സ്വന്തം ലേഖകന്‍: ബക്കിങ്ങാം കൊട്ടാരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്പ്, മോദിക്ക് എലിസബത്ത് രാജ്ഞിയുടെ ഹസ്തദാനത്തോടെ സ്വീകരണം. പ്രധാനമന്ത്രിയുടെ യുകെ സന്ദര്‍ശനത്തിലെ പ്രധാന പരിപാടിയായിരുന്നു രണ്ടാം ദിനത്തിലെ രാജ്ഞിയൊരുക്കിയ വിരുന്ന്.
വെംബ്ലി സ്റ്റേഡിയത്തിലെ പ്രസംഗത്തിനു മുന്‍പായിരുന്നു കൊട്ടാരത്തിലെ സ്വീകരണം. 90,000 കോടി രൂപയുടെ നിക്ഷേപത്തിനാണ് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായത്. ഇതില്‍ ആണവക്കരാറും റയില്‍വേ റുപ്പി ബോണ്ടും ഉള്‍പ്പെടും. ബൗദ്ധിക സ്വത്തവകാശ നിയമം സംരക്ഷിക്കുന്നതില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നു പ്രധാനമന്ത്രി ഇംഗ്ലണ്ടിലെ വ്യവസായ സമൂഹത്തോടു വ്യക്തമാക്കി. ഇതു സംബന്ധിച്ച ദേശീയ നയം അന്ത്യഘട്ടത്തിലാണെന്നും ബ്രിട്ടിഷ് ബിസിനസ് സംഘവുമായുള്ള ആശയവിനിമയത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിനും ഭാര്യയ്ക്കുമൊപ്പമാണു നരേന്ദ്ര മോദി വെംബ്ലി സ്റ്റേഡിയത്തിലെത്തിയത്. അറുപതിനായിരം കാണികളുമായി ആര്‍ത്തിരമ്പി സ്റ്റേഡിയം പ്രധാനമന്ത്രിക്ക് സ്വാഗതമേകി. ഇന്ത്യയിലെ വൈദ്യുതി എത്താത്ത 18000 ഗ്രാമങ്ങളില്‍ ആയിരം ദിവസത്തിനുള്ളില്‍ വെളിച്ചമെത്തിക്കും എന്നായിരുന്നു സ്റ്റേഡിയത്തെ അഭിസംബോധന ചെയ്ത് മോദിയുടെ പ്രധാന പ്രസ്താവന.
മോദി പ്രവാസി ഇന്ത്യന്‍ സമൂഹത്തിനു വേണ്ടി പ്രഖ്യാപിച്ച പദ്ധതികള്‍ കാണികള്‍ ആരവത്തോടെ സ്വാഗതം ചെയ്തു.
ദുരിതമനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് സാമ്പത്തിക സഹായം നല്കാന് പദ്ധതിയായെന്നു പ്രഖ്യാപിച്ച മോദി ഇന്ത്യയിലെ വീസ നടപടിക്രമങ്ങള്‍ ലളിതമാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. ഇ–മൈഗ്രേഷന്‍ പോര്‍ട്ടല്‍ ആരംഭിക്കുമെന്നു പ്രഖ്യാപിച്ച മോദി അഹമ്മദാബാദില്‍നിന്നു ലണ്ടനിലേക്കു ഡിസംബര്‍ 15 മുതല്‍ നേരിട്ടുള്ള വിമാനസര്‍വീസ് തുടങ്ങുമെന്നും അറിയിച്ചു.
മോദിയുടെ സന്ദര്‍ശനത്തിനു ബ്രിട്ടിഷ് മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കിയെങ്കിലും പല റിപ്പോര്‍ട്ടുകളും അദ്ദേഹത്തെ ഹിറ്റ്ലറോട് ഉപമിച്ചുകൊണ്ടുള്ള വ്യാപക പ്രതിഷേധവും തുല്യ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല