സ്വന്തം ലേഖകന്‍: പാരീസ് ഭീകരാക്രമണം, ജനരോഷം സിറിയന്‍ അഭയാര്‍ഥികള്‍ക്കു നേരെ തിരിയുന്നു, ആക്രമികള്‍ അഭയാര്‍ഥികളായി ഫ്രാന്‍സിലെത്തിയവരെന്ന് ആരോപണം. അഫോടനം നടന്ന സ്റ്റെദ് ഡി ഫ്രാന്‍സ് സ്റ്റേഡിയത്തിന് സമീപത്തുനിന്ന് സിറിയന്‍ പാസ്പോര്‍ട്ട് കണ്ടെത്തിയതാണ് പുതിയ വിവാദത്തിലേക്ക് വഴി തുറന്നത്.
1990ല്‍ ജനിച്ച ആളുടെ പാസ്പോര്‍ട്ടാണിത്. അഭയാര്‍ഥിയായി ഗ്രീസിലെത്തിയ ആളുടേതാണ് പാസ്പോര്‍ട്ട് എന്ന് അധികൃതര്‍ വ്യക്തമാക്കി. സ്ഫോടന സ്ഥലത്ത് നിന്ന് സിറിയന്‍ പാസ്പോര്‍ട്ട് ലഭിച്ചതു വഴി അഭയാര്‍ഥികളായി എത്തിയവരാണ് ആക്രമണത്തിന് പിന്നിലെന്ന് ഗ്രീസ് സ്ഥിരീകരിച്ചു. കൂടാതെ കൊല്ലപ്പെട്ട തീവ്രവാദികളുടെ വിരലടയാളം അഭയാര്‍ഥികളുടേതുമായി താരതമ്യം ചെയ്യണമെന്ന് ഗ്രീസിനോട് ഫ്രാന്‍സ് ആവശ്യപ്പെട്ടു.
രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി അഭയാര്‍ഥികളുടെ കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് യൂറോപ്യന്‍ യൂണിയന് അംഗരാജ്യങ്ങളില്‍ നിന്ന് ശക്തമായ ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. അഭയാര്‍ഥികളെ സ്വീകരിക്കുന്നതിനെ എതിര്‍ക്കുന്ന പോളണ്ടും ചെക് റിപ്പബ്ലിക്കും കടുത്ത വിമര്‍ശവുമായി രംഗത്തെത്തി. ഇതോടെ മൃദുസമീപനം സ്വീകരിച്ചിട്ടുള്ള രാജ്യങ്ങളും അഭയാര്‍ഥികളെ സ്വീകരിക്കുന്നതില്‍ നിലപാട് ശക്തമാക്കും. എട്ട് ലക്ഷത്തിലധികം അഭയാര്‍ഥികള്‍ കടല്‍ കടന്ന് യൂറോപ്പില്‍ എത്തിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ശനിയാഴ്ച പാരിസില്‍ ആറിടത്തുണ്ടായ ഭീകരാക്രമണത്തില്‍ 140 പേര് കൊല്ലപ്പെട്ടിരുന്നു. 352 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 90 പേരുടെ നില ഗുരുതരമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല