1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 16, 2015

സ്വന്തം ലേഖകന്‍: ബെംഗളുരു എഞ്ചിനിയറിംഗ് കോളേജില്‍ വടകര സ്വദേശിക്ക് ക്രൂര പീഡനം, റാഗ് ചെയ്തതും മലയാളികള്‍. ഒന്നാം വര്‍ഷ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിയായ വടകര മേപ്പയില്‍ ജനതാ റോഡ് തെക്കെപറമ്പത്ത് അശ്വിന്‍ പ്രണവിനാണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമായ റാഗിങ് ഏറ്റുവാങ്ങേണ്ടി വന്നത്.

ബെംഗളുരു വിജയ വിറ്റല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ്ങ് കോളെജിലായിരുന്നു സംഭവം. ഓഗസ്റ്റ് 10ന് ക്ലാസില്‍ ചേര്‍ന്ന അശ്വിനെ അന്നുതന്നെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചെറിയരീതിയില്‍ റാഗ് ചെയ്തിരുന്നു. എന്നാല്‍ സംഭവം അശ്വിന്‍ വീട്ടില്‍ പറഞ്ഞതോടെ സെപ്തംബര്‍ 5 ന് കോളേജ് ഹോസ്റ്റലില്‍ വച്ച് രാത്രി 12 മണിമുതല്‍ പുലര്‍ച്ചെ നാലുമണിവരെ ക്രൂരമര്‍ദ്ദനത്തിനും റാഗിങ്ങിനും വിധേയനാക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് മര്‍ദിച്ചത്.

റാഗ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ അശ്വിന്റെ മൊബൈലില്‍ തന്നെ ഇവര്‍ പകര്‍ത്തുകയും ചെയ്തു. ഇതിന് ശേഷം പഠിപ്പ് നിര്‍ത്തി നാട്ടിലെത്തിയ അശ്വിന്‍ സംഭവങ്ങളൊന്നും വീട്ടുകാരോട് പറഞ്ഞിരുന്നില്ല. തുടര്‍ന്ന് കൗണ്‍സിലിങ്ങിന് വിധേയമാക്കിയ ശേഷമാണ് വീണ്ടും റാഗിങ്ങ് കഥ പുറത്തു വന്നത്.

സീനിയര്‍ വിദ്യാര്‍ത്ഥികളായ കൂത്തുപറമ്പ് സ്വദേശി അതുല്‍, ആലപ്പുഴയിലെ ജെറിന്‍ ജോയ്, പത്തനംതിട്ടയിലെ യദുദാസ് എന്നിവരാണ് അശ്വിനെ മര്‍ദ്ദിച്ചത്. ഇവര്‍ക്കെതിരെ കോളെജിലും ബെംഗളുരു പൊലീസ് കമ്മീഷണര്‍ക്കും പരാതിനല്‍കിയിട്ടുണ്ട്. റാഗ് ചെയ്ത വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. ഈ വിഷയത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി കര്‍ണ്ണാടക ആഭ്യന്തരമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. വടകര റൂറല്‍ എസ്.പിക്കും പരാതിനല്‍കാനൊരുങ്ങുകയാണ് അശ്വിന്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.