സ്വന്തം ലേഖകന്‍: കേക്ക് ഓസ്കറിന്റെ അവസാന റൗണ്ടില്‍ മലയാളി വനിതയും, ചോക്ലേറ്റ് മാധ്യമാക്കി ലോകത്തെ അമ്പരപ്പിക്കാന്‍ കാഞ്ഞിരപ്പള്ളി സ്വദേശി അന്ന മാത്യു വടയാറ്റ്. കേക്ക് മാസ്റ്റേഴ്സ് മാഗസിന് നടത്തുന്ന കേക്ക് രൂപകല്പനാ മല്‍സരത്തിന്റെ അവസാന പട്ടികയിലാണ് കാഞ്ഞിരപ്പള്ളി സ്വദേശി അന്ന മാത്യു വടയാറ്റ് സ്ഥാനം പിടിച്ചത്.
മനോഹരമായ കേക്കുകള്‍ രൂപകല്പന ചെയ്യുന്നതില്‍ വിദഗ്ധയായ അന്ന, ചോക്ക്ലേറ്റാണ് തന്റെ ശില്പകലാ മാധ്യമമായി തെരഞ്ഞെടുത്തത്. ലോകത്തെമ്പാടും കേക്കുകളുടെ കാര്യത്തില്‍ അവസാന വാക്കെന്നു വിശേഷിപ്പിക്കാവുന്ന കേക്ക് മാസ്റ്റേഴ്സ് മാസികയാണു കേക്ക് ഓസ്കര് സമ്മാനം നല്‍കുന്നത്.
പരമ്പരാഗത രീതിയില്‍നിന്നു വ്യത്യസ്തമായി കേക്ക് രൂപകല്പനയിലേക്കു തന്റെ ശില്പനിര്മാണ വൈഭവം കൂട്ടിയിണക്കുകയാണ് അന്ന ചെയ്തത്. അന്നയുടെ കേക്കുകള്‍ വ്യാപകമായി ശ്രദ്ധനേടിയിട്ടുമുണ്ട്. ഇതിന് അംഗീകാരമെന്നോണം യു.കെയിലെ 2014ലെ പ്രെറ്റി വിറ്റി കേക്സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. കേക്ക് മാസ്റ്റേഴ്സില്നിന്നുള്ള പുരസ്കാരം ഏതൊരു ഡിസൈനറുടെയും സ്വപ്നമാണ്.
വളരെച്ചെറുപ്പത്തില്തന്നെ കല താത്പര്യങ്ങളുണ്ടായിരുന്ന അന്ന, ബിരുദ പഠനത്തിനുശേഷം ചെന്നൈയിലെ സ്റ്റെല്ലാ മാരിസില്നിന്നും ഫൈന്‍ ആര്‍ട്സില്‍ മാസ്റ്റര്‍ ബിരുദം നേടി. ആദ്യഘട്ടത്തില്‍ അന്നയുടെ ബ്രഷ് മനോഹര ഭൂപ്രകൃതിയെ കാന്വാസിലെത്തിച്ചു. ഓയില്‍ പെയിന്റിങ്ങില്‍നിന്നു ശില്പനിര്മാണത്തിലേക്കു താല്പര്യം വളര്‍ന്നതോടെ ആരും കൈവയ്ക്കാത്ത മേഖലയിലേക്ക് അന്ന കടന്നു.
കേക്ക് രൂപകല്പനയിലെ ആദ്യ ചുവടുതന്നെ ഏവരെയും അമ്പരപ്പിച്ചു. ഒട്ടും സ്ഥിരതയില്ലാത്ത മാധ്യമമായ ചോക്ലേറ്റിനെയാണ് അന്ന തന്റെ വരുതിയിലാക്കിയത്. കഴിഞ്ഞ മൂന്നുവര്‍ഷമായി മുന്നൂറിലേറെ കേക്കുകള്‍ രൂപകല്പന ചെയ്തിട്ടുണ്ട്. കേക്ക് ഓസ്കര് പുരസ്കാരത്തിന്റെ അവസാന് പട്ടികയില്‍ സ്ഥാനം പിടിക്കുന്നതിലൂടെ രാജ്യത്തിന് അഭിമാനമാകുകയാണ് അന്ന. പുരസ്കാരം ലഭിക്കുന്നതിനപ്പുറം രാജ്യത്തിനുവേണ്ടി പങ്കെടുക്കുന്നതിലാണു പ്രാധാന്യം നല്‍കുന്നതെന്നും അന്ന പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല