സ്വന്തം ലേഖകന്‍: അങ്ങനെ പിസി ജോര്‍ജ്ജ് നിയമസഭക്ക് പുറത്തായി, പിസി ജോര്‍ജ്ജിനെ എംഎല്‍എ സ്ഥാനത്തു അയോഗ്യനാക്കി സ്പീക്കര്‍ ഉത്തരവിട്ടു. കൂറുമാറ്റ നിരോധന നിയമ പ്രകാരമാണ് ജോര്‍ജ്ജിനെ അയോഗ്യനാക്കിയത്. നേരത്തെ ജോര്‍ജ്ജിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് സ്പീക്കര്‍ എന്‍.ശക്തന് ഹര്‍ജി നല്‍കിയിരുന്നു.
നിയമവശങ്ങള്‍ പരിശോധിച്ച ശേഷമാകും ജോര്‍ജ്ജിന്റെ രാജിക്കത്ത് സ്വീകരിക്കുകയെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന് നല്കിയ പരാതി പരിഗണിച്ചായിരുന്നു സ്പീക്കറുടെ നടപടി. 2015 ജൂണ്‍ മൂന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ജോര്‍ജ്ജിനെ പുറത്താക്കിയത്. എന്നാല്‍, ഇക്കാലയളവില്‍ ജോര്‍ജ്ജിന് ലഭിച്ച ആനുകൂല്യങ്ങളൊന്നും തിരിച്ചെടുക്കില്ലെന്നു സ്പീക്കര്‍ വ്യക്തമാക്കി.
അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും സ്പീക്കര്‍ പറഞ്ഞു. എംഎല്‍എ സ്ഥാനത്തു നിന്നും താന്‍ പുറത്താകുമെന്നു നേരത്തെ മുന്നില്‍ കണ്ട ജോര്‍ജ്ജ് സ്വന്തം കൈപ്പടയില്‍ എഴുതിയ രാജിക്കത്ത് കഴിഞ്ഞ ദിവസമാണ് സ്പീക്കര്‍ക്ക് കൈമാറിയത്. എന്നാല്‍, ജോര്‍ജ്ജ് നല്കിയ രാജിക്കത്ത് തള്ളിക്കൊണ്ടാണ് ഇപ്പോഴത്തെ നടപടി.
രാജി സ്പീക്കര്‍ സ്വീകരിക്കാതിരുന്നത് ചട്ടലംഘനമാണെന്ന് പിസി ജോര്‍ജ്ജ് ഇതിനെതിരെ പ്രതികരിച്ചു. മുന്‍കാല പ്രാബല്യത്തോടെയുള്ള നടപടി മോശമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. തന്നെ അയോഗ്യനാക്കണമെന്നുള്ള ഗൂഢാലോചന നേരത്തെ നടന്നിരുന്നു. ഇതിന്റെ പിന്നിലുള്ള ബുദ്ധിയാരുടേതെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും പിസി ജോര്‍ജ്ജ് പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല