സ്വന്തം ലേഖകന്‍: കറുത്ത വര്‍ഗക്കാരായതിനാല്‍ മെല്‍ബണിലെ ആപ്പിള്‍ സ്റ്റോറില്‍ നിന്ന് ആഫ്രിക്കക്കാരായ കൗമാരക്കാരെ ഇറക്കിവിട്ടു. തുടര്‍ന്ന് സംഭവം വിവാദമായതോടെ ആപ്പിള്‍ മാപ്പ് പറഞ്ഞു തടിയൂരി. മെല്‍ബണിലെ മാരിബ്രിനോഗില് വിദ്യാര്‍ത്ഥികളായ കൗമാരക്കാരെയാണ് ആപ്പിള്‍ സ്റ്റോറില്‍ നിന്ന് ഇറക്കിവിട്ടത്.
കറുത്തവര്‍ മോഷ്ടാക്കളാണെന്ന വിചിത്രവാദം പറഞ്ഞാണ് ആറംഗ വിദ്യാര്‍ത്ഥി സംഘത്തെ ആപ്പിള്‍ സ്റ്റോര്‍ ജീവനക്കാര്‍ ഇറക്കിവിട്ടത്. സംഭവത്തിന്റെ വീഡിയോ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പുറത്തുവിട്ടിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ആപ്പിള്‍ വെട്ടിലായത്.
ആപ്പിള്‍ ജീവനക്കാരുടെ വംശീയ വെറിയില്‍ പ്രതിഷേധിച്ച് നിരവധി പേര് ഫെയ്സ്ബുക്കില്‍ രംഗത്തുവന്നിരുന്നു. വിമര്‍ശനം കടുത്തതോടെ സ്റ്റോര്‍ മാനേജര്‍, കുട്ടികളോട് മാപ്പ് പറഞ്ഞു. ആപ്പിള്‍ ഓസ്ട്രേലിയ അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. അപമാനിതരായ കുട്ടികളോടും അവര്‍ പഠിക്കുന്ന സ്കൂളിന്റെ പ്രിന്‍സിപ്പലായ നിക്ക് സ്കോട്ടിനോടും ക്ഷമാപണം നടത്തിയതായി ആപ്പിള്‍ ഓസ്ട്രേലിയ സ്ഥിരീകരിച്ചു.
അതേസമയം കറുത്ത വംശജരായ കുട്ടികള്‍ നേരത്തെയും നിരവധി തവണ വംശീയ അധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്ന് സ്കോട്ട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല