ചടങ്ങുകള്‍ക്കായി അനുമതി വാങ്ങാതെ ഒത്തു കൂടിയ കര്‍ണാടക സ്വദേശികളില്‍ 11 പേരെ പിടികൂടിയതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അതിനു തൊട്ടുപുറകെയായിരുന്നു.
പിടിയിലായവരുടെ മോചനത്തിനായി എംബസി ഇടപെട്ടെങ്കിലും മോചന അനിശ്ചിതത്വത്തിലാണ്. ഇതിനിടെ ഈജിപ്ത് എംബസിക്കു മുന്പില് പ്രകടനത്തിനെത്താന്‍ ആവശ്യപ്പെട്ടുള്ള സന്ദേശം വാട്സാപ്പ് വഴി പ്രചരിപ്പിച്ചതിനു വനിതയുള്‍പ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തു. ഇവരെ ഉടന്‍ നാടുകടത്തും.
കുവൈത്ത് ഭരണകൂടത്തിനും പൗരന്മാര്ക്കും ദോഷം ചെയ്യും വിധം സമൂഹമാധ്യമങ്ങളെ ഉപയോഗിച്ചാല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്. കഴിഞ്ഞദിവസം സ്വദേശികളും ഈജിപ്തുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഈജിപ്തുകാരന് കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ഈജിപ്തുകാരെ പ്രകോപിപ്പിക്കുംവിധമുള്ള പ്രചാരണങ്ങളുണ്ടായത് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
മതപരമായ കാര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദേശ ഭാഷകളില്‍ വെള്ളിയാഴ്ച ജുമുഅ ഖുതുബ നിര്‍വഹിക്കുന്ന എഴുപതോളം മസ്ജിദുകള്‍ കുവൈത്തിലുണ്ട്. അവരുടെ പ്രസംഗങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. മലയാളം, തമിഴ്, ഹിന്ദി, ഉര്‍ദു, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളില്‍ ജുമുഅ ഖുതുബ സംവിധാനമുണ്ട്.
അതിനിടെ, സ്വദേശി താമസകേന്ദ്രങ്ങളില്‍ സംഘമായി താമസിക്കുന്ന പ്രവാസി തൊഴിലാളികളെ ഒഴിപ്പിക്കുന്ന നടപടി പുരോഗമിക്കുന്നു. ആറുമാസത്തിനിടെ 393 പാര്‍പ്പിടങ്ങളില്‍ നിന്നാണ് ആളുകളെ ഒഴിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല