സ്വന്തം ലേഖകന്‍: എന്‍ ശ്രീനിവാസന് ഐസിസി ചെയര്മാന് സ്ഥാനത്തുനിന്ന് പുറത്ത്, വീഴ്ച ബിസിസിഐ പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന്. ശ്രീനിവാസനെ ഐ സി സി ചെയര്മാന് സ്ഥാനത്തുനിന്നും നീക്കാന്‍ തീരുമാനമെടുത്തത് പുതിയ ബി സി സി ഐ വര്‍ക്കിംഗ് കമ്മിറ്റിയാണ്.
ബി സി സി ഐയുടെ പുതിയ പ്രസിഡണ്ട് ശശാങ്ക് മനോഹറാകും ശ്രീനിവാസന് പകരം ഐ സി സി ചെയര്‍മാനാകുക. 2016 ല്‍ ശ്രീനിവാസന്റെ കാലാവധി തീരുന്നത് വരെ ശശാങ്ക് മനോഹര്‍ ഈ കസേരയില്‍ ഇരിക്കും. 2014 ല്‍ ബി സി സി ഐ ആണ് എന്‍ ശ്രീനിവാസനെ ഐ സി സി ചെയര്മാന് സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തത്. ഇപ്പോള്‍ അതേ ബി സി സി ഐ തന്നെ പിന്തുണ പിന്‍വലിക്കുകയും ചെയ്തു.
ഇന്ത്യന്‍ ക്രിക്കറ്റില്‍ എന്‍ ശ്രീനിവാസന്റെ ശക്തി ക്ഷയിക്കുന്നു എന്നതിന് സൂചന കൂടിയാണ് ഈ തീരുമാനം. ഡാല്‍മിയയ്ക്ക് പകരം ബി സി സി ഐ പ്രസിഡണ്ടായ ശശാങ്ക് മനോഹര്‍ കടുത്ത ശ്രീനിവാസന് വിരുദ്ധ ചേരിക്കാരനാണ്. ബി സി സി ഐ സെക്രട്ടറി അനുരാഗ് താക്കൂറും ശ്രീനിവാസനുമായി സ്വരച്ചേര്‍ച്ചയിലല്ല. താക്കൂറിനെതിരെ ശ്രീനിവാസന് പരസ്യമായി രംഗത്തെത്തിയിരുന്നു.
മരുമകന് ഗുരുനാഥ് മെയ്യപ്പന് ഐ പി എല്‍ കോഴക്കേസില്‍ പെട്ടതോടെയാണ് ശ്രീനിവാസന്റെ ശനിദശ തുടങ്ങിയത്. ഐ പി എല്‍ കോഴക്കേസിലെ ഇടപെടലുകള്‍ ശ്രീനിവാസന് ബി സി സി ഐ പ്രസിഡണ്ട് സ്ഥാനം നഷ്ടമാക്കി. സുപ്രീം കോടതി ഇടപെട്ടാണ് ശ്രീനിവാസനെ സ്ഥാനത്ത് നിന്നും നീക്കിയത്. സ്വന്തം ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ രണ്ട് വര്‍ഷത്തേക്ക് വിലക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല