1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2011

ലണ്ടന്‍: ബാങ്ക് ഓഫ് സ്‌കോട്ട്‌ലാന്റ് തങ്ങളുടെ മൂന്ന് ചാരിറ്റബിള്‍ കെയര്‍ ഹോമുകള്‍ അടച്ചുപൂട്ടുന്നതിനെതിരെ വിമര്‍ശനം. ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് പേ പാക്കേജായി 7.7മില്യണ്‍ പൗണ്ട് കൈപറ്റി മാസങ്ങള്‍ക്ക് ശേഷമാണ് ഈ തീരുമാനവുമായി ബാങ്ക് രംഗത്തെത്തിയിരിക്കുന്നത്.

സാമ്പത്തിക മാന്ദ്യകാലയളവില്‍ നികുതിദായകരുടെ 40ബില്യണ്‍ പൗണ്ട് ഈ ബാങ്കിനുവേണ്ടിയാണ് ചിലവാക്കിയത്. എന്നാല്‍ തങ്ങള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം 1.3മില്യണ്‍ പൗണ്ട് നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് ബാങ്ക് പറയുന്നത്. ഈ കെയര്‍ഹോമുകളുടെ സ്ഥിതി പരിതാപകരമാണെന്നും അത് ഇനി ഉപയോഗിക്കാന്‍ കഴിയില്ലെന്നുമാണ് ആര്‍.ബി.എസ് പറയുന്നത്.

എന്നാല്‍ ബാങ്കിന്റെ ഈ തീരുമാനം നടപ്പിലാക്കിയാല്‍ 40തോളം അന്തേവാസികളുടെ സ്ഥിതി കഷ്ടത്തിലാവുമെന്ന് ജോലിക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതില്‍ 105വയസുള്ളയാളും പെടും.

കെയര്‍ഹോമുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചിരിക്കുന്ന ആര്‍.ബി.എസ് 100 ഓളം വരുന്ന അവരുടെ മുന്‍നിര എക്‌സിക്യുട്ടീവുകള്‍ക്ക് 1മില്യണ്‍ പൗണ്ടിലധികമാണ് ശമ്പളമായി നല്‍കുന്നത്. ഇതിന് പുറമേ ജനറല്‍ ബോണസും നല്‍കുന്നുണ്ട്. ഈ സാലറിയുടെ 81% ബ്രിട്ടീഷ് നികുതിദായകരുടെ പണമാണ്.

എന്നാല്‍ ബാങ്കിന്റെ ഈ തീരുമാനം നാണക്കേടാണെന്നാണ് ക്യാമ്പയിനേഴ്‌സ് പറയുന്നത്. പ്രത്യേകിച്ച് ബാങ്കിന്റെ ചീഫ് എക്‌സിക്യുട്ടീവിന് 1.2മില്യണ്‍ പൗണ്ട് ശമ്പളത്തിന് പുറമേ 2മില്യണ്‍ പൗണ്ട് ബോണസും, 4.5മില്യണ്‍ പൗണ്ട് ഷെയറുകളും ലഭിച്ച ഈ അവസരത്തില്‍. ഈ കെട്ടിടത്തിന്റെ സ്ഥിതി പരിതാപകരമാണെന്ന വാദത്തെ ക്യാമ്പയിനേഴ്‌സ് എതിര്‍ത്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷം കെയര്‍ ക്വാളിറ്റി കമ്മീഷന്‍ ഇംഗ്ലണ്ടിലെ കെയര്‍ഹോമുകള്‍ പരിശോധിച്ചപ്പോള്‍ ഇവ് മൂന്നും മികച്ചതാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഇവര്‍ പറയുന്നത്.

ഇപ്പോള്‍ ഒഴിവാക്കാന്‍ പോകുന്ന ഹാരോഗെയ്റ്റ്, നോര്‍ത്ത് യോര്‍ക്ക്‌ഷൈര്‍, കാന്റര്‍ബറി, കെന്റ്. ടോര്‍ക്വെ, ഡേവണ്‍ തുടങ്ങിയ കെയര്‍ഹോമുകള്‍ 2000 മുതല്‍ ആര്‍.ബി.എസ് കെയര്‍ഹോംസ് ഫൗണ്ടേഷന്‍ എന്ന ചാരിറ്റിയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിലെ അന്തേവാസികളില്‍ ഭൂരിപക്ഷവും ആര്‍.ബി.എസിലെ മുന്‍ ജോലിക്കാരാണ്. 2008ല്‍ കമ്പനി ഇതുപോലെ കെയര്‍ഹോമുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

അന്തേവാസികളില്‍ നിന്നും 500പൗണ്ട് മുതല്‍ 700പൗണ്ട് വരെ ഇവര്‍ ഈടാക്കുന്നുണ്ടെങ്കിലും ചിലരുടെ ബില്ലുകള്‍ നല്‍കുന്നത് ലോക്കല്‍ അതോറിറ്റികളാണ്. കെയര്‍ഹോമുകള്‍ അടച്ചുപൂട്ടിയാല്‍ ഇവരുടെ കാര്യം കഷ്ടത്തിലാകും. ധാരാളം പണച്ചിലവുള്ളതിനാല്‍ പ്രൈവറ്റ് കെയര്‍ഹോമുകളിലേക്ക് പോകുക എന്നത് ഇവരെ സംബന്ധിച്ച് നടക്കുന്ന കാര്യമല്ല. എന്നാല്‍ അന്തേവാസികള്‍ക്ക് കെയര്‍ഹോമുകളില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ മൂന്ന്മാസത്തെ അവധി നല്‍കുമെന്നും അതിനുള്ളില്‍ മറ്റൊരു സ്ഥലം കണ്ടെത്തിയാല്‍ മതിയെന്നുമാണ് ആര്‍.ബി.എസ് പറയുന്നത്. കൂടാതെ ഓരോ അന്തേവാസിക്കും 1,000പൗണ്ട് ധനസഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

അന്തേവാസികള്‍ക്ക് പുറമേ 129 ഓളം കെയര്‍, നഴ്‌സിംങ് ജോലിക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.