1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 13, 2015

ബാല സജീവ് കുമാര്‍/അനീഷ് ജോണ്‍: യൂറോപ്പിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കലാമാമാങ്കവും ആഗോള പ്രവാസി മലയാളികള്‍ക്കിടയില്‍ സംസ്ഥാന സ്‌ക്കൂള്‍ യുവജനോത്സവം മാതൃകയില്‍ സംഘടിപ്പിക്കപ്പെടുന്നതുമായ യുക്മ നാഷണല്‍ കലാമേള 2015ന് ഇനി ഏതാനും നാളുകള്‍ കൂടി മാത്രം. കേംബ്രിഡ്ജ്‌ഷെയറിലെ ചരിത്രമുറങ്ങുന്ന ഹണ്ടിംഗ്ടണ്‍ നഗരത്തില്‍ 2015 നവംബര്‍ 21 ശനിയാഴ്ച്ച നടക്കുന്ന കലാമേളയില്‍ പങ്കെടുക്കുന്നതിനായി യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് ആളുകളാണ് എത്തിച്ചേരുവാനായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. പ്രാദേശിക അസോസിയേഷനുകളില്‍ മത്സരിച്ച് വിജയിച്ച് അവിടെ നിന്നും റീജണല്‍ തല മത്സരങ്ങളില്‍ പങ്കെടുത്ത് അവിടെ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവരാണ് ദേശീയ കലാമേളയില്‍ മാറ്റുരയ്ക്കാനെത്തുന്നത്. ഇത്തവണത്തെ റീജണല്‍ കലാമേളകള്‍ വളരെ വിജയകരമായി പര്യവസാനിച്ചിരിക്കുകയാണ്. ഇനി എല്ലാ കണ്ണുകളും ഹണ്ടിംഗ്ടണില്‍ നടക്കുന്ന നാഷണല്‍ കലാമേളയിലേയ്ക്കാണ്. നിലവിലുള്ള ചാമ്പ്യന്മാരായ ഈസ്റ്റ് ആംഗ്ലിയയ്ക്ക് ആതിഥേയരെന്ന നിലയില്‍ കിരീടം നിലനിര്‍ത്താനാവുമോ. അതോ സ്വന്തം തട്ടകത്തില്‍ ഹാട്രിക്ക് വിജയം നേരിയ പോയിന്റുകള്‍ക്ക് നഷ്ടമായ മിഡ്‌ലാന്റ്‌സ് പകരം വീട്ടി വിജയികളാവുമോ. ഏത് അസോസിയേഷനാണ് ഏറ്റവുമധികം പോയിന്റ് നേടി ഒന്നാമതെത്തുക. ആരാവും കലാപ്രതിഭ, കലാതിലക പട്ടങ്ങള്‍ നേടുക. ഏകദേശം അയ്യായിരത്തോളും ആളുകളാണ് വിവിധ സമയങ്ങളിലായി കലാമേള കാണുന്നതിനായി എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. മത്സരിക്കുന്നവര്‍ക്കും കാണികളായി എത്തിച്ചേരുന്നവര്‍ക്കും എല്ലാ വിധ സൗകര്യങ്ങളും കലാമേള വേദിയായ സെന്റ് ഐവോ സ്‌ക്കൂളില്‍ എല്ലാ വിധ സൗകര്യങ്ങളും യുക്മ ദേശീയ കമ്മറ്റി ഒരുക്കിയിട്ടുണ്ട്. യുക്മയെ സ്‌നേഹിക്കുന്ന നൂറ് കണക്കിന് ആളുകളുടെ വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നത്തിന്റെ ഫലമായിട്ടാണ് ഇത്രയും ബൃഹത്തായ ഒരു കലാമാമാങ്കം വളരെ ചിട്ടയായ രീതിയില്‍ സംഘടിപ്പിക്കപെടുന്നത്.

2010ല്‍ ബ്രിസ്റ്റോളില്‍ ആദ്യമായി നടത്തപ്പെടുമ്പോള്‍ ഒരു ദേശീയ കലാമേള എത്രമാത്രം പ്രായോഗികമാണ് എന്ന ആശങ്ക പല കോണുകളിലും നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രഥമ കമ്മറ്റിയുടെ നിശ്ചയദാര്‍ഡ്യവും റീജണല്‍ കമ്മറ്റികളുടെയും അംഗ അസോസിയേഷനുകളുടെയും കലവറയില്ലാത്ത പിന്തുണയും ബ്രിസ്റ്റോളില്‍ കലാമേള വിജയകരമാക്കുവാന്‍ എത്തിച്ചേര്‍ന്ന ജനപങ്കാളിത്തവുമാണ് യു.കെ മലയാളികളുടെ നാഷണല്‍ കലാമേള എന്ന മഹത്തായ ആശയത്തിന് കരുത്തും ആവേശവും പകര്‍ന്നത്. പ്രസിഡന്റ് വര്‍ഗീസ് ജോണ്‍, സെക്രട്ടറി ബാലസജീവ് കുമാര്‍, ജനറല്‍ കണ്‍വീനര്‍ ദേവലാല്‍ സഹദേവന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മാമ്മന്‍ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ യുക്മ നാഷണല്‍ കമ്മറ്റി ഭാരവാഹികളും ആതിഥേയരായ ബാത്ത് മലയാളി കമ്മ്യൂണിറ്റിയും കൈകോര്‍ത്ത് നിന്നപ്പോള്‍ 2010 നവംബര്‍ 13 ശനിയാഴ്ച്ച ബ്രിസ്റ്റോള്‍ സൗത്ത് മെഡിലുള്ള ഗ്രീന്‍ വേ സെന്ററില്‍ ചരിത്രം സൃഷ്ടിച്ചുകൊണ്ട് പ്രഥമ കലാമേളയ്ക്ക് തിരിതെളിയ്ക്കപ്പെട്ടു. യു.കെ മലയാളികളുടെ അഭിമാനമായ ലിവര്‍പൂളില്‍ നിന്നുള്ള സിനിമാതാരം പ്രിയാലാലാണ് പ്രഥമകലാമേളയ്ക്ക് മുഖ്യാതിഥിയായെത്തി തിരിതെളിച്ചത്.

ഏറെ പ്രയത്‌നങ്ങള്‍ക്കൊടുവിലാണ് ബ്രിസ്റ്റോളിലെ വേദിയില്‍ ആദ്യ കലാമേള അരങ്ങേറിയത്. വിവിധ റീജണുകളില്‍ മത്സരിച്ച് വിജയികളാവുന്നവരെ ദേശീയ കലാമേളയില്‍ പങ്കെടുപ്പിക്കുക എന്ന വെല്ലുവിളിയാണ് അന്ന് അണിയറപ്രവര്‍ത്തകര്‍ ഏറ്റെടുത്ത് വിജയിപ്പിച്ചത്. എല്ലാ റീജണുകളിലും നടക്കുന്ന മത്സരങ്ങള്‍ക്ക് അംഗ അസോസിയേഷനുകളുടെ പിന്തുണ ഉണ്ടാവുമോ എന്ന സംശയവും ഉയര്‍ന്നിരുന്നു. എന്നാല്‍ കലാമേളകള്‍ പ്രഖ്യാപിച്ചതോടെ യുകെയിലെങ്ങും ആവേശത്തിന്റെ അലയടികള്‍ ഉയത്തിക്കൊണ്ട് അഭൂതപൂര്‍വമായ പിന്തുണയാണ് വിവിധ റീജണുകളില്‍ നിന്നും ലഭിച്ചത്. 2010 സെപ്തംബര്‍ 4ന് സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജണിലെ റെഡ്ഡിംങിലാണ് ആദ്യ റീജണല്‍ കലാമേള അരങ്ങേറുന്നത്. തുടര്‍ന്ന് ഈസ്റ്റ് ആംഗ്ലിയ, മിഡ്‌ലാന്റ്‌സ്, നോര്‍ത്ത് ഈസ്റ്റ്, നോര്‍ത്ത് വെസ്റ്റ്, വെയില്‍സ്, യോര്‍ക്ക്‌ഷെയര്‍, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലും റീജണല്‍ കലാമേളകള്‍ അരങ്ങേറി. ആദ്യമായി നടത്തപ്പെടുന്നതിന്റെ അപാകതകള്‍ പല റീജണുകളിലും സംഭവിച്ചുവെങ്കിലും വിവിധ റീജിയണുകളിലായി 420ഓളം മല്‍സരങ്ങളാണ് നടത്തപ്പെട്ടുവെന്നുള്ളത് ശ്രദ്ധേയമാണ്. സിംഗിള്‍ ഇനത്തിലും ഗ്രൂപ്പ് ഇനങ്ങളിലുമായി 800ലധികം കലാകാരന്മാര്‍ മാറ്റുരച്ച വേദിയായി മാറിയ റീജണല്‍ കലാമേളകള്‍ യുക്മക്കും യുക്മയെ സ്‌നേഹിക്കുന്നവര്‍ക്കും ഒരുപോലെ അഭിമാനമായി മാറി. പുതിയൊരു തുടക്കത്തിന്റെ ശംഖൊലിയായി മാത്രമായിരുന്നു റീജണല്‍ കലാമേളകള്‍. ദേശീയനേതൃത്വത്തിന്റെ പ്രതീക്ഷകളെ പോലും കവച്ചു വയ്ക്കുന്ന രീതിയിലാണ് ദേശീയ കലാമേളയിലേയ്ക്ക് ആളുകള്‍ ഒഴികിയെത്തിയത്. യുക്മയുടെ പ്രഥമ ദേശീയ കലാമേള 2010 നവംബര്‍ 13ം തീയതി ബ്രിസ്റ്റോളില്‍ സൗത്ത് മെഡിലുള്ള ഗ്രീന്‍ വേ സെന്ററില്‍ വച്ചു നടത്തപ്പെട്ടപ്പോള്‍ 3 സ്റ്റേജുകളിലായി 300ല്‍ അധികം കലാകാരന്മാരാണ് മാറ്റുരച്ചത്. ഈ മഹാമേള യു.കെയുടെ ചരിത്രത്തില്‍ യുക്മക്കു മാത്രം ചെയ്യാന്‍ കഴിഞ്ഞ ഒരു മഹാസംഭവമായി തങ്കലിപികളില്‍ ആലേഖനം ചെയ്യപ്പെട്ട ഒന്നായി മാറി.

മിഡ്‌ലാന്റ്‌സ് റീജണില്‍ നിന്നുള്ള ജനീറ്റ റോസ് തോമസ് (സ്‌ററഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്‍) കലാതികപട്ടം സ്വന്തമാക്കി. കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടത് ഈസ്‌ററ് ആംഗ്‌ളിയ റീജണിലെ കനേഷ്യസ് അത്തിപ്പൊഴിയാണ് (സൗത്തെന്റ് മലയാളി അസോസിയേഷന്‍). ഏറ്റവുമധികം പോയിന്റ് നേടിയ അസോസിയേഷനുള്ള അവാര്‍ഡ് ‘വര്‍ക്കി പാമ്പയ്ക്കല്‍ മെമ്മോറിയല്‍ എവര്‍റോളിങ് ട്രോഫി’ നേടിയത് മാഞ്ചസ്‌ററര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷനാണ്. ഏറ്റവുമധികം പോയിന്റ് നേടിയ റീജണുള്ള കലാമേളയുടെ ടൈറ്റില്‍ ട്രോഫി അവാര്‍ഡ് ‘ഡെയ്?ലി മലയാളം എവര്‍ റോളിങ് ട്രോഫി’ നേടിയത് സൗത്ത്ഈസ്‌ററ് സൗത്ത് വെസ്റ്റ് റീജിയണാണ്.

PICS LINK FOR 2010 UUKMA KALAMELA

https://picasaweb.google.com/100538813286620585991/UkmaKalolsavam2010Ukvartha

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.