സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുകെ സന്ദര്‍ശനം, മോദിയെ ഹിറ്റ്ലറോട് ഉപമിച്ച് വന്‍ പ്രതിഷേധം. കഴിഞ്ഞ ദിവസം യുകെ പാര്‍ലമെന്റ് പരിസരത്താണ് വന്‍ ബാനര്‍ ഉയര്‍ത്തിയത്. ബ്രിട്ടീഷ് പ്രവാസി സംഘടനയായ ആവാസ് നെറ്റ്വര്‍ക്കാണ് പ്രതിഷേധവുമായി മുന്നോട്ടു വന്നത്.
ഡിജിറ്റല്‍ ഇന്ത്യയുടെയും ശുചിത്വഭാരതത്തിന്റെയും പേരിലുള്ള ആശയങ്ങളുമായി രംഗത്തു വന്ന മോദിയുടെ യഥാര്‍ഥ ലക്ഷ്യം മതസൗഹാര്‍ദ്ദവും ജനാധിപത്യവും തകര്‍ക്കുകയാണെന്ന് ആവാസ് നെറ്റ്വര്‍ക്ക് നേതാക്കള്‍ ആരോപിച്ചു.
ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനുള്ള നിവേദനം ബ്രിട്ടിഷ് അധികൃതര്‍ തയാറാക്കിയിട്ടുണ്ട്. 40 ബ്രിട്ടീഷ് എംപിമാര്‍ ചേര്‍ന്ന് ഒപ്പിട്ട നിവേദനം പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ മോദിക്ക് കൈമാറും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്നുദിവസത്തെ ബ്രിട്ടന് സന്ദര്‍ശനം വ്യാഴാഴ്ചയാണ് ആരംഭിക്കുക. യു.കെ. പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി, എലിസബത്ത് രാജ്ഞിയുമായും കൂടിക്കാഴ്ച നടത്തും. ഒമ്പതുകൊല്ലത്തെ ഇടവേളയ്ക്കുശേഷമാണ് ബ്രിട്ടനുമായി ഇന്ത്യയുടെ ഉഭയകക്ഷി ചര്‍ച്ച നടക്കുന്നത്. ഇതോടൊപ്പം പ്രതിരോധമടക്കമുള്ള വിവിധ മേഖലകളിലെ കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പിടും.
കഴിഞ്ഞ മാസത്തെ യു.എസ് സന്ദര്‍ശനത്തിന് ഇടയ്ക്കും മോദിക്കെതിരെ പലയിടങ്ങളിലും പ്രതിഷേധം അരങ്ങേറിയിരുന്നു. ‘മോദിയുടെ കൈകളില്‍ നിന്നും പടര്‍ന്ന രക്തക്കറ കഴുകിക്കളയാന്‍’ എന്ന കുറിപ്പോടെ, ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന് ഹാന്‍ഡ് വാഷാണ് പ്രതിഷേധക്കാര്‍ അയച്ചുകൊടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല