സ്വന്തം ലേഖകന്‍: ബാര്‍ കോഴ കേസില്‍ മന്ത്രി പദവിയില്‍ തുടരണോയെന്നത് മാണിയുടെ മനസാക്ഷിക്കു വിടുന്നു, മാണിയെ നാണം കെടുത്തുന്ന പരാമര്‍ശവുമായി ഹൈക്കോടതി. മാണിക്കെതിരെ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതിയുടെ വിധി ശരിവച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ അപൂര്‍വ പരാമര്‍ശം.
കെഎം മാണി പദവിയില്‍ തുടരണോ എന്ന കാര്യം അദ്ദേഹത്തിന്റെ മനസ്സാക്ഷിയ്ക്ക് വിടുന്നു എന്നാണ് കോടതി പറഞ്ഞത്. തികച്ചും അസാധാരണമായ പരാമര്‍ശമാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിയ്ക്കുന്നത്. ഒപ്പം, വിജിലന്‍സ് ഡയറക്ടര്‍ വില്‍സണ്‍ എം പോളിനെതിരെ രൂക്ഷമായ പരാമര്‍ശങ്ങളാണ് ഹൈക്കോടതി നടത്തിയത്. വിജിലന്‍സ് ഡയറക്ടറുടെ നടപടി ക്രമങ്ങളെ കോടതി ചോദ്യം ചെയ്തു. കേസില്‍ വിധി പറയരുതെന്ന അഡ്വക്കറ്റ് ജനറലിന്റെ ആവശ്യവും കോടതി തള്ളി.
കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ കപില്‍ സിബലാണ് വിജിലന്‍സിന് വേണ്ടി ഹാജരായത്. കോടതി നടത്തിയ പ്രധാന പരാമര്‍ശങ്ങള്‍ ഇവയാണ്. ബാര്‍ കോഴ കേസില്‍ തുടരന്വേഷണം നടത്താം, കെഎം മാണി മന്ത്രിയായി തുടരുന്നത് ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കും, മാണി മന്ത്രിയായി തുടരണോ എന്ന കാര്യം അദ്ദേഹത്തിന്റെ മനസ്സാക്ഷിയ്ക്ക് വിടുന്നു, അന്വേഷണത്തെ എന്തിനാണ് സര്‍ക്കാര്‍ ഭയക്കുന്നത്, ജനങ്ങളുടെ നികുതി പണവുമായി ബന്ധപ്പെട്ട കേസാണിത്, വിജിലന്‍സ് ഡയറക്ടര്‍ക്ക് നടപടി ക്രമങ്ങളിള്‍ വീഴ്ചപറ്റി
തുടരന്വേഷണത്തിന് ഡയറക്ടര്‍ക്ക് ഉത്തരവിടാമായിരുന്നു, വിജിലന്‍സ് ഡയറക്ടര്‍ തെളിവുകള്‍ കൃത്യമായി പരിശോധിച്ചില്ല, സ്വന്തം അഭിപ്രായം അന്വേഷണ ഉദ്യോഗസ്ഥന് മേല്‍ അടിച്ചേല്പിച്ചു, കേസിന്റെ സ്ഥിതിവിവര റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി വിളിച്ചുവരുത്തിയതില്‍ തെറ്റില്ല, വസ്തുത റിപ്പോര്‍ട്ടും വേണമെങ്കില്‍ കോടതിയ്ക്ക് പരിശോധിയ്ക്കാം എന്നിങ്ങനെ സംസ്ഥാന സര്‍ക്കാരിനും അന്വേഷണ സംഘത്തിനും കനത്ത തിരിച്ചടിയാകുന്ന പരാമര്‍ശങ്ങളാണ് ഹൈക്കോടതി നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല